|    May 26 Fri, 2017 7:21 am
FLASH NEWS

പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം പാസായി

Published : 22nd July 2016 | Posted By: SMR

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ ഭരണ സ്തംഭനം ആരോപിച്ച് യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ഇതോടെ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന എം പി സോണി തല്‍സ്ഥാനത്ത് നിന്നും പുറത്തായി. യുഡിഎഫിലെ വി എ നദീര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ട് വോട്ടും പ്രതികൂലിച്ച് ഒരു വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു.
ആറ് അംഗങ്ങളുള്ള യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ഇടത് വിരുദ്ധനായി ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ ബാനറില്‍ മല്‍സരിച്ച് ജയിച്ച കെ വി സുജിത് ലാലും ബിജെപി അംഗം ഐ എസ് മനോജും പിന്തുണച്ചതോടെയാണ് പാസായത്. ഇതോടെ ഇടത് പിന്തുണയോടെ എട്ട് മാസത്തോളം പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന എം പി സോണിക്ക് തന്റെ വോട്ട് മാത്രമാണ് ലഭിച്ചത്.
ഗ്രാമപ്പഞ്ചായത്തിലെ ഭരണ പ്രതിസന്ധി ആരോപിച്ചാണ് കഴിഞ്ഞ ഒമ്പതിന് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഒാഫിസറായ സുരേഷ് കുമാര്‍ മുമ്പാകെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഗ്രാമപ്പഞ്ചായത്തിലെ നാലായിരത്തില്‍പ്പരം അംഗങ്ങളുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജനകീയത നഷ്ടപ്പെടുത്തിയെന്നും ഭരണ സമിതി അധികാരത്തിലേറി ഏഴു മാസത്തിലേറെയായിട്ടും അഞ്ച് വനിതാ മെംബര്‍മാരെ സിഡിഎസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും മറ്റും ആരോപിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് എണ്‍പത്തിയെട്ടോളം കുടുബങ്ങളെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചീട്ടില്ല. നിരവധി മല്‍സ്യകര്‍ഷകരുള്ള പുത്തന്‍ചിറയില്‍ മല്‍സ്യഫെഡ് കോ- ഓഡിനേറ്ററെ നിയമിക്കാത്തത് മൂലം സര്‍ക്കാരിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടിരിക്കയാണ്. പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ന്യായമായും പൊതു ജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ സേവനങ്ങളും ആനുകൂല്യങ്ങളും വന്‍ കാലത്താമസത്തോടെയാണ് ലഭ്യമാവുന്നത്. പൊതു ജനങ്ങളുടെ പരാതികള്‍ മാസങ്ങളോളം കെട്ടിക്കിടക്കുകയാണ്.
ഭൂരിപക്ഷമില്ലാത്ത ഭരണ സമിതിയില്‍ അഭിപ്രായ സമന്വയത്തിന് ശ്രമിക്കാതെ ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നും ആരോപിച്ചാണ് അവിശ്വാസ പ്രമേയം നല്‍കിയിരുന്നത്. അവിശ്വാസ പ്രമേയം പാസായതോടെ പ്രതിപക്ഷ സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ഭരണം പിടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day