|    Apr 23 Mon, 2018 3:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുറത്തുവരുന്ന മാധ്യമവാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ല; കാണാതായവരെല്ലാം ഐഎസില്‍ പോയെന്നു പറയാനാവില്ല : ചെന്നിത്തല

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍നിന്നു കാണാതായവരെക്കുറിച്ചു പുറത്തുവരുന്ന മാധ്യമവാര്‍ത്തകള്‍ക്കൊന്നും സ്ഥിരീകരണമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഭ്യൂഹങ്ങളും ആശങ്കാജനകവുമായ വാര്‍ത്തകള്‍ വരുന്നത് ഒഴിവാക്കാന്‍ നിജസ്ഥിതി സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളികളുടെ തിരോധാനം സംബന്ധിച്ച് നിയമസഭയി ല്‍ സബ്മിഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്നു കാണാതായവരെല്ലാം ഐഎസ്സില്‍ പോയെന്നു പറയാന്‍ പറ്റില്ല. കേരളത്തില്‍ കാണാതാവുന്ന കേസുകള്‍ ധാരാളം ഉണ്ടാവാറുണ്ട്. എല്ലാ ജില്ല—യില്‍നിന്നും ഇത്തരം സംഭവങ്ങ ള്‍ പുറത്തുവരുന്നുണ്ട്. ഇ-മെയില്‍ വഴിയും വാട്‌സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ധാരാളം വാര്‍ത്തകളാണു പ്രചരിക്കുന്നത്.
നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും ഗൗരവമായി കാണണം. സമാധാനാന്തരീക്ഷത്തിനും മതസൗഹര്‍ദത്തിനും പുരോഗമന ആശയങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ വരുന്നതിനെ സര്‍ക്കാര്‍ അതീവഗൗരവത്തോടെ കാണണം. ഐഎസി ല്‍ ചേര്‍ന്നെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നു. അതുകൊണ്ട് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. എല്ലാ കാര്യവും സ്വാഭാവികമായി സര്‍ക്കാരിനു പുറത്തുപറയാനാവില്ല. സംസ്ഥാന സര്‍ക്കാരിനു പുറത്തുപറയാവുന്ന കാര്യങ്ങള്‍ സഭയെയും ജനങ്ങളെയും അറിയിക്കണം. അത്തരത്തില്‍ ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍നിന്ന് 19 പേര്‍ ഐഎസിലെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണു കാണുന്നത്. ലോകത്തിന്റെ പല ഭാഗത്തും ഐഎസ് നടത്തുന്ന അക്രമങ്ങള്‍ ആശങ്കാജനകമാണ്.
നേരത്തെ വിദേശത്തു പോയവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഐഎസുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ഗള്‍ഫില്‍ ജോലിചെയ്ത നാലുപേരെ തിരിച്ചയച്ചിരുന്നു. ഏതുരീതിയിലുള്ള തീവ്രവാദവും എതിര്‍ക്കപ്പെടേണ്ടതാണ്.
മതേതര വിശ്വാസികളും രാഷ്ട്രീയകക്ഷികളും ഇക്കാര്യത്തില്‍ ശക്തമായ നിലപാടു സ്വീകരിക്കുന്നു എന്നത് ആശ്വാസകരമാണ്. ആഭ്യന്തരസുരക്ഷ ശക്തമാക്കുന്നതിനായി കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയം മാറ്റിവച്ച് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിനിയെ മതംമാറ്റിയതായി പോലിസിനെ ബന്ധുക്കള്‍ വിവരം അറിയിച്ചിട്ടും നടപടിയെടുത്തില്ല. മതംമാറാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഐഎസിനുവേണ്ടി പങ്കുചേര്‍ന്നു പോരാടുന്ന സാഹചര്യത്തിനു തടയിടാന്‍ ശക്തമായ നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീതിജനകമായ അന്തരീക്ഷത്തിന് അറുതിവരുത്തണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്തുവരുന്ന ഭീതിജനകമായ വാര്‍ത്തകള്‍ മതസ്പര്‍ധ വളര്‍ത്താനിടയാക്കുന്നതാണെന്ന് എം രാജഗോപാ ല്‍ ചൂണ്ടിക്കാട്ടി.
ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമം: ഷാനവാസ് എംപി
തിരുവനന്തപുരം: യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചിലര്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് എം ഐ ഷാനവാസ് എംപി പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിം പുണ്യകേന്ദ്രങ്ങളിലടക്കം അക്രമം അഴിച്ചുവിട്ട് ഐഎസ് ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുകയാണ്.
ഇന്ത്യയിലാകമാനമുള്ള മുസ്‌ലിം പണ്ഡിതന്മാരും സംഘടനകളും ഐകകണ്‌ഠ്യേനെ മതവുമായി ബന്ധമില്ലാത്ത ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെ ശത്രുവായി പ്രഖ്യാപിക്കാന്‍ മുന്നോട്ടുവന്നത് ശ്ലാഘനീയമാണ്. ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ തെറ്റായ മാര്‍ഗമാണ് അവര്‍ പുല്‍കിയതെങ്കില്‍ മതവും സമൂഹവും സ്വന്തം കുടുംബം പോലും അവരെ തള്ളിപ്പറയാന്‍ മുന്നോട്ടു വന്നതിലൂടെ നമ്മുടെ നാടിന്റെ തീവ്രവാദവിരുദ്ധ മനസ്സാണു വെളിവാകുന്നത്. യാഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ, ചിലര്‍ സ്വയം വിധികര്‍ത്താക്കളായി ചമഞ്ഞ് ഊഹങ്ങളെ സാമാന്യവല്‍ക്കരിച്ച് ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുകയാണ്.
ഒരുമിച്ച് എതിര്‍ക്കേണ്ട തിന്മകള്‍ക്കു മുന്നില്‍ മതത്തിന്റെ വേലി തീര്‍ക്കുന്നവര്‍ പരോക്ഷമായി തിന്മയെ സഹായിക്കുകയാണ്. തിരോധനവിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ അന്തിമവിവരം പുറത്തുവിടുന്നതു വരെ ഊഹാപോഹങ്ങള്‍ ആഘോഷമാക്കുന്നവരെ കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരസംഘടനകള്‍ വളരുന്നത് സാമ്രാജ്യത്വ പിന്തുണയോടെ: സിപിഐ
തിരുവനന്തപുരം: സാമ്രാജ്യത്വ പിന്തുണയോടെ സൃഷ്ടിക്കപ്പെടുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഭീകര സംഘടനകള്‍ മതത്തെ മറയാക്കുകയാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രമേയം. ഇത്തരം സംഘടനകള്‍ക്ക് ഭാരതത്തിലും കേരളത്തിലും വളക്കൂറുള്ള മനസ്സുകള്‍ ഉണ്ടാവുന്നു എന്നത് ഗൗരവതരമായ കാര്യമാണ്. ഇതിനെല്ലാം ഊര്‍ജം പകര്‍ന്നുനല്‍കാന്‍ നടത്തുന്ന പരിശ്രമത്തെ ഏതുവിധേനയും എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതാണ്.
ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ഥം സമാധാനം എന്നാണ്. ഭീകരവാദവുമായി ഒരിക്കലും ചേര്‍ന്നുനില്‍ക്കാന്‍ കഴിയാത്ത മതമാണ് ഇസ്‌ലാം. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായ ഒരു മതത്തിന്റെയും പ്രവാചകന്റെയും പേരില്‍ കൊലപാതകങ്ങളുടെ പരമ്പരകള്‍ തീര്‍ക്കുന്നതും ജനതയില്‍ ഭീതി പടര്‍ത്തുന്നതുമെല്ലാം അനിസ്‌ലാമികം തന്നെയാണ്. ഇക്കാര്യത്തില്‍ പരസ്യമായ നിലപാടെടുക്കാനും ഭീകരതയെ തള്ളിപ്പറയാനുമാണ് മതസംഘടനകള്‍ തയ്യാറാവേണ്ടത്. യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരാന്‍ പരിശ്രമിക്കുന്നതിനു പകരം ആരോപണ വിധേയരായവര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് മുസ്‌ലിംലീഗ് നേതാക്കള്‍ സ്വീകരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss