|    Aug 19 Sat, 2017 9:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം : അന്വേഷണ കമ്മീഷന്‍ മൊഴിയെടുക്കല്‍ തുടങ്ങി

Published : 4th August 2017 | Posted By: fsq

 

കൊച്ചി: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീക്ഷന്‍ മൊഴി എടുക്കലാരംഭിച്ചു. കൊല്ലം മുന്‍ ജില്ലാ കലക്ടറായിരുന്ന ഷൈനാമോള്‍ ഇന്നലെ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കപ്പെട്ടിരുന്നെങ്കില്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ഉണ്ടാവുമായിരുന്നില്ലെന്ന് ഷൈനാമോള്‍ പറഞ്ഞു. 2016 ഫെബ്രുവരിയിലാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ വെടിക്കെട്ട് നടത്താന്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ അന്നത്തെ എഡിഎം ആയിരുന്ന മധുഗംഗാധരന് കൈമാറി. വെടിക്കെട്ടിന് അനുമതി നല്‍കാനുള്ള ചുമതല എഡിഎമ്മിനാണുള്ളത്. പിന്നീട് ഷാനവാസ് എഡിഎമ്മായി ചുമതലയേറ്റു. വെടിക്കെട്ടിനുള്ള അപേക്ഷയിന്മേല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ റിപോര്‍ട്ട് തേടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ എട്ടിന് അപേക്ഷ നിരസിക്കുകയും ചെയ്തു. ഇക്കാര്യം പോലിസ് ഉദ്യോഗസ്ഥരേയും റവന്യൂ വകുപ്പ് അധികൃതരേയും അറിയിച്ചിരുന്നതായും ഷൈനാമോള്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിനായി എട്ടാം തിയ്യതി തിരുവനന്തപുരത്തേക്ക് പോയി. അപകടമുണ്ടായപ്പോള്‍ സംഭവ സ്ഥലത്തുവച്ച് പോലിസ് ചീഫിനോട് ആരാണ് വെടിക്കെട്ടിന് അനുമതി നല്‍കിയതെന്ന് ചോദിച്ചിരുന്നു. മല്‍സര കമ്പമല്ല പരമ്പരാഗത വെടിക്കെട്ടാണ് നടന്നതെന്നായിരുന്നു മറുപടി. ഒരുവിധത്തിലുള്ള വെടിക്കെട്ടിനും അനുമതി നല്‍കാന്‍ പോലിസിന് അധികാരമില്ലെന്ന് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നതായും ഷൈനാമോള്‍ മൊഴി നല്‍കി. 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെയാണ് 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക