|    Oct 19 Thu, 2017 10:13 pm
FLASH NEWS

പുറമണ്ണൂര്‍ മജ്‌ലിസ് കോളജില്‍ മാഗസിന് അനുമതി നിഷേധിച്ചു

Published : 3rd August 2017 | Posted By: fsq

 

മലപ്പുറം: വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മാഗസിന് മാനേജ്‌മെന്റ് അനുമതി നിഷേധിച്ചു. ‘വാഗ  ദ ട്രെയിന്‍ ടു പാക്കിസ്ഥാന്‍’ എന്ന മാഗസിനാണ് വിലക്കേര്‍പ്പെടുത്തിയത്.  മാഗസിനില്‍ പ്രിന്‍സിപ്പലടക്കം നിര്‍ദേശിച്ച തിരുത്തലുകള്‍ വരുത്തിയിട്ടും തടഞ്ഞുവച്ചതായി എസ്എഫ്‌ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് പോലിസിന്റെ സാനിധ്യത്തില്‍ മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ് ലംഘിച്ചും മാഗസിന്‍ പുറത്തിറക്കാന്‍ അനുമതി നിഷേധിക്കുകയാണ്. കല്‍ബുര്‍ഗി, ജുനൈദ് എന്നിവരെക്കൂടാതെ രോഹിത് വെമുല, ജിഷ്ണു പ്രണോയ്, റിയാസ് മൗലവി, കൊടിഞ്ഞി ൈഫസല്‍ എന്നിവര്‍ക്കാണ് മാഗസിന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ ‘കോട്ടിട്ട തമ്പ്രാന്റെ കല്‍പനകള്‍’ എന്ന ലേഖനവും മാഗസിനില്‍നിന്ന് ഒഴിവാക്കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തെറ്റുകളോ അശ്ലീലമോ നിയമവിരുദ്ധമായ കാര്യങ്ങളോ ഇല്ലെന്ന് ബോധ്യമുള്ളതിനാല്‍ ഈ ലേഖനവും ചിത്രവും മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാര്‍ രാജ്യത്തിന് പുറത്തുപോവാന്‍ കല്‍പിച്ച കലാകാരന്മാര്‍ വാഗാ അതിര്‍ത്തിയിലെ ഓരോ റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്നതിന്റെ വിവരണമാണ് മാഗസിന്റെ പ്രധാന ആകര്‍ഷണം. മാഗസിന്‍ പുറത്തിറക്കിയാല്‍ സംഘര്‍ഷമുണ്ടാവുമെന്നാണ് മുസ്്‌ലിംലീഗ് അനുകൂല മാനേജ്‌മെന്റിന്റെ നിലപാട്. സ്റ്റാഫ് എഡിറ്ററുടെ സമ്മതത്തെ മറികടന്നാണ് പ്രിന്‍സിപ്പലിന്റെ വിലക്ക്. കോളജിലെ ഒരു വിദ്യര്‍ഥിക്ക് നല്‍കി സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് റഫീഖ് മാഗസിന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മാനേജ്‌മെന്റ് നിലപാടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ എ സക്കീര്‍, ഏരിയാ സെക്രട്ടറി എം ഫൈസല്‍, കവിത മേനോന്‍, മുഹമ്മദ് റഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക