|    Dec 15 Fri, 2017 12:07 pm

പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്തു: കോണ്‍ഗ്രസില്‍ ഭിന്നത

Published : 1st September 2016 | Posted By: SMR

മുക്കം: മുക്കത്ത് ഹോട്ടലില്‍ മദ്യശാല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തിരിച്ചെടുത്ത നടപടി കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹത്തിന് വഴിയൊരുക്കുന്നു. യൂത്ത് കോണ്‍ഗ്രസ്സ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റും മുക്കം ഗ്രാമപ്പഞ്ചായത്തംഗവുമായ സജിഷ് മുത്തേരിയെ തിരിച്ചെടുത്ത നടപടിയാണ് എ, ഐ, ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുക്കിയിരിക്കുന്നത്. മുക്കത്ത് സ്വകാര്യ ഹോട്ടലില്‍ മദ്യശാല തുടങ്ങുന്നതിന് എന്‍ഒസി ലഭ്യമാകുന്നതിന് പഞ്ചായത്തില്‍ ഹോട്ടലുടമ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ബാറിന് അനുമതി നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലവിലുണ്ടായിരുന്നത്. മദ്യശാലകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധിരന്‍ ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയ സമയം കൂടിയായിരുന്നു.
എന്നാല്‍, പാര്‍ട്ടി താല്‍പര്യവും ജനരോഷവും വകവെക്കാതെ സജിഷ് ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ മൂന്ന് അംഗങ്ങള്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ബാറിന് അനുകൂലമായും എന്‍ പി ഷംസുദ്ദീന്‍ എന്ന മെംബര്‍ മാത്രം മദ്യശാലക്ക് അനുമതി നല്‍കുന്നതിന് എതിരായും നിലപാട് സ്വീകരിച്ചു.ഇതേ തുടര്‍ന്ന് 2015 ജനുവരിയിലാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സജിഷിനേയും കോണ്‍ഗ്രസ് അംഗങ്ങളായ റനീഷ് തട്ടാലത്ത്, സിന്ധു താഴെകോട്ടുമ്മല്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. എന്നാല്‍, ഐ ഗ്രൂപ്പുകാരനായ സജിഷ് മുത്തേരിയെ മാത്രം തിരിച്ചെടുക്കുകയും ഇതേ ഗ്രൂപ്പുകാരിയായ സിന്ധുവിനെയും എ ഗ്രൂപ്പിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന റെനീഷിനേയും തിരിച്ചെടുക്കാതിരിക്കുകയും ചെയ്ത നടപടിയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഒരേ കുറ്റം ചെയ്ത മൂന്നു പേരില്‍ ഒരാളെ തിരിച്ചെടുക്കുകയും മറ്റു രണ്ട് പേരെ പുറത്ത് നിര്‍ത്തുകയും ചെയ്തതിനെതിരേയും സജീഷിന് വേണ്ടി മാത്രം ശുപാര്‍ശ ചെയ്ത എം ഐ ഷാനവാസ് എംപിയുടെ നടപടിക്കെതിരേയും ഒരു വിഭാഗം കടുത്ത എതിര്‍പ്പിലാണ്.
സജിഷ് വഹിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്ഥാനം തിരിച്ചു കൊടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പ്രശ്‌നത്തിന് വഴിവെക്കും. എ വിഭാഗക്കാരനായ വി എന്‍ ജംനാസാണ് ഈ സ്ഥാനം വഹിക്കുന്നത്. എന്നാല്‍, സജീഷിനെ തിരിച്ചെടുത്തതിനെ പിന്തുണക്കുന്നവരും കുറവല്ല. സജിഷിനെ പോലെയുള്ള മുഴുവന്‍ സമയ പ്രവര്‍ത്തകനെ തിരിച്ചെടുത്തത് ഏറെ ഗുണകരമാണെന്നാണ് ഇവര്‍ പറയുന്നത്.പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഇത് ഗുണം ചെയ്യുമെന്നും ഇവര്‍ കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക