|    Dec 15 Sat, 2018 4:16 am
FLASH NEWS
Home   >  Editpage  >  Editorial  >  

പുനര്‍നിര്‍മാണത്തിന് ഉപദേശികള്‍

Published : 7th September 2018 | Posted By: kasim kzm

കേരളത്തിന്റെ പുനര്‍നിര്‍മാണ സംരംഭങ്ങളില്‍ ബൗദ്ധികമായ ഉപദേശവും പിന്തുണയും നല്‍കുന്നവരുടെ ജാതകം പരിശോധിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നു വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറയുന്നു. കെപിഎംജി എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടിങ് ഏജന്‍സി പുനര്‍നിര്‍മാണരംഗത്ത് സൗജന്യമായി ബൗദ്ധിക സേവനം നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയുണ്ടായി. ഇതുസംബന്ധിച്ച് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉന്നയിച്ച ഉല്‍ക്കണ്ഠകളോടുള്ള പ്രതികരണമായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
കേരളം പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന വേളയില്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വലിയതോതിലുള്ള സഹായം ലഭിക്കുകയുണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാനാജാതിമതസ്ഥരായ ജനങ്ങള്‍ ഒന്നിച്ചു കൈകോര്‍ത്തുപിടിച്ചു. പ്രതിസന്ധിയുടെ ഘട്ടത്തില്‍ സര്‍ക്കാരിന് ജനങ്ങളും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ശക്തമായ പിന്തുണ നല്‍കി.
ഇനിയുള്ള ഘട്ടം പുനര്‍നിര്‍മാണത്തിന്റേതാണ്. അതു കരുതലോടെ ചെയ്യേണ്ട കാര്യമാണ്. ഭാവി കേരളത്തിന്റെ രൂപവും ഭാവവും എന്തായിരിക്കുമെന്നു നിര്‍ണയിക്കപ്പെടുന്ന വേളയാണിത്. കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ താല്‍പര്യങ്ങളും ഉല്‍ക്കണ്ഠകളും പരിഗണിക്കപ്പെടണം. സാമൂഹികക്ഷേമ സങ്കല്‍പത്തില്‍ അധിഷ്ഠിതമായ വികസനമാതൃകയെ പിന്തുടരുന്ന നയസമീപനം തന്നെയാണ് അതില്‍ നിര്‍ണായകമാവേണ്ടത്. കേരളത്തിന്റെ സാമൂഹികമായ കെട്ടുറപ്പിനും വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്കും നിദാനമായത് സാമൂഹിക സമത്വത്തിലും ക്ഷേമത്തിലും ഊന്നിയ നമ്മുടെ വികസന സങ്കല്‍പമാണ്.
ഇപ്പോള്‍ 30,000 കോടി രൂപയിലധികം ചെലവാക്കി സംസ്ഥാനത്ത് ജനജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ യത്‌നിക്കുമ്പോള്‍ സ്വകാര്യ മേഖലയുടെ താല്‍പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഏജന്‍സികളെയാണോ നമുക്കു വേണ്ടത്? ഉപദേശം തരുന്നവരുടെ ജാതകം പരിശോധിക്കാതെ അതെല്ലാം ശിരസ്സാവഹിച്ചുകൊണ്ടു പുനര്‍നിര്‍മാണം നടത്തിയാല്‍ ആരുടെ കേരളമാണ് ഇവിടെ കെട്ടിപ്പടുക്കാന്‍ പോവുന്നത്? വിദേശ സാങ്കേതികവിദ്യയും വിദേശപണവും നമുക്ക് അനിവാര്യമാണ്. വിദേശത്തു നിന്നുള്ള ഉപദേശവും അസ്വീകാര്യമല്ല. പക്ഷേ, അതു നമ്മുടെ പരമ്പരാഗത സമീപനങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ളതാവരുത്.
കെപിഎംജിയുടെ അന്താരാഷ്ട്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വലിയ വിമര്‍ശനവിധേയമായതാണ്. ദക്ഷിണാഫ്രിക്കയില്‍ ഭരണകൂടത്തിലെ അഴിമതിസംഘവുമായി കൂട്ടുചേര്‍ന്ന് എങ്ങനെയാണ് നാട്ടിലെ നികുതിവകുപ്പിനെ അവര്‍ അട്ടിമറിച്ചത് എന്ന് ന്യൂയോര്‍ക്ക് ടൈംസ്് ചൂണ്ടിക്കാട്ടുകയുണ്ടായി. ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും അമേരിക്കയിലും യുഎഇയിലും അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്വേഷണം നേരിടുകയാണ്.
അതിനാല്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നു മാത്രമേ ഇപ്പോള്‍ പറയാനാവൂ. 2004ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്റെ ഉപദേശകസമിതിയില്‍ ഒരു വിദേശ ഏജന്‍സിയുടെ വിദഗ്ധനെ ഉള്‍പ്പെടുത്തിയപ്പോള്‍ സിപിഎം അനുഭാവികളായ ചിലര്‍ അതില്‍ നിന്നു രാജിവയ്ക്കുകയുണ്ടായി. ഇപ്പോള്‍ അതേ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ കളങ്കിതമായ ഒരു ഏജന്‍സിയുടെ സഹായം സ്വീകരിക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല എന്നതു രസകരമായ വസ്തുതയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss