|    Nov 14 Wed, 2018 2:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പുനര്‍നിര്‍മാണംസ്വന്തം

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ താറുമാറായ കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി. വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനും റോഡുകളുടെ പുനര്‍നിര്‍മാണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. നാലു ദിവസത്തിനുള്ളില്‍ വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിക്കും. പ്രളയം മൂലം വൈദ്യുതി വകുപ്പിന് 400 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെഎസ്ഇബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. 25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിങിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു- മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, പ്രളയക്കെടുതിയില്‍ നശിച്ച റോഡുകളുടെ പുനര്‍നിര്‍മാണം അടിയന്തരമായി ആരംഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ആദ്യം പൂര്‍ണമായും തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കും. റോഡുകളിലെ മാലിന്യങ്ങളും ഓടകളും വൃത്തിയാക്കി അടിയന്തരമായി അടയ്‌ക്കേണ്ട കുഴികള്‍ അടച്ച് വളരെ വേഗം റോഡുകള്‍ പുനസ്ഥാപിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഒരു പുതിയ വെല്ലുവിളിയായി ഇതിനെ നേരിടുമെന്നും മന്ത്രി അറിയിച്ചു. തകരാറിലായിട്ടുള്ള പാലങ്ങള്‍ പുനര്‍നിര്‍മിക്കും. അപകടാവസ്ഥയിലുള്ള പാലങ്ങളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കി ബദല്‍മാര്‍ഗം ഉണ്ടാക്കും. 11,000 കി.മീറ്റര്‍ പൊതുമരാമത്ത് റോഡും 3000 കി.മീറ്റര്‍ ദേശീയപാതയും പല രീതിയില്‍ നന്നാക്കേണ്ടതായിട്ടുണ്ട്. ഇതിനു പണം ഒരു പ്രശ്‌നമല്ല. ഇപ്പോള്‍ 2000 കോടി രൂപ അനുവദിച്ചിട്ടുള്ളതു വച്ച് പ്രവൃത്തികളെല്ലാം ആരംഭിക്കും. പണി പൂര്‍ത്തീകരിക്കുന്നതിന് അനുസൃതമായി തുക പൂര്‍ണമായും നല്‍കാന്‍ കഴിയും. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. പുതുതായി നിര്‍മാണം ആരംഭിക്കുന്ന റോഡുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്ത് നിര്‍മിക്കും. കുഴിയടയ്ക്കല്‍ പ്രവൃത്തി ഇതിനു പുറമെ മണ്ഡലങ്ങളില്‍ നടത്തും. ഇതിന്റെ ആരംഭം കുറിച്ച് ചെങ്ങന്നൂരില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പണി ആരംഭിച്ചു. ഇതുപോലെ മറ്റു ജില്ലകളിലും പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡുകളുടെ ആവശ്യകതയ്ക്ക് അനുസൃതമായി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss