|    Mar 24 Sat, 2018 9:21 pm
FLASH NEWS

പുന്നാട് ബസ്സപകടം; 43 പേര്‍ ആശുപത്രിയില്‍; അപകടകാരണം അമിതവേഗം

Published : 12th July 2016 | Posted By: SMR

ഇരിട്ടി: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയുള്ള സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം നിയന്ത്രിക്കാന്‍ കാര്യക്ഷമമായ നടപടികളില്ല. ഇന്നലെ രാവിലെ പുന്നാട് കുളത്തിനു സമീപമുണ്ടായ അപകടത്തില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത് ബസ്സുകളുടെ മരണപ്പാച്ചിലാണ്. ഇരിട്ടി-മട്ടന്നൂര്‍ റൂട്ടിലോടുന്ന മിക്ക സ്വകാര്യബസ്സുകളും യാത്രക്കാരെയോ സഹവാഹനങ്ങളെയോ ഗൗനിക്കാതെയാണു ചീറിപ്പായുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇരിട്ടി മേഖലയില്‍ നാലു വാഹനാപകടങ്ങള്‍ ഉണ്ടായി.
നിരവധി പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പ്രസാദം ബസ് എതിരേവന്ന മേരിമാത ബസ്സിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ യാത്രക്കാരും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ട് പുറത്തെടുത്താണ് ആശുപത്രിയിലെത്തിച്ചത്.
ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ പുന്നാടിനും ഉളിയിലിനും ഇടയിലുള്ള കയറ്റവും ഇറക്കവും കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീതിയുണ്ടാക്കുന്ന സ്ഥലങ്ങളാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ ഭാഗത്തുണ്ടായ വാഹനാപകടങ്ങളില്‍ നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ക്ക് അപ്പുറത്ത് ശാശ്വത നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. ഇന്നലെയുണ്ടായ അപകടത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റു. 12 പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ശേഷിക്കുന്നവരെ കണ്ണൂര്‍ എകെജി, ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും പരിക്ക് സാരമുള്ളതാണ്.
പരിയാരത്ത് ചികില്‍സയില്‍ കഴിയുന്നവര്‍: ദിനേശന്‍ (44) തില്ലങ്കേരി, ഹരീന്ദ്രന്‍ (58) മണക്കായി, ബിന്‍സി (38) ചെടിക്കുളം, സിമി ബേബി (33) എടൂര്‍, ആനി പുതുപ്പറമ്പില്‍ (50) ഉളിക്കല്‍, തങ്കമണി (45) പുന്നാട്, ഷാജി (45) പുന്നാട്, മേരിമാത ബസ് കണ്ടക്ടര്‍ കരിക്കോട്ടക്കരിയിലെ ജിജോ (29), സരസ്വതി (82) നടുവനാട്, സുരേഷ് (32) മുരിങ്ങോടി, സിന്ധു (38) നീലേശ്വരം, ലതിക (35) നീലേശ്വരം. എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: ഫാത്തിമ (8) ചാവശ്ശേരി, ശിഖ (21) വട്ട്യറ, തുഷാര (21) വട്ട്യറ, ഗിരിജ (36) ഉളിയില്‍ ആവിലാട്, ജലീല്‍ (36) മരുതായി, സജിന (30) ചാവശ്ശേരി, കാഞ്ചന (43) ചാവശ്ശേരി, ബാലകൃഷ്ണന്‍ (60) ഏളന്നൂര്‍, നൗഫല്‍ (31). ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍: ശശീന്ദ്രന്‍ (52) ആറളം, രജിന (41) കണ്ണൂര്‍, സരസ്വതി (62) വട്ട്യറ, ജോഷി (45) ആനപ്പന്തി, തിലകന്‍ (48) നടുവനാട്, സഹദേവന്‍ (36) എടൂര്‍, ജോഷി (23) വീര്‍പ്പാട്, വേണുഗോപാല്‍ (48) മണത്തണ, ഗീത (35) മണത്തണ, നിത്യ (26) കൂടാളി, രാഘവന്‍ പുതുശ്ശേരി (32), സരസ്വതി (42) പുന്നാട്, ഹരീന്ദ്രന്‍ (55) മാടത്തില്‍, ബാലകൃഷ്ണന്‍ (56) എടയന്നൂര്‍, ഷൈല (36) ചാവശ്ശേരി, സുഭാഷ് (30) കതുവാപ്പറമ്പ്, കുമാര്‍ (70) കോളാരി, സുരേഷ് (51) കോളാരി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss