|    Oct 23 Tue, 2018 8:31 pm
FLASH NEWS
Home   >  Editpage  >  Article  >  

പുറംകരാര്‍ എന്ന മനുഷ്യാവകാശ ലംഘനം

Published : 15th January 2017 | Posted By: fsq

ബാബുരാജ് ബിഎസ്

ഷൈജു, സുധീഷ്, സൗമ്യ- കൗമാരം വിട്ടതേയുള്ളൂ മൂന്നു പേര്‍ക്കും. ഇടവും വലവും നോക്കി അവര്‍ സമരപ്പന്തലില്‍ നിന്ന് റോഡ് മുറിച്ചുകടന്നു. റോഡിനപ്പുറം സര്‍വകലാശാലാ കെട്ടിടങ്ങള്‍. സന്ദീപ് അവര്‍ക്ക് പിന്നാലെ നടന്നു. ഞങ്ങളാരെങ്കിലും കൂടെ വരണമോയെന്ന് സമരപ്പന്തലില്‍ നിന്നു കൃഷ്ണന്‍ ചോദിച്ചു. ആരോ തടഞ്ഞു. അവന്‍ തനിച്ചു പോയിക്കൊളും, അവര്‍ക്ക് ഉറപ്പാണ്. പിന്നെ ചര്‍ച്ചകള്‍ക്കോ മറ്റുമൊന്നുമല്ലല്ലോ, ജോലിയില്‍ ചേരാനല്ലേ- കൂടെ നിന്നവര്‍ ആശ്വസിച്ചു. ഇന്നവര്‍ മൂന്നു പേര്‍ നിരാഹാര സമരത്തിന്റെ 61ാം ദിവസം പെരിയ കേന്ദ്ര സര്‍വകലാശാലയിലെ താല്‍ക്കാലിക നാലാം ക്ലാസ് ജോലിക്കാരാകും. സര്‍വകലാശാലയുടെ പുതിയ കാംപസിലെ പഴയ കുടികിടപ്പുകാരുടെ മക്കളാണ് ഷൈജുവും സുധീഷും സൗമ്യയും സന്ദീപും. സന്ദീപാണ് അവരുടെ നേതാവ്. നേതാവെന്നാല്‍ കുറച്ചുകൂടി മുതിര്‍ന്ന ഒരു കൗമാരക്കാരന്‍. 2009ലാണ് കാസര്‍കോട്ട് ഒരു കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നത്. തുടക്കത്തില്‍ താല്‍ക്കാലികമായ ഒരു സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ച സര്‍വകലാശാല 2011ല്‍ പെരിയ മാളത്തുംപാറ കുന്നിന്‍ചരുവിലേക്ക് മാറ്റിസ്ഥാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനു മുമ്പ് അവിടെ 18 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. പൊതുവിഭാഗത്തില്‍ രണ്ടും ദലിത് ഒന്നും ആദിവാസികള്‍ 15ഉം. ആദിവാസികള്‍ തുളു സംസാരിക്കുന്ന മാവിലന്‍ വിഭാഗത്തില്‍ പെടുന്ന കൂലിപ്പണിക്കാരാണ്. സ്ഥലം ഏറ്റെടുത്ത സമയത്ത് താമസക്കാരോട് സമ്മതപത്രം ഒപ്പുവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. രണ്ടു കുടുംബങ്ങളൊഴിച്ച് എല്ലാവരും അതനുസരിച്ചു. 2012ല്‍ കലക്ടറുടെ അധ്യക്ഷതയില്‍ പുനരധിവാസ ചര്‍ച്ച നടന്നപ്പോള്‍ മൂന്ന് ആവശ്യങ്ങളാണ്് താമസക്കാര്‍ ഉന്നയിച്ചത്. റോഡും വെള്ളവും വൈദ്യുതിയുമുള്ള താമസസൗകര്യവും കുടുംബങ്ങളില്‍ ഒരാള്‍ക്കു വീതം സര്‍വകലാശാലയില്‍ ജോലിയും. ദീര്‍ഘമായ ചര്‍ച്ചയ്‌ക്കൊടുവില്‍ പകരം വീട് നല്‍കാന്‍ തീരുമാനമായി. നിലവിലുള്ള വീടിന്റെ വലുപ്പമായിരിക്കും പുതിയ വീടിന്റെ അളവായി സ്വീകരിക്കുകയെന്നും കരാറുണ്ടാക്കി. അതനുസരിച്ച് ഏകദേശം 700-800 ചതുരശ്ര അടിയായിരിക്കും ശരാശരി വിസ്തീര്‍ണം. ജോലിയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള സര്‍വകലാശാലയില്‍ പഠിപ്പും യോഗ്യതയും ഇല്ലാത്തവര്‍ക്ക് ജോലി നല്‍കാന്‍ സാധ്യമല്ലെന്നാണ് സര്‍വകലാശാലയുടെ വാദം. സ്വന്തം വീടും ആവാസവ്യവസ്ഥയും വിട്ടുപോകുന്ന കുടുംബങ്ങള്‍ക്ക് തങ്ങള്‍ ചെയ്യുന്ന വിട്ടുവീഴ്ചയ്ക്കു പകരമായി ജോലി നല്‍കണമെന്ന വാദത്തോട് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടികളും യോജിച്ചു. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ സമരരംഗത്തിറങ്ങാനും സന്നദ്ധരായി. അതു പ്രകാരമാണ് രണ്ടു മാസം മുമ്പ് മാളത്തുംപാറ പുനരധിവാസ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. രാഷ്ട്രീയപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സമരസഹായസമിതി ഒപ്പം നിന്നു. കേന്ദ്ര സര്‍വകലാശാലയുമായി ഹൃദയബന്ധം സ്ഥാപിച്ചതിനാലാകാം ബിജെപി സമരത്തില്‍ നിന്നു വിട്ടുനിന്നു. ആര്‍എസ്എസിന്റെ കേന്ദ്രനേതൃത്വം വിളിച്ചുചേര്‍ത്ത ഒരു രഹസ്യയോഗത്തില്‍ സര്‍വകലാശാലയിലെ ഉന്നതര്‍ പങ്കെടുത്ത പശ്ചാത്തലത്തിലും, കേന്ദ്ര സര്‍വകലാശാല പിന്തുടരുന്ന ഹിന്ദുത്വ പ്രവര്‍ത്തനശൈലിയുടെ സാഹചര്യത്തിലും ബിജെപിയുടെ വിട്ടുനില്‍ക്കല്‍ യാദൃച്ഛികമല്ലെന്നാണ് സമരസഹായ സമിതിയിലെ പലരും കരുതുന്നത്. രാജ്ഭവന്‍ മാര്‍ച്ചിനും വിവിധ സമരപരിപാടികള്‍ക്കും ശേഷം സമരം പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയതിനാലാകാം ജനുവരി 6ന് കാഞ്ഞങ്ങാട് ആര്‍ഡിഒ സര്‍വകലാശാലാ അധികൃതരുടെയും സമരക്കാരുടെയും യോഗം വിളിക്കാന്‍ തയ്യാറായി. മൂന്നു മൂന്നായി ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാവരെയും ജോലിയില്‍ കയറ്റാമെന്ന് അധികൃതര്‍ യോഗത്തില്‍ ഉറപ്പു കൊടുത്തു. അതില്‍ ആദ്യത്തെ മൂന്നു പേരാണ് ഷൈജുവും സുധീഷും സൗമ്യയും. ഇത്രയും നല്ലതുതന്നെ. പക്ഷേ, പ്രശ്‌നം ഇതാണ്: സര്‍വകലാശാലയില്‍ നിലവില്‍ താഴ്ന്ന ജോലികള്‍ മുഴുവന്‍ പുറംകരാര്‍ പ്രകാരമാണ് നടക്കുന്നത്. നിലവില്‍ പേഴ്‌സനല്‍ ആന്റ് സര്‍വീസ് എന്ന ഏജന്‍സിയാണ് ലേബര്‍ സപ്ലൈ നടത്തുന്നത്. അവരുടെ കരാര്‍ ഫെബ്രുവരിയില്‍ തീരും. ഇവിടെ പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും അവിടെത്തന്നെയുള്ള പലരുടെയും ബിനാമികളാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളികളില്‍ നിന്ന് മാസംതോറും കമ്മീഷന്‍ പറ്റുന്ന ജീവനക്കാരുമുണ്ടത്രേ. ഇത്തരം കരാറുകാരുടെ തൊഴിലാളികളായി സമരത്തിലുള്ളവരെ എടുക്കാനുള്ള തീരുമാനം എത്രമാത്രം പ്രായോഗികമാണെന്ന് ആലോചിക്കേണ്ടതാണ്. സമരം ചെയ്യുന്ന കുടുംബങ്ങളെയും സഹായസമിതിയെയും സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനം സ്വീകരിച്ചു സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാണ്. ഇത്തരമൊരു കരാറെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞതും വിജയമാണ്. എങ്കിലും, പുറംതൊഴില്‍ കരാറുകള്‍ നല്‍കുമ്പോള്‍ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങളിലുള്ള തൊഴിലാളികളെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നാണ് സര്‍വകലാശാല വാക്കാല്‍ പറയുന്നത്. കരാറെടുക്കുന്ന കമ്പനി ഇതനുസരിക്കുമോ എന്നു കണ്ടുതന്നെ അറിയണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss