|    Aug 23 Wed, 2017 7:56 am

പുനരുദ്ധാരണത്തിനൊരുങ്ങി മോണിങ് സ്റ്റാര്‍ ആര്‍ട്‌സ് ക്ലബ്ബ്

Published : 1st December 2016 | Posted By: SMR

മുളക്കുഴ: മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് സജീവമായിരുന്ന മുളക്കുഴ പള്ളിപ്പടിയിലെ മോര്‍ണിങ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അലസത മറന്ന് പുനരുദ്ധരിക്കാന്‍ ആദ്യകാല പ്രവര്‍ത്തകരടക്കം സജീവമാകുന്നു. അക്കാലത്ത് പ്രദേശത്തെ കലാകായിക കൗമാരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന കേന്ദ്രമായിരുന്നു ഈ ക്ലബ്ബ്. എം. സി. റോഡുവക്കില്‍ പള്ളിപ്പടി ജംഗ്ഷനു സമീപം സ്വന്തം വസ്തുവും കെട്ടിടവുമുള്ള ക്ലബ്ബ് ആദ്യകാലത്ത് നിരവധി കലാകായിക മത്സരങ്ങളില്‍ ജേതാക്കളാവുകയും ഓണം തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും മറ്റും ചെയ്തിരുന്നു. പിന്നീട് ആദ്യകാല പ്രവര്‍ത്തകര്‍ പുതു തലമുറയ്ക്ക് ഭരണം കൈമാറിയതോടെ പില്ക്കാലത്ത് ക്ലബ്ബ് നിര്‍ജ്ജീവമാവുകയായിരുന്നു. സൈന്യത്തിലും വിദേശത്തുമൊക്കെ ജോലിയില്‍ പ്രവേശിച്ചിരുന്ന പലരും ഇപ്പോള്‍ മുപ്പത് വര്‍ഷത്തിനു ശേഷം മടങ്ങിയെത്തുകയും തങ്ങളുടെ ആദ്യകാല സൗഹൃദകേന്ദ്രമായിരുന്ന ക്ലബ്ബ് പുനരുദ്ധരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നാലിന് വൈകീട്ട് അഞ്ചിന് ഇതിനായി ഒരു ആലോചനാ യോഗം ക്ലബ്ബില്‍തന്നെ വിളിച്ചുകൂട്ടിയിട്ടുണ്ട്. വിവിധ മത്സരപരീക്ഷകളില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കുക, പ്രദേശത്തെ എല്ലാ വീടുകളിലും റേഡിയോ എത്തിക്കുക, വായനാശീലം വളര്‍ത്തുക, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വായനയില്‍ താല്പര്യമുണ്ടാക്കുന്നതിനായി പുസ്തകങ്ങള്‍ വീടുകളിലേക്കെത്തിക്കുക, വിവിധ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക തുടങ്ങി വലിയ ലക്ഷ്യങ്ങളുമായിട്ടാണ് ആദ്യകാല സംഘാടകര്‍ ക്ലബ്ബ് പുനസ്സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക