|    Oct 21 Sun, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പുനരധിവാസമെന്ന കടമ്പ

Published : 11th December 2015 | Posted By: SMR

കെ എ സലിം

ചെന്നൈയിലും പരിസരപ്രദേശത്തുമായി 199 ദുരിതാശ്വാസ ക്യാംപുകളില്‍ 1.25 ലക്ഷം പേരാണ് കഴിയുന്നത്. അഡയാര്‍, കോവം നദികളുടെ പരിസരത്തായി അര ലക്ഷം കുടുംബങ്ങളുണ്ട്. 2011ലെ സെന്‍സസ് പ്രകാരം ചെന്നൈയിലെ ജനസംഖ്യയുടെ 28.5 ശതമാനം പേരും ചേരികളിലാണ് താമസം. ഇവരാണ് പ്രളയത്തിന്റെ ഏറ്റവും വലിയ ഇരകള്‍. വെള്ളക്കെട്ടുകള്‍ ഇല്ലാതായെങ്കിലും ചേരികളിലെ വീടുകളെല്ലാം തകര്‍ന്നടിഞ്ഞ് ചവറുകൂനകളായി മാറി. ഇവരെ പുനരധിവസിപ്പിക്കുകയെന്നത് സര്‍ക്കാരിന് എളുപ്പമാവില്ല.
ക്യാംപുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും തങ്ങളുടെ പഴയ പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് താമസം മാറാന്‍ അക്ഷമരായി കാത്തിരിക്കുന്നവരാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതോടെ സര്‍ക്കാര്‍—-സര്‍ക്കാരിതര സംഘടനകള്‍ ഭക്ഷണ വിതരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാല്‍ അടിയന്തരമായി വേണ്ടത് പുനരധിവാസമാണ്. തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ.
പല്ലവി നഗറില്‍ മാത്രം ചേരികളില്‍ കഴിയുന്നവര്‍ക്കു താമസിക്കാനായി 1000 വീടുകള്‍ 20 വര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയതാണ്. ഇതുവരെ ഇത് കൈമാറിയിട്ടില്ല. വീടു നഷ്ടപ്പെട്ടരില്‍ പലരും റയില്‍വേ സ്റ്റേഷനുകളിലും പരിസരത്തുമാണ് കഴിയുന്നത്. തെരുവുകളിലും ഫുട്പാത്തിലും ഇത്തരത്തില്‍ തമ്പടിച്ച കുടുംബങ്ങളെ കാണാം. അവര്‍ ഒരു ദുരിതാശ്വാസ ക്യാംപിന്റെയും ഭാഗമല്ലാത്തതിനാല്‍ ഭക്ഷണമോ മറ്റു സഹായമോ ലഭിക്കുന്നില്ല. സര്‍ക്കാര്‍ പുതിയ താമസസ്ഥലങ്ങള്‍ തയ്യാറാക്കിയാല്‍ തന്നെ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ പുതിയ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കാലങ്ങളെടുക്കും. തമിഴ്‌നാട് സ്ലം ക്ലിയറന്‍സ് ബോഡ് തയ്യാറാക്കിയ 11000 വീടുകളുടെ പണി പൂര്‍ത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവയാണ്. നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ മേല്‍ക്കൂര ചോര്‍ന്ന് വീടിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. ചുവരുകള്‍ പൊട്ടിയടര്‍ന്നു വീണ് കൂനകളായി കിടക്കുന്നു. ഒരു വര്‍ഷം മുമ്പ് ഒക്കിയം ഭാഗത്ത് ഏതാനും കുടുംബങ്ങള്‍ ഇത്തരം വീടുകളിലേക്കു മാറിയെങ്കിലും ജീവനോപാധികള്‍ ഇല്ലാത്തതിനാല്‍ മാസങ്ങള്‍ക്കകം വീടുകള്‍ ഉപേക്ഷിച്ചു പോവേണ്ടിവന്നു.
നഗരത്തിലെ ഇടത്തരക്കാരുടെ ദുരിതവും ഏറെക്കാലം നീണ്ടുനില്‍ക്കും. വീടുകളുണ്ടെങ്കിലും വീട്ടുപകരണങ്ങളെല്ലാം നശിച്ചുപോയി. റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയവയെല്ലാം നശിച്ചു. ഇവയില്‍ ഭൂരിഭാഗവും വായ്പയായി വാങ്ങിയവയാണ്. ഇവയ്ക്കാകട്ടെ സര്‍ക്കാരില്‍ നിന്ന് സഹായം കിട്ടാനിടയില്ല. ഇന്‍ഷുറന്‍സുമുണ്ടാവില്ല.
വെള്ളക്കെട്ടൊഴിഞ്ഞ റോഡിലെ കുഴികളാണ് മറ്റൊരു ഭീഷണി. തിരുമണ്‍മയൂരില്‍ കാര്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. സമാനമായ സംഭവങ്ങള്‍ നഗരത്തിന്റെ പലഭാഗത്തു നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കടലൂരില്‍ വെള്ളക്കെട്ടില്‍ കുതിര്‍ന്ന വീടിന്റെ ചുവരിടിഞ്ഞു വീണ് അകത്ത് ഉറങ്ങുകയായിരുന്ന യുവതി മരിച്ചു. നഗരത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ വലിയൊരു വിഭാഗം രണ്ടാഴ്ചയായി ജോലിയൊന്നുമില്ലാത്തതിനാല്‍ നഗരം വിട്ടു. ലൈബ്രറികളില്‍ പുസ്തകങ്ങള്‍ ഒഴുകിപ്പോയി. ഓഫിസുകളിലെ സുപ്രധാന രേഖകള്‍ നഷ്ടമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം ടണ്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഈ നഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിലും തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് നഗരം.

(അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss