|    Nov 20 Tue, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പുറത്തായ 10 ശതമാനം പേരുടെ വിവരങ്ങള്‍പുനപ്പരിശോധിക്കണം; അസം പൗരത്വ പട്ടികയില്‍ ഇടപെട്ട് സുപ്രിംകോടതി

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നു പുറത്തായ 10 ശതമാനം ആളുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് പുനപ്പരിശോധന നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പുനപ്പരിശോധനാ റിപോര്‍ട്ട് കോടതിക്ക് വ്യക്തത വരുന്ന തരത്തില്‍ സാംപിള്‍ സര്‍വേയായി പരിഗണിക്കുമെന്നും ഇതില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
കരട് പൗരത്വ പട്ടികയിലെ അവകാശവാദങ്ങളും എതിര്‍പ്പുകളും ആഗസ്ത് 30ന് സമര്‍പ്പിക്കാനുള്ള നിര്‍ദേശം കോടതി നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ നടപടിക്രമങ്ങളില്‍ വൈരുധ്യമുള്ളതായും ബെഞ്ച് ചൂണ്ടിക്കാട്ടി. കരടുരേഖയില്‍ ഉള്‍പ്പെടുത്തുന്നതിന് പൈതൃകരേഖയില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ സുപ്രിംകോടതി സംശയം പ്രകടിപ്പിച്ചു. ഇത് മുഴുവന്‍ പ്രക്രിയയും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നതിന് തുല്യമല്ലേ എന്നു കോടതി ചോദിച്ചു.
അസമിലെ രണ്ടാം പൗരത്വ പട്ടിക ജൂലൈ 30നാണ് പുറത്തിറക്കിയത്. ഈ പട്ടികപ്രകാരം 3.29 കോടി ജനങ്ങളില്‍ നിന്ന് 2.89 ആളുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
40,07,707 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 37,59,630 ആളുകളുടെ പേരുകള്‍ തള്ളിക്കളഞ്ഞു. ബാക്കിയുള്ള 2,48,077 ആളുകളുടെ പേരുകള്‍ തടഞ്ഞുവച്ചു. പൗരത്വ പട്ടികയിലില്ലാത്ത 40 ലക്ഷത്തിലധികം പേര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കരുതെന്ന് ജൂലൈ 31ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
പൗരത്വ പട്ടിക വെറുമൊരു കരട് മാത്രമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. കരടു പട്ടികയിലെ അവകാശവാദങ്ങളിലും എതിര്‍പ്പുകളിലും നടപടി സ്വീകരിക്കുന്നതിന് മാതൃകകള്‍ രൂപപ്പെടുത്താന്‍ സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഹാജരാക്കണമെന്ന് നേരത്തേ സുപ്രിംകോടതി അസം പൗരത്വ രജിസ്റ്റര്‍ കോ-ഓഡിനേറ്റര്‍ പ്രതീക് ഹലേജയോട് ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായ 40 ലക്ഷം പേരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ളവ ശേഖരിച്ച് സവിശേഷമായ തിരിച്ചറിയല്‍ രേഖകള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രം ആഗസ്ത് 14ന് സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് രാജ്യത്ത് നിയമപരമായി ബാധകമാവുന്നവര്‍ക്കുള്ള ആധാര്‍ നമ്പര്‍ നല്‍കുമെന്നും പറഞ്ഞിരുന്നു.
സുപ്രിംകോടതി നിര്‍ദേശപ്രകാരം ഡിസംബര്‍ 31ന് അര്‍ധരാത്രിയിലാണ് അസമിലെ ആദ്യ പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറക്കിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss