|    Oct 23 Mon, 2017 4:33 am
Home   >  Editpage  >  Second edit  >  

പുറംകടല്‍ കൊള്ള

Published : 1st August 2016 | Posted By: SMR

ഇടയ്ക്ക് കേരളത്തില്‍ വരെ നല്ല മീന്‍കിട്ടാതെ വന്നതിന്റെ കാരണം മനുഷ്യന്റെ അത്യാര്‍ത്തിയും ദുരയുമാണെന്നു കാണാം. പുറംകടലില്‍ നിയന്ത്രണമില്ലാതെ നടക്കുന്ന മല്‍സ്യബന്ധനം മൂലം പല ഇനം മല്‍സ്യങ്ങളും അപ്രത്യക്ഷമാവുകയാണ്. സമുദ്രത്തിലെ 64 ശതമാനമെങ്കിലും ആര്‍ക്കും കടന്നുചെല്ലാവുന്ന പുറംകടലാണ്. അത് മനുഷ്യരാശിയുടെ പൊതുസ്വത്ത് എന്നാണു പറയാറ്. എന്നാല്‍, കഴിഞ്ഞ ആറു ദശാബ്ദത്തിനിടയില്‍ വലിയ ട്രോളറുകളും കോരുവലകളും സാറ്റലൈറ്റ് മാപ്പിങും വന്നതോടെ പുറംകടല്‍ മീന്‍കൊള്ള നടത്തുന്നവരുടെ കേന്ദ്രമായി. 1,600 കോടി ഡോളറിന്റെ മീനാണ് ഇങ്ങനെ കടത്തിക്കൊണ്ടുപോവുന്നത്. കടലിന്റെ അടിത്തട്ടിനു പരിക്കേല്‍പിക്കുന്ന വലകളുണ്ട്. 25 ടണ്‍ ഭാരമുള്ള കരിങ്കല്‍പ്പാറകള്‍ വരെ അവ തൂക്കിയെടുക്കുന്നുവത്രെ.
സമ്പന്നരാഷ്ട്രങ്ങളാണ് കടല്‍ക്കൊള്ളയില്‍ മുമ്പില്‍. അവര്‍ ദരിദ്രരാഷ്ട്രങ്ങള്‍ സബ്‌സിഡി നല്‍കുന്നതിനെ എതിര്‍ക്കുമെങ്കിലും വലിയ മല്‍സ്യബന്ധന കപ്പലുകള്‍ക്ക് ധനസഹായം നല്‍കുന്നു. 2000നും 2010നും ഇടയ്ക്ക് പുറംകടലില്‍ മീനിന്റെ പ്രധാനഭാഗം അമേരിക്ക, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങി 10 രാഷ്ട്രങ്ങളാണു കൈവശപ്പെടുത്തിയത്. ആഫ്രിക്കയില്‍ മാത്രം യൂറോപ്പിലും അമേരിക്കയിലുമുള്ളതിനേക്കാള്‍ മുക്കുവരുണ്ട്. എന്നിട്ടും അതാണു സ്ഥിതി. മീനിന് മുട്ടയിടാനും പെറ്റുപെരുകാനും അവസരം നല്‍കാത്ത വിധമുള്ള കൊള്ളയാണു നടക്കുന്നത്. അതിനിടയില്‍ മീന്‍ ഭക്ഷിക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുകയുമാണ്. കടലിനെ വിട്ട് മീന്‍ വളര്‍ത്താനുള്ള ഏര്‍പ്പാട് വ്യാപകമാക്കുന്നതാണ് ഇതിനൊരു പരിഹാരം. മനുഷ്യന്റെ ആര്‍ത്തി നിയന്ത്രിക്കുകയും വേണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക