|    Sep 27 Wed, 2017 1:31 am

പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തല്‍; നടപടികള്‍ തുടങ്ങി

Published : 21st October 2016 | Posted By: SMR

നെടുമ്പാശ്ശേരി: അത്താണി-മാഞ്ഞാലി റോഡ് വീതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. ചുങ്കം ജങ്ഷനില്‍നിന്നാണ് ഇന്നലെ രാവിലെ മുതല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ട് താലൂക്ക് സര്‍വെയര്‍മാരുടെ നേതൃത്വത്തില്‍ അളന്ന് കണ്ടെത്തുന്ന പുറമ്പോക്ക് പൊതുമരാമത്ത് ഉദേ്യാഗസ്ഥര്‍ കല്ലിട്ട് ഏറ്റെടുക്കുകയാണ്. പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദേ്യാഗസ്ഥര്‍ അപ്പോള്‍ തന്നെ ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കുകയാണ്. കുന്നുകര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുന്ന പൊതുമരാമത്ത് പുറമ്പോക്ക് ഭൂമി വീണ്ടെടുത്ത് റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ പൊതുജനങ്ങളില്‍നിന്നും വന്‍ സ്വീകാര്യതയാണ് ലഭ്യമായത്. സര്‍ക്കാര്‍ നടപടികളുമായി ഭൂഉടമകളും പൂര്‍ണമായും സഹകരിക്കുകയാണ്. പൊതുമരാമത്ത് പുറംപോക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ ഒരാള്‍ പോലും എതിര്‍പ്പുമായി രംഗത്തുവന്നില്ല എന്നതും ശ്രദ്ധേയമാണ്. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കളും നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി രംഗത്തുണ്ട്.റോഡ് വീതി കൂട്ടുന്നതിനുവേണ്ടി കുന്നുകര ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും രാഷട്രീയ- സാമൂഹിക സംഘടനകള്‍ക്കും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ നന്ദി പറഞ്ഞു. അത്താണി-മാഞ്ഞാലി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ റോഡിന്റെ അപര്യാപ്തത പരിഹരിക്കാന്‍ പൊതുജനങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി റോഡിന്റെ ഇരുവശങ്ങളിലുള്ളവരും പൂര്‍ണ സഹകരണമാണ് നല്‍കുന്നത്. അടുത്തിടെയുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരും മരണമടയുകയും ചെയ്തു. ഈ അപകടങ്ങളുടെ വ്യാപ്തി നേരില്‍ കണ്ട അനുഭവസ്ഥര്‍ എന്ന നിലയില്‍ കൂടി ഇനി ഒരു മനുഷ്യ ജീവന്‍ പോലും റോഡില്‍ പൊലിയരുത് എന്ന ഉദ്ദേശത്തോടെയാണ് പൊതുജനങ്ങള്‍ പൂര്‍ണ പിന്തുണയുമായി കൂടെയുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി യു ജബ്ബാര്‍, പി വി തോമസ്, ഷിജി പ്രിന്‍സ്, എം പി തോമസ്, ടി കെ അജികുമാര്‍, രതി സാബു, ഷീബ പോള്‍സന്‍, ഷിജി ജോഷി, ഷീജ ഷാജി, പൊതുമരാമത്ത് അസി. എക്‌സി. എന്‍ജിനീയര്‍ വി രാമചന്ദ്രന്‍, താലൂക്ക് സര്‍വയര്‍മാരായ സുരേഷ് ബാബു, രാജീവ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം എ അബ്ദുല്‍ ജബ്ബാര്‍, പി കെ അജികുമാര്‍, ഇ എം സബാദ്, എസ് ബിജു, ഷാജി മൂത്തേടന്‍, എം എ സുധീര്‍, എം കെ ഷാജി, ടി എം സതീശന്‍, ഹരിദാസ് ആവണി, കുഞ്ഞന്‍ മരയ്ക്കാര്‍, സജീവ് കോടിയത്ത്, കെ കെ അശോകന്‍, മുജീബ് വയല്‍കര, എ എ അബ്ദുല്‍ റഹ്മാന്‍കുട്ടി നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക