|    Apr 25 Tue, 2017 10:10 am
FLASH NEWS

പുന്നോണ്‍ പാടത്ത് ജല ദൗര്‍ലഭ്യം; അറ്റകുറ്റപ്പണിയില്ലാതെ ഉപകനാല്‍

Published : 2nd November 2016 | Posted By: SMR

കോഴഞ്ചേരി: കഴിഞ്ഞ 25 വര്‍ഷമായി മുടങ്ങാതെ നെല്‍കൃഷി ചെയ്തുവരുന്ന പുന്നോണ്‍ പാടശേഖരത്ത് ജല ദൗര്‍ലഭ്യം  പ്രതിസന്ധിയുണ്ടാക്കുന്നു. ഏകദേശം 20 ഹെക്ടറോളം സ്ഥലത്ത് ഇവിടെ നെല്‍കൃഷി ചെയ്തിരുന്നു. പമ്പ ഇറിഗേഷന്റെ ഭാഗമായുള്ള ഇടതുകര കനാലിന്റ ഒരു സബ് കനാലാണ് പ്രദേശത്ത് വെള്ളം എത്തിച്ചിരുന്നത്. നാരങ്ങാനം ചക്കുങ്കല്‍ പടിയില്‍ തുടങ്ങി മടത്തുംപടി ഭാഗം വരെയുള്ള ഈ സബ്-ഡിസ്ട്രിബ്യൂട്ടറി കനാലില്‍ മണ്ണും പാഴ്‌വസ്തുക്കളും നിറഞ്ഞ് ജലത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. ഇവ മാറ്റി സബ് കനാലിന്റെ മെയിന്റന്‍സ് ചെയ്‌തെങ്കില്‍ മാത്രമേ ഈ കനാലിലെ ജലം പാടശേഖരത്തിലേക്ക് ഒഴുകി എത്തുകയുള്ളൂ. ഈ ആവശ്യം പരിഹരിക്കുന്നതിന് പിഐപി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫണ്ടിന്റെ അഭാവത്താല്‍ നിസ്സഹായരാണെന്ന് അറിയിച്ചു. ഈ പാടശേഖരത്തുകൂടി മൂന്ന് തോടുകള്‍ കടന്നുപോവുന്നുണ്ട്. തോടുകളില്‍ പലഭാഗത്തും മടവീഴ്ച ഉണ്ടായി നെല്ല് നശിച്ചു. ഇതിനുള്ള പരിഹാരമായി തോടുകളുടെ ആഴം കൂട്ടി ഭിത്തികള്‍ ബലപ്പെടുത്തേണ്ടതുണ്ട്. നാരങ്ങാനം വെസ്റ്റ് പുന്നോണ്‍ പാടശേഖര നെല്ലുല്‍പാദക സമിതി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി മാത്യു ടി തോമസിന് നിവേദനം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം ആറന്മുളയില്‍ നടന്ന കാര്‍ഷിക പുനരുദ്ധാരണ പരിപാടിയില്‍ പങ്കെടുത്ത മന്ത്രിക്കാണ് നിവേദനം സമര്‍പ്പിച്ചത്. പുന്നോണ്‍ പാടശേഖരത്തിലുള്ള വാഴത്തോപ്പില്‍ പാടത്ത് ജലലഭ്യത ഇല്ലാത്തതിനാല്‍ നെല്‍കൃഷി മുടങ്ങുകയാണ്. ജല ലഭ്യത ഉറപ്പാക്കിയാല്‍ ഇനിയും ആറു ഹെക്ടറോളം കൂടുതല്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ കഴിയുമെന്ന് പാടശേഖര സമിതി ജലവിഭവ വകുപ്പിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day