|    Oct 15 Mon, 2018 6:08 pm
FLASH NEWS

പുരളിമലയില്‍ വിനോദസഞ്ചാര പദ്ധതികള്‍ ഒരുങ്ങുന്നു

Published : 19th September 2017 | Posted By: fsq

 

മട്ടന്നൂര്‍:  മാലൂര്‍ പഞ്ചായത്തിലെ ശിവപുരം, തോലമ്പ്ര വില്ലേജുകളില്‍ സ്ഥിതിചെയ്യുന്ന പുരളിമല സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറുന്നു. പൈതല്‍മലയ്ക്കും റാണിപുരത്തിനും ശേഷം സാഹസിക വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയൊരു പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് പുരളിമല. പതിറ്റാണ്ടുകളായി പുറംലോകമറിയാതെ കിടക്കുകയാണ് സമുദ്രനിരപ്പില്‍നിന്ന് 3,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടുത്തെ മിക്ക സ്ഥലങ്ങളും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഇ പി ജയരാജന്‍ എംഎല്‍എ നടത്തിയ ശ്രമങ്ങളാണ് ഏറെക്കാലത്തിനു ശേഷം പുരളിമലയുടെ സാധ്യതകളിലേക്കു വാതില്‍ തുറന്നത്. സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍പ്പെടുത്തി മലയുടെ ഒരു ഭാഗത്തേക്ക്‌റോഡ് പണിതതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇവടെ. റോപ്പ് വേ, പോളി ഹൗസ്, ലൈറ്റിങ്, മഡ് ഹൗസ്, ലാന്റ് സ്‌കേപിങ്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സണ്‍സെറ്റ് വ്യൂ, വാച്ച് ടവര്‍ തുടങ്ങി അഞ്ചു കോടിയിലേറെ രൂപ ചെലവുവരുന്ന പദ്ധതിയാണു സമര്‍പ്പിച്ചിട്ടുള്ളത്. തലശ്ശേരിയില്‍നിന്ന് കൂത്തുപറമ്പ് ഉരുവച്ചാല്‍ വഴി മാലൂര്‍-പേരാവൂര്‍ റോഡിലെ എസ്‌റ്റേറ്റ് പടിയിലൂടെ ഹൈസ്‌കൂള്‍ റോഡ് മുഖേനയും, ഇരിട്ടിയില്‍നിന്ന് കാക്കയങ്ങാട് മുഴക്കുന്ന് പെരിങ്ങാനം വഴിയും, തില്ലങ്കേരി ആലാച്ചി മച്ചൂര്‍മല വഴിയും,  ഉളിയില്‍ തെക്കംപൊയില്‍ പള്ള്യം വഴി പുള്ളിപൊയില്‍-ശിവപുരം റോഡില്‍ ആലാച്ചിയില്‍നിന്ന് മച്ചൂര്‍മല വഴിയും, മട്ടന്നൂരില്‍നിന്ന് അയ്യല്ലൂര്‍ ശിവപുരം-മാലൂര്‍ വഴിയും പുരളിമലയില്‍ എത്തിച്ചേരാം. അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം കൂടിയായ ഇവിടെ പാറകള്‍ നിറഞ്ഞുനില്‍ക്കുന്ന ക്വാറികളുമുണ്ട്. കേരളവര്‍മ പഴശ്ശിരാജയുടെ സൈനികകേന്ദ്രമായിരുന്നു പുരളിമല.  കുറിച്യ പടയാളികളുമൊത്ത് പഴശ്ശി രാജാവ് അവസാനകാലം ഇവടെഒളിവില്‍ കഴിഞ്ഞു. പിന്നീട് ബ്രിട്ടിഷ് പട്ടാളം വളഞ്ഞപ്പോള്‍ പഴശ്ശി വയനാടന്‍ കുന്നുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു. കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച 64 കളരികളില്‍ ഒന്നായ പിണ്ഡാലി ഗുരുക്കന്‍മാരുടെ കളരിക്കല്‍ കളരിയും പുരളിമലയുടെ താഴ്‌വരിയിലാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന സിഗ്‌നല്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നതും പുരളിമലയില്‍ തന്നെ. ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും വിമാനത്താവളത്തിന്റെ അടുത്ത പ്രദേശവുമായതു കൊണ്ടാണ് സിഗ്‌നല്‍ സ്‌റ്റേഷന്‍ ഇവിടെ സ്ഥാപിച്ചത്. ടൂറിസം പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നതോടെ പുരളിമലയിലേക്കുള്ള അനുബന്ധ റോഡുകള്‍ വികസിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss