|    Jan 24 Tue, 2017 8:57 pm
FLASH NEWS

പുനലൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വീര്യമേറെ

Published : 4th May 2016 | Posted By: SMR

പുനലൂര്‍: നാല് പേര്‍ കൂടുന്നിടത്ത് ചൂട്ട് പൊള്ളിക്കുന്ന ചൂടിനെക്കാള്‍ ചര്‍ച്ച ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. അരിപ്പയിലും ഉറകുന്നിലും ഭൂസമരങ്ങളും തോട്ടം തൊഴിലാളികളുടെ സമരവും പുനലൂരിന്റെ തിരഞ്ഞെടുപ്പ് ഭൂമികയെ ചൂട് പിടിപ്പിക്കുന്നു. പുനലൂര്‍ തൂക്കുപാലം പഴയ പ്രതാപം വീണ്ടെടുത്തിരിക്കുന്നു. പേപ്പര്‍ മില്ലില്‍ വീണ്ടും സൈറണ്‍ മുഴങ്ങി. പക്ഷേ, ബഹുഭൂരിപക്ഷം വരുന്ന തോട്ടം തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇനിയും അകലെയാണ്. ഇവിടുത്തെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം കര്‍ഷകരും തോട്ടം തൊഴിലാളികളുമാണ്. കുളത്തൂപ്പുഴ, അച്ഛന്‍കോവില്‍, ആര്യങ്കാവ് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ആദിവാസി വോട്ടര്‍മാരുണ്ട്. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്റെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും പുനലൂരിന്റെ വിധി കുറിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

