|    Feb 22 Thu, 2018 8:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുറംകടലില്‍ മല്‍സ്യബന്ധന ബോട്ട് കപ്പലിടിച്ച് തകര്‍ന്നു

Published : 9th January 2017 | Posted By: fsq

മട്ടാഞ്ചേരി: പുറംകടലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ട് കപ്പലിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ടിന്റെ സ്രാങ്ക് കൂടിയായ കുളച്ചല്‍ സ്വദേശി ജൂഡ്(42), തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ മളയരാജ്(48),മലൈ കണ്ണന്‍(45), കുളച്ചല്‍ സ്വദേശികളായ സിങ്ക രാജന്‍(69), മരിയ ജോണ്‍(35), മോണം സ്വദേശി പ്‌ളേഷിയാന്‍(58), തമിഴ്‌നാട് മുട്ടം സ്വദേശി പെലാജി(58) എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍. ഇവരെ ഇന്നലെ രാവിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലിസ് എന്നിവര്‍ ചേര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.45ഓടെ കൊച്ചി അഴിമുഖത്ത് നിന്ന് 68 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. മട്ടാഞ്ചേരി ഈരവേലി സ്വദേശി അഷറഫ്, കുളച്ചല്‍ സ്വദേശി ജൂഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹര്‍ഷിതയെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് ദിവസം മുമ്പ് കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി പോയ ബോട്ട് കായംകുളത്തിനും കൊല്ലത്തിനുമിടയ്ക്ക് പുറംകടലില്‍ മല്‍സ്യബന്ധനം നടത്തവേ കൊച്ചി തുറമുഖത്ത് നിന്ന് കണ്ടെയ്‌നറുമായി പോയ കപ്പലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് മുങ്ങിത്താഴ്ന്ന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളുടെ കരച്ചില്‍ കേട്ട് സമീപത്ത് മല്‍സ്യബന്ധനം നടത്തുകയായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. എന്നാല്‍, ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു. ചെമ്മീന്‍ ഉള്‍പ്പെടെ ലഭിച്ച മീനുകള്‍ മുഴുവന്‍ അപകടത്തില്‍ നഷ്ടപ്പെട്ടതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. ഏകദേശം 90 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഉടമകള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss