|    Apr 24 Tue, 2018 10:20 pm
FLASH NEWS

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം ആറുമാസത്തിനകം: മന്ത്രിതല സംഘം

Published : 27th July 2016 | Posted By: SMR

തൃശൂര്‍: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൃഗശാലയായ നിര്‍ദിഷ്ട പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം ആറ് മാസത്തിനകം ആരംഭിക്കുമെന്ന് വനം-മൃഗസംരക്ഷണ  മന്ത്രി അഡ്വ.— കെ രാജു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാറിനും സ്ഥലം എം എല്‍ എ. അഡ്വ.— കെ രാജനുമൊപ്പം പുത്തൂരിലും തൃശൂര്‍ മൃഗശാലയിലും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 336 ഏക്കറില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മൃഗശാലയുടെ ആദ്യഘട്ട നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
ഇതോടെ തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ മുഴുവന്‍ പുത്തൂരിലേക്ക് മാറ്റും. ദേശീയ സൂ അതോറിറ്റി അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് രണ്ട് ഘട്ടങ്ങളിലായി സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.— പ്രസിദ്ധ ആസ്‌ത്രേലിയന്‍  ആര്‍ക്കിടെക്റ്റായ ജോണ്‍ കോ ആണ് പാര്‍ക്കിന് രൂപരേഖ തയ്യാറാക്കിയത്. നിലവില്‍ ഹൈദരാബാദിലെതാണ് രാജ്യത്തെ ഏറ്റവും വലിയ  മൃഗശാല. 225 ഏക്കറിലാണിതുള്ളത്. നിലവില്‍ ബജറ്റില്‍ മൃഗശാല—ക്കായി 150 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ 15 കോടി രൂപ നിര്‍മാണങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
സി പി ഡബ്ല്യു ഡിയെ നിര്‍മാണം ഏല്‍പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കണം. ഇതു സംബന്ധിച്ച് ഉടന്‍ ചര്‍ച്ച നടത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നാം ഘട്ടത്തില്‍ മൃഗങ്ങള്‍ക്കാവശ്യമായ കുടിവെള്ള-വാസ സൗകര്യം, കവാടം, പാര്‍ക്കിംഗ് തുടങ്ങിയവയാണ് ഉള്‍പ്പെടുത്തുക. പുത്തൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൃഗശാല നിര്‍മിക്കാന്‍ ഇതിന് മുമ്പത്തെ ഇടത് സര്‍ക്കാറിന്റെ കാലത്ത് തന്നെ ധാരണയുണ്ടായിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ ഇത് പ്രാവര്‍ത്തികമാക്കാനായില്ല. സെന്‍ട്രല്‍ പൊതുമരാമത്ത് വകുപ്പിനെ (സി പി ഡബ്ല്യു ഡി) നിര്‍മാണ ചുമതലയേല്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് അവരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.—പുത്തൂരിലേക്കുള്ള റോഡ് നിലവില്‍ സുഗമ യാത്രക്ക് ഉപയുക്തമാണ്. നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കുന്നതിനും പ്രയാസമില്ല. ആവശ്യമായ വൈദ്യുതിക്ക് വകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
വനസൗന്ദര്യത്തിനും ആവാസ വ്യവസ്ഥക്കും ഭംഗം വരാത്ത രൂപത്തില്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ മൃഗശാലയായിരിക്കും പുത്തൂരില്‍ നിലവില്‍ വരിക. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ മൃഗശാലയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഭൂമിക്കുള്ളില്‍ സ്വകാര്യ വ്യക്തികളുടെ ചുരുക്കം വസ്തുവകകള്‍ കിടപ്പുണ്ട്. മൃഗശാല നിര്‍മിക്കുന്നതിനായി എല്ലാ നഷ്ടപരിഹാരവും നല്‍കി അവ ഏറ്റെടുക്കുന്ന കാര്യവും പരിഗണിക്കും.
ഇതിന് പുറമെ ആവശ്യമെങ്കില്‍ സമീപത്തുള്ള വനം വകുപ്പിന്റെ തന്നെ 65 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്ന കാര്യവും ആലോചിക്കും. പാര്‍ക്കില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടവും മറ്റും മന്ത്രി പരിശോധിച്ചു. പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനും ഓഫിസ് ആവശ്യത്തിനും മറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളാണ് നിര്‍മാണത്തിലിരിക്കുന്നത്. രണ്ടര കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.
സഫാരി പാര്‍ക്ക്, ട്രാംപ്‌വേ എന്നിവ ഉള്‍പ്പെടെയുള്ള വിപുലമായ സുവോളജിക്കല്‍ പാര്‍ക്കാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വി എസ് സുനില്‍കുമാറും പറഞ്ഞു. തൃശൂരില്‍ നിലവിലുള്ള മൃഗശാലയെ 13.—5 ഏക്കര്‍ വരുന്ന സ്ഥലവും സൗകര്യങ്ങളും ആവാസ വ്യവസ്ഥയും നിലനിര്‍ത്തിക്കൊണ്ട് സാംസ്‌കാരിക സമുച്ചയം  പോലുള്ള മറ്റൊരു വലിയ സ്ഥാപനമാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ജില്ലയില്‍ ഒരു സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന് ബജറ്റില്‍ 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പുത്തൂരിലെ കുന്നും മലകളും മരങ്ങളും നഷ്ടമാകാതെ പരിപാലിക്കുന്ന തരത്തില്‍ മൃഗശാല നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് അഡ്വ.— കെ രാജന്‍ എം എല്‍ എ വ്യക്തമാക്കി. പ്രദേശവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി അവരുടെ പിന്തുണയോടെ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നോഡല്‍ ഓഫിസര്‍ സി എസ് യലാക്കി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss