|    Sep 21 Fri, 2018 2:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍: നടപടിയില്ലാത്തതു നാണക്കേട്: ഫ്രാന്‍സിസ് മാര്‍പാപ്പ

Published : 27th August 2018 | Posted By: kasim kzm

ഡബ്ലിന്‍: കുട്ടികള്‍ക്കെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാത്തതു വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.രണ്ടു ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി അയര്‍ലന്‍ഡിലെത്തിയ മാര്‍പാപ്പ, പുരോഹിതരുടെ ലൈംഗിക പീഡനത്തിനു വിധേയരായ കുട്ടികളോടൊപ്പം ഒന്നര മണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതികള്‍ കേട്ടു. പുരോഹിതരുടെ ഭാഗത്തുനിന്നുണ്ടാവുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി എടുക്കുമെന്ന് അദ്ദേഹം ഇരകള്‍ക്ക് ഉറപ്പു നല്‍കി. സഭാ സ്ഥാപനങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെയും അഴിമതിയെയും മനുഷ്യവിസര്‍ജ്യത്തോടാണ് പോപ് ഉപമിച്ചതെന്നും ഇരകള്‍ അറിയിച്ചു. ശക്തമായ നടപടികളില്ലാത്തതാണ് ഇതു പോലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഇത്തരം വിവാദങ്ങള്‍ തനിക്കു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും യുവജനങ്ങളുടെയും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തു നിന്നുള്ള അപകീര്‍ത്തികരവും ഉല്‍ക്കണ്ഠപ്പെടുത്തുന്നതുമായ പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല. എന്തു വിലകൊടുത്തും ആപല്‍ക്കരമായ ഈ പ്രവണത സഭയില്‍ നിന്ന് ഒഴിവാക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. അയര്‍ലന്‍ഡില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയ പുരോഹിതര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.39 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്രിസ്ത്യന്‍ രാജ്യമായ അയര്‍ലന്‍ഡില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം. 1979ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇതിനു മുമ്പ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള ക്രൈസ്തവ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഡബ്ലിനിലെത്തിയത്.അയര്‍ലന്‍ഡില്‍ അടുത്തകാലത്ത് പുരോഹിതര്‍ ഉള്‍പ്പെട്ട ഒട്ടേറെ ലൈംഗികാതിക്രമ കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss