|    Oct 23 Tue, 2018 9:26 am
FLASH NEWS

പുരാവസ്തു പ്രദര്‍ശനവും ചരിത്ര സെമിനാറുകളും ഇന്നു മുതല്‍ സിഎംഎസ് കോളജില്‍

Published : 27th October 2017 | Posted By: fsq

 

കോട്ടയം: പുരാവസ്തു പ്രദര്‍ശനവും ചരിത്ര സെമിനാറുകളും ഇന്നു മുതല്‍ 29 വരെ കോട്ടയം സിഎംഎസ് കോളജില്‍ നടക്കും. സിഎംഎസ് കോളജ് ചരിത്രവിഭാഗത്തിന്റെയും എംജി യൂനിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെയും സഹകരണത്തോടെ കോട്ടയം നാട്ടുകൂട്ടമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കോട്ടയം സ്വദേശിയായ ബോബിന്‍ ജെ മണ്ണനാലിന്റെ പുരാവസ്തുക്കളുടെ അതിവിപുലമായ സ്വകാര്യ ശേഖരമാണ് കാഴ്ചയ്ക്കായി തുറക്കുന്നത്. ഇന്ത്യയിലെ വിവിധ കാലഘട്ടങ്ങളിലെ സാമ്രാജ്യങ്ങളിലെയും നാട്ടുരാജ്യങ്ങളിലെയും നാണയങ്ങള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍, ഉപകരണങ്ങള്‍, മുദ്രകള്‍, പുരാരേഖകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയൊക്കെ പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്. സംഘകാലത്തെ മുവേന്തന്‍മാരുടെ നാണയങ്ങളും കുന്തമുനകളുമൊക്കെ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണമാണ്. നാണയങ്ങളുടെ ചരിത്രം പറയുന്ന വിപുലമായ ശേഖരത്തില്‍ 300 വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്ത് നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്ന തെക്കുംകൂര്‍ നാണയവും ഉള്‍പ്പെടുന്നു. പശ്ചിമ ക്ഷത്രപ, ഗുപ്ത, പല്ലവ,സുല്‍ത്താന്‍, മുഗള്‍, ടിപ്പു, വേണാട്, കൊങ്ങുചേര, വൊഡയാര്‍, നായ്ക്കര്‍, തിരുവിതാംകൂര്‍, കൊച്ചി നാണയങ്ങളെ കൂടാതെ സംഘകാല പാണ്ഡ്യരാജാവായിരുന്ന പെരുവഴുതിയുടെ പേര് ആലേഖനം ചെയ്ത നാണയവും പ്രത്യേകതയാണ്.ടിപ്പുസുല്‍ത്താന്‍ പുതിയ കലണ്ടര്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ചടങ്ങിന്റെ വിവരങ്ങള്‍ ആലേഖനം ചെയ്ത ചുരിക, വിജയനഗര സാമാജ്യത്തിലെ മന്ത്രിയുടെ ഉടവാള്‍, 17ാം നൂറ്റാണ്ടില്‍ ശിവഗംഗയില്‍ ഉപയോഗിച്ചിരുന്ന വളരി എന്ന ഇന്ത്യന്‍ ബൂമറാങ്, ഒന്നാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ആംപ്യുട്ടേഷന്‍ കിറ്റ്, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കയ്യൊപ്പോടു കൂടിയ ഫോട്ടോ തുടങ്ങിയവ ഈ ശേഖരത്തിലുണ്ടാകും. പുരാരേഖകളില്‍ കോട്ടയം പട്ടണത്തിലെ വൈദ്യുതി വിതരണം നടത്തിയിരുന്ന വയസ്‌കര മൂസ് ഇതു സര്‍ക്കാരിന് കൈമാറിയതിന്റെ രേഖ പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നു.പ്രദര്‍ശനം പ്രമുഖ ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവവാര്യര്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസവും കോളജ് ഗ്രേറ്റ് ഹാളില്‍ രാവിലെ 9.30 മുതല്‍ ആറു വരെ പ്രദര്‍ശനം നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. പൊതുജനങ്ങള്‍ക്ക് 50 രൂപയും വിദ്യാര്‍ഥികള്‍ക്ക് 20 രൂപയുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss