|    Mar 30 Thu, 2017 12:13 pm
FLASH NEWS

പുറ്റിങ്ങല്‍: മരിച്ച കരാറുകാരന്റെ വീട്ടുവളപ്പില്‍ ഉഗ്ര സ്‌ഫോടനം

Published : 18th September 2016 | Posted By: mi.ptk

puttingal

കഴക്കൂട്ടം: നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ വീട്ടുവളപ്പില്‍ ഉഗ്രസ്‌ഫോടനം. സ്‌ഫോടനത്തില്‍ മതില്‍ തകരുകയും തൊട്ടടുത്ത വീടിന്റെ ജനാലയ്ക്കു കേടുപാടുണ്ടാവുകയും ചെയ്്തു. കഴിഞ്ഞദിവസം രാത്രി 12.30ഓടെ കഴക്കൂട്ടം എഫ്‌സിഐക്കു സമീപമുള്ള സുരേന്ദ്രന്റെ കുടുംബവീടായ തെക്കേമുക്ക് ശാന്തി നിവാസിലാണ് സംഭവം. പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് സുരേന്ദ്രന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പടക്കങ്ങള്‍ വീടിനു പിന്നിലെ പുരയിടത്തിലുള്ള മുറിയില്‍ സീല്‍ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അതിനടുത്താണ് ഇപ്പോള്‍ പൊട്ടിത്തെറി ഉണ്ടായത്. മാസങ്ങള്‍ക്കുശേഷം ഇപ്പോഴുണ്ടായ സ്‌ഫോടനം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടെന്നാണ് സുരേന്ദ്രന്റെ കുടുംബത്തിന്റെ ആരോപണം.എന്നാല്‍, സീല്‍ ചെയ്തു സൂക്ഷിക്കുന്ന മുറിയിലെ സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിതമാണെന്നാണ് പോലിസ് പറയുന്നത്. ഇവിടെയും സുരേന്ദ്രന്റെ കഴക്കൂട്ടത്തെ ബില്‍ഡിങിലും പോലിസ് പിടിച്ചെടുത്ത് സീല്‍ ചെയ്ത സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനു കൊച്ചിയില്‍ നിന്നുമുള്ള ബോംബ് നിര്‍വീര്യ വിദഗ്ധര്‍ എത്തിയിരുന്നു. ആള്‍ത്താമസം ഇല്ലാത്ത പ്രദേശത്തെ പാറമടകളില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കാനാണ് അന്ന് പദ്ധതിയിട്ടത്. എന്നാല്‍, അതിനു സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞു മാറ്റിവയ്ക്കുകയും ഉദേ്യാഗസ്ഥര്‍ തിരിച്ചുപോവുകയുമായിരുന്നു. ഇവിടങ്ങളില്‍ കുറച്ചുനാള്‍ മുമ്പുവരെ പോലിസ് സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞശേഷം അറസ്റ്റിലായ മക്കള്‍ മൂന്നരമാസത്തെ ജയില്‍വാസത്തിനു ശേഷം കഴിഞ്ഞമാസമാണു ജാമ്യത്തിലിറങ്ങിയത്. ഇപ്പോള്‍ സ്‌ഫോടനം ഉണ്ടാക്കിയ വസ്തുക്കള്‍ രാത്രിയില്‍ ആരെങ്കിലും പുറത്തുനിന്ന് കൊണ്ടുവന്നു പൊട്ടിച്ചതാണോയെന്നും പോലിസ് പരിശോധിച്ചുവരുന്നുണ്ട്. വിരലടയാള വിദഗ്ധരും സൈന്റിഫിക് വിഭാഗവും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് കഴക്കൂട്ടം അസിസ്റ്റന്റ്് കമ്മീഷണര്‍ പ്രമോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day