ഇത്തവണ ഹാട്രിക് വിജയം തേടി സിപിഐയിലെ കെ രാജു തന്നെയാണ് മണ്ഡലത്തില്‍ മല്‍സര രംഗത്ത്. എതിരിടാന്‍ ഇരവിപുരത്ത് നിന്നും ജില്ലാ അതിര്‍ത്തിയിലെത്തിയ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ്‌കുഞ്ഞും. എന്‍ഡിഎ ഘടക കക്ഷിയായ പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഡ്വ. സിസില്‍ ഫെര്‍ണാണ്ടസും മണ്ഡലത്തില്‍ പോരാട്ടം കടുപ്പിക്കുന്നുണ്ട്. കെ ശശാങ്കന്‍(എസ്‌യുസിഐ), വി സതീഷ്‌കുമാര്‍(ശിവസേന), എം നവാസ്, നെട്ടയം സുജി(സ്വതന്ത്രര്‍) എന്നിവരാണ് മണ്ഡലത്തിലെ മറ്റുസ്ഥാനാര്‍ഥികള്‍.
കെ രാജു എഐഎസ്എഫ് പ്രവര്‍ത്തകനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചല്‍ സെന്റ്‌ജോണ്‍സ് കോളജില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവ. ലാ കോളജില്‍ നിന്ന് നിയമബിരുദം നേടി. 35 വര്‍ഷമായി അഭിഭാഷകവൃത്തി ചെയ്യുന്നു. എഐവൈഎഫ് ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വര്‍ഷക്കാലം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 25-ാമത്തെ വയസില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കുളത്തൂപ്പുഴ ഡിവിഷനില്‍ നിന്ന് വിജയിക്കുകയും ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായി അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്തു. 2006ലെ തിരഞ്ഞെടുപ്പില്‍ സിഎംപി നേതാവ് എം വി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തി. 2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. ജോണ്‍സണ്‍ എബ്രഹാമിനെ 18,005 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി എ യൂനുസ്‌കുഞ്ഞ് നിയമസഭയിലേക്ക് ആറാം തവണയാണ് മല്‍സരിക്കുന്നത്. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റാണ്. 1980 മുതല്‍ ഇരവിപുരം മണ്ഡലത്തില്‍ നാലു തവണ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991 ല്‍ മലപ്പുറത്ത് വിജയിച്ചു. വടക്കേവിള പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം, കൊല്ലം കോര്‍പറേഷല്‍ കൗണ്‍സില്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സീറ്റ് വിഭജനത്തില്‍ കാലതാമസം അനുഭവപ്പെട്ടതുമൂലം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം തുടങ്ങാന്‍ വൈകിയിരുന്നു. എന്നാല്‍, അതെല്ലാം ഇപ്പോള്‍ മറികടന്നു. മൂന്നാം റൗണ്ട് പര്യടനത്തിലേക്ക് കടന്നതോടെ മണ്ഡലത്തില്‍ മല്‍സരം തീ പാറുകയാണ്. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ മുന്‍ഗണന നല്‍കിയത്. മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, തോട്ടം മേഖല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു. ഒന്നാംഘട്ട പ്രചരണംത്തിന്റെ ഭാഗമായി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി. ബൂത്ത്തല കണ്‍വന്‍ഷനുകളും പൂര്‍ത്തിയായി.
സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗവും സുപാലികസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോര്‍ജ്ജ് മാത്യു, മുന്‍ എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി എസ് സുപാലിനുമാണ് എല്‍ഡിഎഫില്‍ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യചുമതല.
യുഡിഎഫ് സ്ഥാനാര്‍ഥി എ യൂനുസ്‌കുഞ്ഞിന് റോസ്മല, കുളത്തൂപ്പുഴ ആര്‍പിഎല്‍, അറയ്ക്കല്‍ തുടങ്ങിയ തോട്ടം മേഖലകളില്‍ ആവേശോജ്ജ്വല സ്വീകരണമാണ് ഇന്നലെ ലഭിച്ചത്. സ്വീകരണത്തിനിടയില്‍ തോട്ടം മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ തൊഴിലാളികളുമായി ചോദിച്ചറിയാനും സ്ഥാനാര്‍ഥി സമയം കണ്ടെത്തി.
തോട്ടംമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്നും സ്വീകരണം ഏറ്റുവാങ്ങി യൂനുസ്‌കുഞ്ഞ് പറഞ്ഞു. കെപിസിസി വൈസ്പ്രസിഡന്റ് ഭാരതീപുരം ശശി, മാമ്പഴത്തറ സലിം, കൈപ്പള്ളില്‍ മാധവന്‍കുട്ടി, നെല്‍സണ്‍ സെബാസ്റ്റ്യന്‍, കുളത്തൂപ്പുഴ സലിം, കുളത്തൂപ്പുഴ ഷാഹുദ്ദീന്‍, കെ കെ സാബു, രമേശന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചിരുന്നു.
കിഴക്കന്‍ മലയോരമേഖലയിലെ ഇടമണ്‍ വില്ലേജ് അതിര്‍ത്തിയായ ഓലപ്പാറയില്‍ നിന്നാണ് ഇന്നലെ രാവിലെ ഒമ്പതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാജുവിന്റെ സ്വീകരണം ആരംഭിച്ചത്. തുടര്‍ന്ന് ഉപ്പുകുഴി, ചാലിയക്കര, ചെറുതന്നൂര്‍, വെള്ളിമല, മേല്‍പാലം, തോണിച്ചാല്‍, ആനപെട്ടകോങ്കല്‍, തേവര്‍കുന്ന്, എച്ച്എസ് ജങ്ഷന്‍, പുലരി, ലക്ഷംവീട്, ആനൂര്‍, ഇടത്തറപച്ച, അയത്തില്‍, 17-ാംബ്ലോക്ക്, ഉദയഗിരി, നാലുസെന്റ് കോളനി, ഇടമണ്‍ ഡാം ജങ്ഷന്‍ വഴി ഇടമണ്‍ 34ല്‍ സമാപിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗകോളനികളും കശുവണ്ടി ഫാക്ടറികളും ഉള്ള ഇവിടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കാര്‍ഷികമേഖലയായ വില്ലേജില്‍ കര്‍ഷകതൊഴിലാളികള്‍ അടക്കമുള്ളവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇടതുമുന്നണിനേതാക്കളായ സി അജയപ്രസാദ്, എസ് ബിജു, എ സലിം, എസ് സുനില്‍കുമാര്‍, ഗോപിനാഥപിള്ള, തങ്കപ്പന്‍പിള്ള, എന്‍ കോമളകുമാര്‍, എ ജോസഫ്, രാജേഷ്, ടി ചന്ദ്രാനന്ദന്‍, അശോകന്‍, ടി കബീറുദ്ദീന്‍, എസ് സുദര്‍ശനന്‍, ഇ ഷംസുദ്ദീന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
മണ്ഡലത്തില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുകയാണെന്നും ബിഡിജെഎസ് കൂടി മുന്നണിയില്‍ എത്തിയതോടെ താന്‍ മണ്ഡലത്തില്‍ വിജയിക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഡ്വ. സിസില്‍ ഫെര്‍ണണ്ടാസ് പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക