|    Jul 25 Tue, 2017 6:28 pm
FLASH NEWS

പുറങ്ങില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കര്‍ഷക കൂട്ടായ്മ

Published : 15th October 2016 | Posted By: Abbasali tf

പൊന്നാനി: പുറങ്ങിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാ നും പ്രദേശത്തെ കാര്‍ഷിക സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു.—നാട്ടുകാരെയും കര്‍ഷക സ്‌നേഹികളെയും ഉള്‍പ്പെടുത്തിയാണ് ജൈവ കര്‍ഷക കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുള്ളത്.—മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മഠത്തില്‍തോട് പഞ്ചായത്തിലെ ഒന്ന്, മൂന്ന്,15,18,19 എന്നീ അഞ്ചുവാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പുറങ്ങ് മേഖലയിലെ രണ്ടായിരം വരുന്ന കുടുംബങ്ങളുടെ കുടിവെള്ളവും 70 ഏക്കര്‍ വരുന്ന പുറങ്ങ് കുട്ടാടം പാടത്തെ കൃഷിയും മുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷമായിരുന്നു.ബിയ്യം കായലിനോട് ചേര്‍ന്നുള്ള രണ്ട് കിലോമീറ്ററോളം നീളം വരുന്ന മഠത്തില്‍തോട്ടിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി പുറങ്ങ് കാരക്കാട് സ്‌കൂളിനടുത്ത് ലോക്ക് സ്ഥാപിച്ചിരുന്നു.എന്നാല്‍ കാലപ്പഴക്കം കാരണമായി 1998-99 കളില്‍ തകര്‍ച്ചയിലാവുകയും ചെറിയരീതിയില്‍ ഉപ്പുവെള്ളം കയറുകയും ചെയ്തിരുന്നു.ഇതിനിടയില്‍  മണല്‍ മാഫിയകള്‍ക്ക് തോട്ടിലൂടെ വഞ്ചി കൊണ്ടുപോവുന്നതിനുമായി ലോക്കിന്റെ ഷട്ടര്‍ പൂര്‍ണമായും രാത്രിയുടെ മറവില്‍ തകര്‍ത്തതോടെ പിന്നീടങ്ങോട്ട് വലിയ രീതിയില്‍ ബിയ്യം കായലില്‍ നിന്നുള്ള ഉപ്പുവെള്ളം തോട്ടിലൂടെ കയറാന്‍ തുടങ്ങി.—അക്കാലത്ത് സമീപത്തെ കിണറുകളുള്ള  മുഴുവന്‍ വീടുകളിലെയും കുടിവെള്ളം ഉപ്പുകലരാത്ത ശുദ്ധജലമായിരുന്നു. അതിനാല്‍ ഷട്ടര്‍ തകര്‍ത്തതിനെതിരെ പ്രദേശവാസികളാരും രംഗത്തുവന്നിരുന്നില്ല.ഒരുവര്‍ഷം പിന്നിടുമ്പോഴേക്കും ചെറിയ പ്രദേശത്തെ കിണറുകള്‍ ഉപ്പുവെള്ളം കണ്ടുതുടങ്ങി 2001 പിന്നിടുമ്പോഴേക്കും ഭൂരിഭാഗം വീടുകളിലെ കിണറുകളിലേക്കും ഉപ്പുവെള്ളമെത്തിയതോടെ കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ ലോക്ക് പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ഇതോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മൈനര്‍ ഇറിഗേഷന്റെ സഹായത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. പിന്നീട് പല തവണകളായി ഇറിഗേഷന്‍ അധികൃതരുടെയും സന്ദര്‍ശനവും ജനപ്രതിനിധികളുടെ വാഗ്ദാനങ്ങളുമായി നാട്ടുകാരുടെ പ്രതീക്ഷ അനന്തമായി നീളുകയാണുണ്ടായത്.—ഇതിനിടയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മഠത്തില്‍തോടുമായി ചേര്‍ത്ത് പുറങ്ങ് കുട്ടാടന്‍ പാടത്തേക്ക് 500  മീറ്റര്‍ നീളമുള്ള തോടുവെട്ടി. ഇതോടെ ഉപ്പുവെള്ളം പാടത്തേക്കും നീങ്ങിയതോടെ പുഞ്ച,മുണ്ടകന്‍ സീസണുകളില്‍ നെല്‍കൃഷി നടന്നിരുന്ന 70 ഏക്കര്‍ വരുന്ന പാടത്തെ കൃഷിയും നിലച്ചു.പുറങ്ങ് മേഖലയിലെ മൈലംകോടത്ത് മനക്കുളം, ചേന്ദംകുളം എന്നീ പ്രധാനകുളം ഉള്‍പ്പെടെ ഇരുപതോളം കുളങ്ങളും ഈ കുട്ടാടം പാടത്താണ്.2000ന് മുമ്പുവരെ ഈ കുളങ്ങളെയും പാടത്തേയും ആശ്രയിച്ചായിരുന്നു ഇവിടുത്തുകാരുടെ കൃഷിയും കുടിവെള്ളവുമെന്ന് എണ്‍പതുകാരനായ താമിക്കുട്ടി എന്ന അപ്പ പറയുന്നു.—പുറങ്ങുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും പഴയകാല കുട്ടാടന്‍ പാടത്തെ കൃഷി സംസ്‌കാരത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുമായാണ് ഇപ്പോള്‍ നാട്ടുകാരെയും കര്‍ഷക സ്‌നേഹികളെയും ഉള്‍പ്പെടുത്തി ഒരു ജൈവ കാര്‍ഷിക കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.കൃഷിക്കും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വത പരിഹാരമാകുന്ന മഠത്തില്‍തോട്ടിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ ലോക്ക് പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടിയുമായി കൂട്ടായ്മ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.ചെറിയ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കാവുന്ന പദ്ധതിയായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും ഇതിനോട് വലിയ താല്‍പര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.—വാസുദേവന്‍ നമ്പൂതിരി ചെയര്‍മാനായും മങ്കുഴിയില്‍ മോഹനന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക