|    Oct 17 Wed, 2018 2:16 am
FLASH NEWS

പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ 10 കോടി: മന്ത്രി

Published : 20th December 2015 | Posted By: SMR

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തള്ളാന്‍ 10 കോടി രൂപ വകമാറ്റി ചെലവഴിക്കാന്‍ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പറഞ്ഞു. ഈ മാസം 31 നകം ഇതു കൊടുത്തു തീര്‍ക്കാന്‍ കഴിയുന്ന വിധം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി മോഹനന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ജില്ലാതല സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കടം എഴുതി തള്ളുന്നതിന് വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും യോഗം ചേര്‍ന്നതായി ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. വായ്പയുടെ മുതല്‍ സര്‍ക്കാര്‍ അടക്കും. പലിശ എഴുതി തള്ളാന്‍ വാണിജ്യ ബാങ്കുകള്‍ സന്നദ്ധത അറിയിച്ചു. സഹകരണ ബാങ്കുകള്‍ക്ക് പലിശ എഴുതി തള്ളുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നതിന് ജില്ലാ കലക്ടര്‍ സഹകരണ രജിസ്ട്രാര്‍ക്ക് എഴുതിയിട്ടുണ്ട്.
നടപടികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ തുക അനുവദിക്കും. ജനുവരി 10നകം സ്‌നേഹ നിധി വഴി ബഡ്‌സ് സ്‌ക്കൂളുകള്‍ക്ക് വാഹനം ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജനുവരി ആറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ജനുവരി ഒന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ എംഎല്‍എമാരുടെയും, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെയും നിര്‍വഹണന ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഇതിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ 31നകം യോഗം വിളിച്ചു ചേര്‍ക്കും. ഈ യോഗങ്ങളിലെ നിര്‍ദ്ദേശങ്ങളും ആറിന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഫെബ്രുവരിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. ഇതിനായി 31നകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്ത രോഗികള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി അപേക്ഷ നല്‍കണം. ദുരിതബാധിതര്‍ക്ക് അനുവദിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ജനുവരി ഒന്നിന് കലക്ടറേറ്റില്‍ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വിതരണം ചെയ്യും.
പഞ്ചായത്ത് സമിതികളും നിയമസഭാംഗങ്ങള്‍ അധ്യക്ഷന്മാരായ ഉപസമിതികളും സമയബന്ധിതമായി യോഗം ചേര്‍ന്ന് വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല യോഗത്തില്‍ അവതരിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഫണ്ടിന്റെ കുറവ് കൊണ്ടല്ല സാങ്കേതിക പ്രശ്‌നങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ പ്രവൃത്തികളിലേറെയും വൈകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനരധിവാസഗ്രാമം ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്ത് സാമൂഹികനീതി, ആരോഗ്യ കൃഷി വകുപ്പും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. കേരള പ്ലാന്റേഷന്‍ കോര്‍പറേഷനും സാമൂഹിക നീതി വകുപ്പും ധാരണാ പത്രം ഒപ്പുവെയ്ക്കും. പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും.
ദുരിതബാധിത പഞ്ചായത്തുകളില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ദുരിത ബാധിതനായ ശ്രീജേഷിന് ബംഗളൂരുവിലെ ആശുപത്രിയില്‍ കോശചികില്‍സയ്ക്ക് ഏഴു ലക്ഷം രൂപാ അനുവദിക്കാനും യോഗം തീരുമാനിച്ചു.
അജാനൂര്‍ പഞ്ചായത്തില്‍ നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതികളില്‍ നിര്‍ദ്ദേശിച്ച 44 ലക്ഷം രൂപയുടെ നാല് പദ്ധതികള്‍ക്ക് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാന്‍ യോഗം പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. പി കെ ജയശ്രീ റിപോര്‍ട്ട് അവതരിപ്പിച്ചു.
എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, അസി നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അശീല്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ എം അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, എം ഗൗരി, വി പി ജാനകി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ദാമോദരന്‍, ശാരദ എസ് നായര്‍, കെ എന്‍ കൃഷ്ണഭട്ട്, ഖാലിദ് ബെള്ളിപാടി, ഫാത്തിമത്ത് സുഹ്‌റ, വൈസ്പ്രസിഡന്റുമാരായ കെ പുട്ടപ്പ, ടി കെ നാരായണന്‍, പി കൃഷ്ണന്‍, കെ വി ഗംഗാധരന്‍, സമിതി അംഗങ്ങളായ കെ ബി മുഹമ്മദ്കുഞ്ഞി, ഡെപ്യൂട്ടി ഡിഎംഒ എം സി വിമല്‍രാജ്, ഡോ. രൂപാ സരസ്വതി, ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss