|    Aug 18 Fri, 2017 4:58 am
FLASH NEWS

പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ്്; നവംബര്‍ 5 നകം പൂര്‍ത്തിയാക്കും: കലക്ടര്‍

Published : 27th October 2016 | Posted By: SMR

നെടുമ്പാശ്ശേരി: പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് പുറപ്പിളളിക്കാവില്‍ നിര്‍മിക്കുന്ന റെഗുലേറ്റര്‍ നവംബര്‍ 5 നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സാധാരണയായി നവംബര്‍ അവസാനത്തോടെയാണ് താല്‍ക്കാലിക ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്നും ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുപ്പത് ശതമാനത്തോളം മഴയുടെ ലഭ്യത കുറഞ്ഞതാണ് നേരത്തേ തന്നെ പെരിയാര്‍ ഉപ്പ് വെള്ള ഭീഷണിയിലാവാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക പ്രതിസന്ധിയും നിലവിലില്ലെന്നും ഇക്കാരണത്താല്‍ നിര്‍മാണം തടസ്സപ്പെടുന്ന സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഗുലേറ്റര്‍ സ്ഥാപിക്കുന്ന നടപടി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരികരിക്കാന്‍, നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ആകെയുള്ള 23 ഷട്ടറുകളില്‍ ആറ് ഷട്ടറുകള്‍ സ്ഥാപിക്കുന്ന നടപടിയാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. അടുത്ത ദിവസം സ്ഥാപിക്കാനുള്ള എട്ട് ഷട്ടറുകള്‍ കൂടി നിര്‍മാണം നടക്കുന്ന സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനായി ഒരു ക്രയിന്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നിര്‍മാണം വേഗത്തിലാക്കാന്‍ ഒരു ക്രയിന്‍ കൂടി എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. റെഗുലേറ്ററിനോടൊപ്പം നിര്‍മിക്കുന്ന പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണികള്‍ പൂര്‍ത്തിയാക്കാന്‍ പത്ത് മാസം കൂടി കാലാവധി ഉണ്ടെങ്കിലും അതിനു മുന്‍പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുറപ്പിള്ളിക്കാവ് റെഗുലേറ്ററിന്റെ ഭാഗമായ ചെറിയ തേയ്ക്കാനം സഌയിസ് അറ്റകുറ്റപണി നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു, അംഗം എ എം അലി, തഹസില്‍ദാര്‍ പി രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ആര്‍ മുകുന്ദന്‍, വില്ലേജ് ഓഫിസര്‍ ടി ആര്‍ സംഗീത്, കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് വൈസ് പ്രസിഡന്റ് എം എ സുധീര്‍, സിപിഐ നേതാവ് എസ് ബിജു, സി എം മജീദ്, എ എ അബ്ദുര്‍റഹ്മാന്‍ കുട്ടി, നസീര്‍ പാത്തല, ടി എം ദിബിന്‍, മൈനര്‍ ഇറിഗേഷന്റെയും പൊതുമരാമത്ത് വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക