|    Apr 30 Sun, 2017 6:40 am
FLASH NEWS

പുറ്റിങ്ങല്‍ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രാജിക്കത്ത് നല്‍കി

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ സര്‍ക്കാരിന് രാജിക്കത്തു നല്‍കി. കമ്മീഷന്റെ പ്രവര്‍ത്തനത്തിനു വേണ്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിനെ രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് കമ്മീഷന്‍ രാജിക്കത്ത് കൈമാറിയത്.
ഇത് ആദ്യമായാണ് അന്വേഷണം തുടങ്ങും മുമ്പ് സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ രാജിക്കൊരുങ്ങുന്നത്. അതേസമയം, കമ്മീഷന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാനിടയില്ലെന്നാണ് ലഭിക്കുന്ന വിവരം. രാജിക്കത്ത് ലഭിച്ചതിനു പിന്നാലെ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ജസ്റ്റിസ് കൃഷ്ണന്‍ നായരുമായി ഫോണില്‍ സംസാരിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കാലാവധി നീട്ടിനല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിക്കത്ത് നല്‍കിയതെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നുമാണ് കമ്മീഷന്റെ വിശദീകരണം. കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ഉണ്ടായത്.
ഏപ്രില്‍ 21ന് പുറ്റിങ്ങല്‍ ദുരന്തം അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായരെ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു. മെയ് രണ്ടിന് അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. ആറുമാസമായിരുന്നു കമ്മീഷന്റെ കാലാവധി. എന്നാല്‍, കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിനല്‍കിയില്ല. കമ്മീഷന്റെ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഓഫിസ്, ഫണ്ട്, ജീവനക്കാര്‍ തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാരില്‍ നിന്ന് വ്യക്തത ലഭിക്കാതിരുന്നത്. കമ്മീഷന്‍ അന്വേഷിക്കേണ്ട വിഷയങ്ങള്‍ പോലും നിശ്ചയിച്ചുനല്‍കിയത് അടുത്തിടെയാണ്.
തുടര്‍ന്ന് ഒക്ടോബറില്‍ കമ്മീഷന്റെ കാലാവധി അവസാനിച്ചു. ഇതേത്തുടര്‍ന്ന് കാലാവധി നീട്ടാനുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്ക് നല്‍കി. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ കാലാവധി നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇക്കാര്യം പരിഗണിച്ചില്ല. ഇതോടെ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധമറിയിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. എന്നിട്ടും ഫലമുണ്ടാവാതെ വന്നതോടെയാണ് രാജിയെന്നാണ് റിപോര്‍ട്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day