|    Oct 20 Sat, 2018 10:21 am
FLASH NEWS

പുനര്‍നടീല്‍ നിയന്ത്രണവും ഉയര്‍ന്ന സീനിയറേജ് തുകയും; റബര്‍ തോട്ടങ്ങള്‍ പ്രതിസന്ധിയില്‍

Published : 11th November 2017 | Posted By: fsq

 

തൃശൂര്‍: റബര്‍ വില തകര്‍ച്ചക്കിടെ റബറിന്റെ പുനര്‍നടീല്‍ മുടങ്ങിയതോടെ തിരിച്ചടി നേരിട്ട്  കേരളത്തിലെ റബ്ബര്‍ എസ്‌റ്റേറ്റുകളും തൊഴിലാളികളും. ഹാരിസണ്‍സ് മലയാളം റബര്‍ തോട്ടങ്ങളിലും സമാന അവസ്ഥയാണ് . തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന ആയിരകണക്കിന് തൊഴിലാളികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റബര്‍ വില താഴേക്കാണ്. 2011-12ല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ റബര്‍ വില 2016ല്‍ 90 രൂപയിലേയ്ക്ക് താഴുകയുണ്ടായി. 2012-13ല്‍ ശരാശരി കിലോഗ്രാമിന് 176 രൂപ ലഭിച്ചപ്പോള്‍ 2016-17ല്‍ അത് 135.5 രൂപയായി താഴ്ന്നു. കേരളത്തില്‍  ഒരു കിലോ റബര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് 160 രൂപയില്‍ അധികമാണ്. അതിനേക്കാള്‍ കുറഞ്ഞവിലയാണ്  ഇപ്പോള്‍ ലഭിക്കുന്നത്.കൃത്യമായ ഇടവേളകളില്‍ ചെയ്യുന്ന പുനര്‍നടീലാണ് ഒരു തോട്ടത്തിന്റെ ഉല്‍പാദനക്ഷമത നില നിര്‍ത്തുന്നതും വരുമാനത്തിന് സഹായിക്കുന്നതും. ഇത് നിലക്കുമ്പോള്‍ അത് തോട്ടത്തിന് ഒന്നാകെ തിരിച്ചടിയാണ്. തൊഴിലാളികളുടെ ജോലിയെയും അവരുടെ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിക്കും.കഴിഞ്ഞ നാല് വര്‍ഷമായി റബര്‍ മരം വെട്ടിമാറ്റുന്നത് നിരോധിച്ചതും മരങ്ങള്‍ വെട്ടി മാറ്റുമ്പോള്‍ സര്‍ക്കാരിലേക്ക് ഉയര്‍ന്ന സിനിയറേജ് തുക ഏര്‍പ്പെടുത്തിയതും ഹാരിസണ്‍സ് മലയാളം തോട്ടങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. കേരള ഗ്രാന്റ്‌സ് ആന്റ് ലീസസ് ( മോഡിഫിക്കേഷന്‍ ഓഫ് റൈറ്റ്‌സ് ആക്ട്-1980) നിയമം അനുസരിച്ച് 2006ലാണ് ഹാരിസണ്‍സ് മലയാളം തോട്ടങ്ങളില്‍ നിന്നും സിനിയറേജ് തുക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പാട്ടത്തിന് നല്‍കിയ തോട്ടത്തില്‍ നിന്നും മരം വെട്ടുമ്പോളോ നീക്കം ചെയ്യുമ്പോഴോ പാട്ടത്തിന് നല്‍കിയ ആള്‍ക്ക് സിനിയറേജ് തുക നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.എന്നാല്‍ ഈ തുക എത്രയായിരിക്കണമെന്ന് നിയമത്തില്‍ എവിടെയും പരാമര്‍ശമില്ല. തോട്ടങ്ങളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച എന്തെങ്കിലും നടപടികളോ നിര്‍ദ്ദേശങ്ങളോ നല്‍കിയിരുന്നില്ല.  എന്നാല്‍ വനം വകുപ്പ് റബര്‍ മരങ്ങളില്‍ നിന്നും സിനിയറേജ് പിരിച്ചെടുക്കാന്‍ രംഗത്തിറങ്ങി. അതേസമയം കാര്‍ഷിക വിളയായ റബ്ബറിന് സിനിയറേജ് ബാധകമാണെന്ന് നിയമങ്ങളില്‍ എവിടെയും പരാമര്‍ശിക്കുന്നില്ലെന്ന് മാത്രമല്ല, റബര്‍ ഒരു വന വിഭവമാണെന്നും പറയുന്നില്ല.  നിയമത്തിന്റെ ഷെഡ്യൂളില്‍ ഉള്‍പ്പെട്ട തേക്ക്, റോസ് വുഡ്. ചന്ദനമരം, കരിങ്ങാലി, കരിന്താളി  തുടങ്ങിയവ വെട്ടുകയോ നീക്കം ചെയ്യുകയോ ചെയ്യുമ്പോള്‍ മാത്രമാണ് സിനിയറേജ് തുക നല്‍കേണ്ടത്. പാട്ടത്തിന് നല്‍കുന്ന സമയത്ത് ഭൂമിയിലുള്ള മരങ്ങള്‍ക്ക് മാത്രമാണ്  സീനിയറെജ് നല്‍കേണ്ടതെന്നും പാട്ടത്തിന് എടുക്കുന്നവര്‍ നടുന്ന  മരങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും 1990 ല്‍ വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.കേരള ലാന്റ് കണ്‍സെര്‍വന്‍സി നിയമ പ്രകാരം ഹാരിസണ്‍സ് മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാന്‍  എംജി രാജമാണിക്യം ഐഎഎസിനെ  സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചിരുന്നു. ഇത് പ്രകാരം ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈവശാവകാശ രേഖ നല്‍കേണ്ടെന്ന്  നിര്‍ദ്ദേശം നല്‍കി. കൂടാതെ വര്‍ഷങ്ങളായി കരം അടച്ചു കൊണ്ടിരുന്ന ഭൂമിയില്‍ നിന്നു പോലും കരം സ്വീകരിക്കേണ്ടെന്നും ഉത്തരവിട്ടു. തോട്ടങ്ങളുടെ പ്രവര്‍ത്തനം ബാങ്കില്‍ നിന്നും വായ്പ എടുത്തും മറ്റുമാണെന്നിരിക്കെ ഈ ഉദ്യോഗസ്ഥന്റെ ഏകപക്ഷീയമായ നിലപാട് ഹാരിസണ്‍ മലയാളത്തിന് കേരളത്തിലെ തോട്ടങ്ങളില്‍ പുതിയ നിക്ഷേപം നടത്താന്‍ സാധിക്കാത്ത വിധത്തിലേക്ക് എത്തിച്ചു.ഉല്‍പ്പാദന കാലാവധി കുറഞ്ഞ റബര്‍ മരങ്ങള്‍ വെട്ടിമാററി പുതിയ തൈകള്‍ വെക്കുന്നതാണ് തോട്ടങ്ങള്‍ അനുവര്‍ത്തിച്ച് വരുന്ന രീതി. എന്നാല്‍ ഹാരിസണ്‍ മലയാളം തോട്ടങ്ങളില്‍ ഇതിന് സാധിക്കുന്നില്ല. പ്രകൃതി ക്ഷോഭങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിലും നശിച്ച മരങ്ങള്‍ പോലും വെട്ടിമാറ്റാനാകാത്ത സ്ഥിതിയാണ് .പഴയ റബര്‍ മരങ്ങള്‍ വെട്ടി പുതിയത് നടാന്‍ പറ്റാതായതോടെ തോട്ടങ്ങളിലെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. തൊഴിലാളികള്‍ക്കോ തോട്ടത്തിനോ ഗുണമില്ലാതെ ഉപയോഗ ശൂന്യമായ 2.5 ലക്ഷത്തില്‍ പരം റബര്‍ മരങ്ങള്‍ നില്‍ക്കുകയാണ്. 2000 ഏക്കറിലാണ് പുനര്‍നടീല്‍ ആവശ്യമുളളത്.പഴയ മരങ്ങള്‍ വെട്ടലും പുതിയവ നടലും കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങി കിടക്കുന്നത് കാരണം 7.5 ലക്ഷം തൊഴില്‍ ദിനങ്ങളാണ് തൊഴിലാളികള്‍ക്ക് നഷ്ടമായത്. പ്രതിവര്‍ഷം 1.8 തൊഴില്‍ ദിനങ്ങള്‍ നഷ്ടമെന്ന് ചുരുക്കം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss