|    Mar 22 Thu, 2018 6:05 am
FLASH NEWS

പുറമ്പോക്ക് കുളം പതിച്ചുനല്‍കാന്‍ അങ്കമാലി നഗരസഭ നടത്തുന്ന നടപടികള്‍ വിവാദത്തില്‍

Published : 28th October 2016 | Posted By: SMR

അങ്കമാലി: പുറമ്പോക്ക് കുളം സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കാന്‍ അങ്കമാലി നഗരസഭ നടത്തുന്ന നടപടികള്‍ വിവാദത്തില്‍. അങ്കമാലി നഗരസഭയിലെ നാലാം വാര്‍ഡില്‍പെട്ട അങ്കമാലി പോലിസ് സ്‌റ്റേഷന് പിന്‍ഭാഗത്തെ പത്ത് സെന്റോളംവരുന്ന പുറമ്പോക്ക് കുളം പരിസരവാസികളായ മൂന്നുപേര്‍ക്ക് പതിച്ചുനല്‍കാന്‍വേണ്ടി ഭരണകക്ഷിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രമേയം അവതരിപ്പിച്ചതാണ് വിവാദമാവുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുളം നികത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത് അറിവുണ്ടായിട്ടും കുളം നികത്തി സമീപത്തെ മൂന്നുപേരില്‍ പതിച്ചുനല്‍കുന്നത് സമീപത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ഫഌറ്റിന്റെ വാഹന പാര്‍ക്കിങ് ലക്ഷ്യമാക്കിയാണെന്ന് ചൂണ്ടിക്കാട്ടി പ്രമേയത്തെ എതിര്‍ത്ത് കൗണ്‍സില്‍ യോഗത്തില്‍നിന്ന് കോ ണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. റവന്യൂ പുറമ്പോക്കില്‍പെട്ട ഈ കുളം പതിറ്റാണ്ടുകളായി ഭീമമായ തുക ചെലവഴിച്ച് നഗരസഭയാണ് ചുറ്റുവശങ്ങള്‍ കെട്ടി സംരക്ഷിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിവരുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ കാലഘട്ടത്തില്‍ കുളം സംരക്ഷിക്കുന്നതിനു പകരം നികത്തുന്ന നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. ഫഌറ്റ് നിര്‍മാണക്കാര്‍ സര്‍ക്കാര്‍ പുറമ്പോക്ക് കൈയടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കൂടാതെ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുംചെയ്തു. പുറമ്പോക്ക് ഭൂമി കൈവശപെടുത്താന്‍ ഫഌറ്റ് ഉടമ എല്‍ഡിഎഫ് ഭരണസമിതിയുമായി പല തവണ ചര്‍ച്ച നടത്തിയതിന്റെ ഫലമായിട്ടാണ് ഭൂരഹിതരുടെ പേരില്‍ പുറമ്പോക്ക് കുളം കൊടുത്തതിനു ശേഷം സ്ഥലം കൈവശപ്പെടുത്താന്‍ ശ്രമം നടത്തുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കൗണ്‍സിലില്‍ കുളം നികത്തുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് പോന്നതായും ഇവര്‍ പറഞ്ഞു. ഈ എതിര്‍പ്പ് അവഗണിച്ച് പതിനായിരത്തില്‍പരം പേര്‍ക്ക് ഗുണം ചെയ്യുന്ന കുളം നികത്തുന്ന നടപടികളുമായി മുന്നോട്ടുപോവുന്നതു മൂലമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പരാതിയുമായി മുന്നോട്ടുവന്നത്. ഭൂരഹിതരായ പട്ടികജാതിക്കാരെ പുനരധിവസിപ്പിക്കുന്നതിന് പിച്ചാനിക്കാട് അര ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച ഫഌറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുപോലെ അയ്യായി പാടത്ത് 1.47 ഏക്കര്‍ സ്ഥലവും പുനരധിവാസം ലക്ഷ്യമാക്കി വാങ്ങിയിട്ടുള്ളതാണ്. കവരപറമ്പില്‍ ഭൂരഹിതര്‍ക്കായി ആരംഭിച്ച ശാന്തി ഭവന്‍ പദ്ധതിയും നിലവിലുണ്ട്. പട്ടികജാതിക്കാര്‍ അടക്കമുള്ള ഭൂരഹിതരെയും മറ്റും പുനരധിവസിപ്പിക്കാന്‍ പല സംവിധാനങ്ങളും നിലവിലുണ്ടായിരിക്കെ അഴിമതിയും സ്വജനപക്ഷപാതവും ലക്ഷ്യമാക്കിയുള്ള ഭരണപക്ഷത്തിന്റെ നീക്കുപോക്കില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി ഫളാറ്റ് ഉടമയെ സഹായിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കാന്‍ നടത്തുന്ന തട്ടിപ്പിനെതിരേ പരാതി നല്‍കുന്നതിനും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ടി ടി ദേവസിക്കുട്ടി, റീത്താ പോള്‍, റെജി മാത്യൂ, അഡ്വ. സജി ജോസഫ്,  ഷെല്‍സി ജിന്‍സന്‍, ബിനി ബി നായര്‍, കെ ആര്‍ സുബ്രന്‍, എം എ സുലോചന, ബാസ്റ്റിന്‍ പാറയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss