|    Oct 19 Fri, 2018 7:49 am
FLASH NEWS

പുനലൂര്‍- മൂവാറ്റുപുഴ റോഡ് നവീകരണം; ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗം 12ന് ചേരും

Published : 1st August 2016 | Posted By: SMR

പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി 12ന് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗം ചേരാന്‍ ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനം. പന്തളം ഫയര്‍സ്‌റ്റേഷന് കെട്ടിടം നല്‍കുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതിയെ യോഗം ചുമതലപ്പെടുത്തി.കുഴിക്കാല ജങ്ഷനിലെ അപകടാവസ്ഥയിലുള്ള ആല്‍മരം മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. കുളനട പഞ്ചായത്തിലെ പത്ത് സ്ഥലങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കണം.
കുളനട പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. ജലവിതരണം തടസപ്പെടുന്ന വിവരം വാട്ടര്‍ അതോറിറ്റി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്നും വീണാജോര്‍ജ് ആവശ്യപ്പെട്ടു. മില്‍മയ്ക്ക് വാടകയ്ക്ക് നല്‍കിയ സ്ഥലത്ത് ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോയെന്ന് അറിയുന്നതിനും സ്ഥലം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജില്ലാ കലക്ടറുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ ആഗസ്റ്റ് ഒമ്പതിന് യോഗം വിളിക്കാന്‍ തീരുമാനിച്ചു.
ചേരിക്കല്‍ സ്വയംപര്യാപ്ത ഗ്രാമ പദ്ധതിയുടെ നിലവിലെ സ്ഥിതി ഏജന്‍സിയുടെ  യോഗത്തിന് ശേഷം അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെല്ലിമൂട്ടില്‍പ്പടിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ വലിയ വാഹനങ്ങള്‍ വേഗത്തിലാണ് വരുന്നത്. ഇത് നിയന്ത്രിക്കണം. കൊടുമണ്‍ പ്ലാന്റേഷന്‍ കാടു കയറി കിടക്കുകയാണ്. ഇതിനാല്‍ കാട്ടുപന്നി ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പ് നടപടിയെടുക്കണം. നെടുങ്കുന്നത്തുമല ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം അളന്ന് തിരിക്കണം. അടുത്ത വികസന സമിതി യോഗത്തിന് മുന്‍പ് നടപടി പൂര്‍ത്തിയാക്കണം. മിത്രപുരത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ പൊട്ടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെഎസ്ടിപി പരിശോധിക്കണം. ഏനാത്ത് ഇഎസ്‌ഐ ആശുപത്രിയുടെ നിര്‍മാണം നടത്തുന്നതിന് വേണ്ട നടപടിയുണ്ടാവണം. കല്ലുകുഴി മലനട റോഡ് നന്നാക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കണം. കടയ്ക്കാട് വേദി  പന്തളം പോലീസ് സ്‌റ്റേഷന്‍ റോഡ്, മുട്ടാര്‍ മണികണ്ഠന്‍ ആല്‍ത്തറ റോഡ് എന്നിവ ഉടന്‍ നന്നാക്കണം. പന്തളം കുരമ്പാല റോഡിലെ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് നടപടി ഉണ്ടാവണം. അടൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് രാത്രിയില്‍ പോലിസിന്റെ സേവനം ഉറപ്പു വരുത്തണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പദ്ധതി രണ്ടു മാസത്തിനകം റീടെന്‍ഡര്‍ ചെയ്യണം. കോന്നിയിലെ പട്ടയവിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണം. കൂടല്‍ ആശുപത്രിയുടെ പണി തുടങ്ങുന്നത് സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. കോന്നി,. കലഞ്ഞൂര്‍, മല്ലശ്ശേരി, ഈട്ടിമൂട്ടില്‍പ്പടി എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്നും അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു. ആവണിപ്പാറ പാലം പണിക്കും അഞ്ച് അനുബന്ധ റോഡുകള്‍ക്കും അനുമതി നല്‍കുന്നത് സംബന്ധിച്ച് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പരിശോധന നടത്തിയതായി കോന്നി ഡിഎഫ്ഒ എംഎല്‍എയെ അറിയിച്ചു.കോഴഞ്ചേരി — മണ്ണാറക്കുളഞ്ഞി റോഡില്‍ കോഴഞ്ചേരി പഴയതെരുവില്‍ നിന്ന്  ടി.കെ. റോഡിലേക്ക് കയറുന്ന ഭാഗത്ത് അപകടസാധ്യത കൂടുതലാണെന്നും ഇതിന് പരിഹാരം കാണണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി കീഴുകര  പുളീലേത്ത്പടി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ റോഡ് തകര്‍ന്നു കിടക്കുന്നതിന് പരിഹാരം കാണണം. റോഡിന്റെ വശങ്ങളില്‍ ബി. എസ്. എന്‍. എലും വാട്ടര്‍ അതോറിറ്റിയും കുഴിയെടുത്തതാണ് റോഡ് നാശമാകാന്‍ കാരണം. ആന്താലിമണ്‍ കുടിവെള്ള പദ്ധതിയുടെ രണ്ട് മോട്ടോറുകളും കേടായിരിക്കുകയാണെന്നും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറന്‍മുള സഹകരണ പരിശീലന കോളേജിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എംപി ഫണ്ടില്‍ നിന്ന് കംപ്യൂട്ടറുകള്‍ നല്‍കാനാവുമോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു.
കോട്ടാങ്ങല്‍ പഞ്ചായത്തിലെ മാരംകുളം നിര്‍മ്മലപുരം റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതും കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് ബി. എസ്. എന്‍. എലുമായി തര്‍ക്കമുള്ളതിനാല്‍ ജില്ലാ കളക്ടര്‍ യോഗം വിളിക്കും. തേവേരി, പെരിങ്ങര കുടിവെള്ള പദ്ധതികള്‍ നെടുമ്പ്രം കടപ്ര പെരിങ്ങര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളും അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിശോധിച്ച് നടപടിയെടുക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. അപ്പര്‍ കുട്ടനാട് മേഖലയിലെ പാടശേഖരങ്ങളില്‍ രണ്ടാം കൃഷി ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 200 ഹെക്ടര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കവിയൂര്‍ അംഗന്‍വാടിക്ക് ഭരണാനുമതി ലഭിച്ചതായി എ. ഡി. സി ജനറല്‍ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളേജിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടി പുരോഗമിക്കുന്നതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മല്ലപ്പള്ളി റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കുറ്റൂര്‍ തിരുമൂലപുരം റോഡിലെ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആര്‍. ഡി. ഒ യോഗം വിളിക്കും. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞതായി ഡിഎംഒ (ആരോഗ്യം) അറിയിച്ചു.
തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ജില്ലയിലെ പ്രധാന അപകട മേഖലകളായ ചേന്നംപള്ളില്‍, നെല്ലാട്, വാഴക്കുന്നം എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ജെ. ആമിന, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss