|    Jan 21 Sun, 2018 8:34 am
FLASH NEWS

പുത്തന്‍തെരുവില്‍ ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍ പതിവാകുന്നു

Published : 9th July 2016 | Posted By: SMR

കരുനാഗപ്പള്ളി: പുത്തന്‍തെരുവില്‍ ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം ഗ്യാസ് ടാങ്കറിന്റെ ടയര്‍ കത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഉച്ചയ്ക്ക് 11.30ന് ദേശീയ പാതയില്‍ വവ്വാക്കാവ് ജങ്ഷന് സമീപമാണ് സംഭവം. ദേശീയ പാതയില്‍ കോയമ്പത്തൂര്‍ ഭാഗത്ത് നിന്നും കൊല്ലം പാരിപ്പള്ളിയിലേക്ക് കൊണ്ടു വന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ബുള്ളറ്റ് ടാങ്കറിന്റെ ടയറാണ് കത്തിയത്. വവ്വാക്കാവ് ജങ്ഷനിലെത്തിയ വാഹനത്തില്‍ നിന്നും പുക വന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ബഹളമുണ്ടാക്കി മുന്നോട്ട് നീങ്ങിയ ടാങ്കറിനെ ദേശീയ പാതയില്‍ നിര്‍ത്തിച്ചു. ടാങ്കര്‍ നിര്‍ത്തിയ ഉടന്‍ പിന്‍ ഭാഗത്തെ ടയര്‍ വീണ്ടും കത്തുവാന്‍ തുടങ്ങി. ഈ സമയം സമീപവാസിയായ കുരുമ്പോലില്‍ നിസാര്‍ ഡ്രൈവറുടെ കാബിനില്‍ കയറി ഫയര്‍ റെസ്‌ക്യൂ യൂനിറ്റ് കൊണ്ട് തീയണയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലിസ് ദേശീയപാതയില്‍ വാഹനം തടസ്സപ്പെടുത്തി. ഇതിനകം ഗ്യാസ് ടാങ്കര്‍ മറിഞ്ഞെന്ന വിവരം പ്രദേശത്ത് പരന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരില്‍ ഭൂരിഭാഗവും വീട് വിട്ടിറങ്ങി. പിന്നീട് സംഭവം സ്ഥിരീകരിച്ച ശേഷം തിരികെ വീട്ടിലെത്തി. ഉടന്‍ തന്നെ കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സെത്തി സുരക്ഷാ സംവിധാനം ഒരുക്കി ടാങ്കര്‍ കടത്തി വിടുകയായിരുന്നു.
2009 ഡിസംബര്‍ 31ന് പുലര്‍ച്ചെ പുത്തന്‍തെരുവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ച് 12 പേരാണ് മരിച്ചത്. മംഗലാപുരത്തു നിന്നും പാരിപ്പള്ളിയിലേക്ക് 18 ടണ്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറിയും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ച് ടാങ്കര്‍ റോഡില്‍ കുറുകെ മറിയുകയായിരുന്നു. വീഴ്ചയില്‍ ടാങ്കറിനു ചോര്‍ച്ചയുണ്ടായി സ്‌ഫോടനം നടക്കുകയായിരുന്നു. ടാങ്കറിലുണ്ടായ സ്‌ഫോടനം കിലോമീറ്ററുകളോളം ദൂരം വരെ കേള്‍ക്കാമായിരുന്നു.കഴിഞ്ഞ മാസം പുത്തന്‍തെരുവിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായിരുന്നു. അതിന് മുമ്പ് ദേശീയപാതയില്‍ പാചക വാതകവുമായി വന്ന ടാങ്കര്‍ മറിയുകയും ചെയ്തു. ഈ രണ്ട് സംഭങ്ങളിലും പാചക വാതകം ചോരാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.
നാടിനെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച യുവാവിനു അഭിനന്ദന പ്രവാഹം
കരുനാഗപ്പള്ളി: ഒരു നാടാകെ കത്തിച്ചാമ്പലാക്കാന്‍ സാധ്യതയുണ്ടായിരുന്ന അപകടത്തില്‍ നിന്നും നാടിനെ രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹം. എം സാന്റ്, മണല്‍ കച്ചവടം നടത്തി വരുന്ന കുലശേഖരപുരം കടത്തൂര്‍ കുരുമ്പോലില്‍ നിസാറിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കഴിഞ്ഞ ദിവസം ഒരു വന്‍ ദുരന്തം ഒഴിവായത്. ബുധനാഴ്ച പകല്‍ 11.30ന് പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഐഒസിയുടെ പാചക വാതക ടാങ്കറിന്റെ പിറക് വശത്തെ ടയര്‍ ജാമായി റോഡില്‍ കൂടി ഉരഞ്ഞാണ് തീപ്പിടിത്തം ഉണ്ടായത്. ടാങ്കര്‍ െ്രെഡവര്‍ ദേശീയപാത പുലിയന്‍കുളങ്ങരയ്ക്ക് സമീപം വാഹനം ഒതുക്കി നിര്‍ത്തി പകച്ച് നില്‍ക്കവേ സമീപത്ത് നില്‍ക്കുകയായിരുന്ന നിസാര്‍ ഫയര്‍ എസ്റ്റിഗ്വിഷര്‍ ഉപയോഗിച്ചും വെള്ളം പമ്പ് ചെയ്തും തീ അണക്കുകയായിരുന്നു. ഈ നിമിഷം ഹൈവേ പോലിസും മറ്റുള്ളവരും ഭയന്ന് മാറി നില്‍ക്കുന്ന കാഴ്ചയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day