|    Mar 24 Fri, 2017 1:43 pm
FLASH NEWS

പുറമ്പോക്ക് ഭൂമി കൈയേറി വീട് നിര്‍മാണം; ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട് പൂര്‍ണമായും പൊളിച്ച് മാറ്റി

Published : 29th August 2016 | Posted By: SMR

പുതുക്കാട്: നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുക്കരയില്‍ പുറമ്പോക്ക് ഭൂമി കൈയ്യേറി വീട് നിര്‍മിച്ചത് അധികൃതര്‍ പൊളിച്ചുനീക്കി. പിഡബ്ലിയുഡി റോഡ് കൈയ്യേറി നിര്‍മിച്ച ഐത്താടന്‍ കുട്ടന്റെ വീടാണ് അധികൃതര്‍ പൊളിച്ചുനീക്കിയത്. കയ്യേറ്റം പൊളിച്ചു നീക്കുന്നതിനുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് വീട് പൂര്‍ണ്ണമായും പൊളിച്ച് മാറ്റിയത്.
ഞായറാഴ്ച രാവിലെ ജെസിബിയുമായി എത്തിയ പിഡബ്ലിയുഡി എഎക്‌സ് ഇ പ്രേംജി ലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതുക്കാട് പോലിസിന്റെ സഹായത്തോടെ വീട് പൊളിച്ചു നീക്കുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ട് തീര്‍ത്ത ഓലമേഞ്ഞ വീട് റോഡിനോട് ചേര്‍ന്നാണ് ഇയാള്‍ നിര്‍മിച്ചിരുന്നത്.
വീടിനുള്ളിലെ സാമഗ്രികള്‍ എടുത്തുമാറ്റാന്‍ ഉദേ്യാഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും വീട്ടുകാര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഉദേ്യാഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.
വര്‍ഷങ്ങളായി വീട് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും നാട്ടുകാരും രംഗത്തുണ്ടായിരുന്നു.
800 ഓളം പേര്‍ ചേര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വീട് പൊളിച്ചു നീക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇതിനെതിരേ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങുകയായിരുന്നു. പിന്നീട് പഞ്ചായത്തും, പിഡബ്ലിയുഡിയും, ചില നാട്ടുകാരും ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നു. കേസ് പരിഗണിച്ച ഹൈക്കോടതി വീട്ടുകാരുടെ പരാതി തള്ളിയാണ് വീട് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.
അപകട മേഖലയായ റോഡിന്റെ വളവിലാണ് ഇയാള്‍ വീട് നിര്‍മിച്ച് കുടുംബത്തോടെ താമസമാരംഭിച്ചിരുന്നത്. വീട് പൊളിച്ചു മാറ്റി പകരം മറ്റൊരു  സ്ഥലത്ത് വീട് നിര്‍മിച്ചു നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടും ഇയാള്‍ അത് അവഗണിക്കുകയായിരുന്നു. വീടിനോട് ചേര്‍ന്ന് മണലി പുഴയോരത്ത് ഇറിഗേഷന്‍ ഭൂമി കൈയ്യേറി ഇയാള്‍ നിര്‍മിച്ച ശുചിമുറി അടുത്ത ദിവസം പൊളിച്ചു നീക്കുമെന്നും അധികൃതര്‍ അറിയിച്ചു.

(Visited 45 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക