|    Mar 26 Sun, 2017 10:40 pm
FLASH NEWS

പുറത്തായത് പിണറായിയുടെ വലംകൈ, മന്ത്രിസഭയിലെ രണ്ടാമന്‍

Published : 15th October 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: വിദ്യാര്‍ഥി ഫെഡറേഷനില്‍നിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വരെ എത്തിനില്‍ക്കുന്ന ഇ പി ജയരാജന്റെ രാഷ്ട്രീയജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. രണ്ടു പതിറ്റാണ്ടിനിടെ പാര്‍ട്ടിക്ക് മുറിവേല്‍ക്കാനിടയായ ഒട്ടനവധി വിവാദങ്ങള്‍ കൂസലില്ലാതെ നേരിട്ട ഇപിക്ക് ബന്ധുനിയമനത്തിന്റെ പേരില്‍ അടിപതറിയെന്നതും ചരിത്രമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ, മന്ത്രിസഭയിലെ രണ്ടാമന്‍… വിശേഷണങ്ങള്‍ ബാക്കിയാക്കിയാണ് ഇപി പടിയിറങ്ങുന്നത്. 1991-96 കാലഘട്ടത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വധക്കേസിന്റെ പേരില്‍ നടത്തിയ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അടികൊണ്ട പാട് കാണിക്കാനായി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് മുന്നില്‍ നിയമസഭയില്‍ ഷര്‍ട്ടൂരിയതോടെയാണ് വിവാദങ്ങള്‍ ഇപിയുടെ കൂടപ്പിറപ്പായി മാറിയത്. നിയമസഭയില്‍ തുണിയുരിഞ്ഞെന്നായിരുന്നു ആക്ഷേപം. എന്നാല്‍, അടികൊണ്ട പാട് കാണിക്കാനാണ് താന്‍ ഷര്‍ട്ടൂരിയതെന്നു പറഞ്ഞ് തലയൂരാനുള്ള ഇപിയുടെ ശ്രമവും വിഫലമായി. കണ്ണൂരില്‍ വെട്ടുകല്ലിനെതിരേ പാര്‍ട്ടി സമരം നടത്തിയ കാലത്ത് സ്വന്തം വീട് വെട്ടുകല്ലുകൊണ്ട് നിര്‍മിച്ചായിരുന്നു ജയരാജന്‍ പാര്‍ട്ടിയില്‍ വേറിട്ട ശബ്ദമായത്. ബീഡി വലിച്ചു താടി നീട്ടി പരിപ്പുവടയും തിന്ന് കുളിക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് ചിലരുടെ ശാഠ്യമെന്നും ഇന്ന് അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ലെന്നുമുള്ള ഇപിയുടെ പ്രസംഗവും വിവാദത്തിന് തിരികൊളുത്തി. പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്ക് തുടങ്ങുമ്പോഴും കണ്ണൂര്‍ കീച്ചേരിയില്‍ വയല്‍ നികത്തി മാര്‍ബിള്‍ ഫാക്ടറി നടത്താന്‍ അനുമതി നല്‍കിയപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. കണ്ണൂരില്‍ നടത്തിയ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍നിന്ന് 62 ലക്ഷം രൂപ സംഭാവന വാങ്ങിയതും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് ദേശാഭിമാനിക്കായി രണ്ടുകോടി രൂപയുടെ ബോണ്ട് സ്വീകരിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ബോണ്ടിന്റെ പേരില്‍ പാര്‍ട്ടി ശാസന ഏറ്റുവാങ്ങിയ ഇപിക്ക് ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനവും നഷ്ടമായി. രക്ഷകനായെത്തിയ പിണറായിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം ദേശാഭിമാനിയില്‍ തിരികെയെത്തിയത്. പാലക്കാട്ട് നടന്ന സിപിഎം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് രാധാകൃഷ്ണന്റെ സ്ഥാപനമായ സൂര്യാ ഗ്രൂപ്പ് ദേശാഭിമാനിയില്‍ പരസ്യം നല്‍കിയതും വിവാദത്തിനിടയാക്കി. ഇത് കെട്ടടങ്ങും മുമ്പ് പത്രത്തിന്റെ സ്ഥലം ഇപി വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണന് കൈമാറുകയും ചെയ്തു. ദേശാഭിമാനിയുടെ പഴയ ആസ്ഥാനമന്ദിരം നിലകൊള്ളുന്ന 32 സെന്റ് ഭൂമിയായിരുന്നു വില്‍പന നടത്തിയത്. വിപണിയില്‍ സെന്റിന് 50 ലക്ഷം രൂപ വില വരുന്ന ഭൂമിയാണ് 3.3 കോടിക്ക് ദേശാഭിമാനി വിറ്റത്. വിവാദ നടപടികള്‍ക്കെതിരേ വി എസ് അച്യുതാനന്ദന്‍ തന്നെയാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. 2010 ഏപ്രിലില്‍ കണ്ണൂര്‍ വളപട്ടണം പുഴയുടെ തീരത്തെ കണ്ടല്‍ നിറഞ്ഞ പ്രദേശത്ത് ഇ പി ജയരാജന്‍ മുഖ്യ ഉപദേഷ്ടാവായ പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി കണ്ടല്‍ പാര്‍ക്ക് ആരംഭിച്ചതും പരിസ്ഥിതിപ്രവര്‍ത്തകരുടെയടക്കം പ്രതിഷേധത്തിനിടയാക്കി. തീരസംരക്ഷണ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇടപെട്ട് പാര്‍ക്ക് പൂട്ടിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കിയ ആദ്യ വിവാദം സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ടായിരുന്നു. കായികമന്ത്രിയെ കാണാനെത്തിയ തന്നെ അകാരണമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജാണ് രംഗത്തെത്തിയത്. ഒടുവില്‍ അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തി. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഇ പി ജയരാജന് സംഭവിച്ച അബദ്ധവും ഏറെ പരിഹാസങ്ങള്‍ക്കു വിധേയമായി. പിന്നീടാണ് സത്യപ്രതിജ്ഞ ചെയ്ത് 142ാം ദിവസം ഇപിയുടെ രാജിയിലേക്ക് നയിച്ച ബന്ധുനിയമനം ചര്‍ച്ചയാവുന്നത്. വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ ബന്ധുക്കളെ തിരുകിക്കയറ്റിയെന്ന ആരോപണമാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും അടിമുടി ഉലച്ചത്. വിവാദ നിയമനങ്ങള്‍ സര്‍ക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം ഇപിയുടെ രാജിക്കായി മുറവിളി കൂട്ടി. പ്രതിച്ഛായ കണക്കിലെടുത്ത് മുഖ്യമന്ത്രിയും പാര്‍ട്ടിയും കൂടി കൈവിട്ടതോടെ കുറ്റസമ്മതം നടത്തി മന്ത്രിസഭയില്‍നിന്ന് പുറത്തേക്കുള്ള വഴി ഇപി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക