|    Nov 24 Fri, 2017 2:02 am
FLASH NEWS

പുത്തനത്താണി ബസ്സ്റ്റാന്റ് മൂന്നാമതും തുറക്കുന്നു

Published : 11th August 2017 | Posted By: fsq

 

പുത്തനത്താണി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പുത്തനത്താണി ബസ് സ്റ്റാന്റ് മൂന്നാമതും തുറക്കുന്നു. നാളെ രാവിലെ 10.30 ന് സി മമ്മുട്ടി എംഎല്‍എ ബസ്റ്റാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ട് പ്രാവശ്യം ഉല്‍ഘാടന മഹാമേളകള്‍ നടത്തിയിട്ടും ബസ്സുകള്‍ കയറാതെ ഒഴിഞ്ഞുകിടക്കുകയായിരുന്ന ബസ് സ്റ്റാന്റ് വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷമാണ് പഞ്ചായത്ത് അധികൃതര്‍ നാളെ വീണ്ടും  തുറക്കുന്നത്. തേവര്‍ പറമ്പില്‍ കോയക്കുട്ടി ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 2004ല്‍ വിജയരാഘവന്‍ എംപി യുടെ ഫണ്ടും പഞ്ചായത്ത്  ഫണ്ടും ഉപയോഗിച്ച് ബസ്റ്റാന്റ് നിര്‍മിച്ചത്. 2005 ല്‍ അന്നത്തെ എല്‍ഡിഎഫ്  പഞ്ചായത്ത്  ഭരണ സമതി വിജയരാഘവന്‍ എംപിയെ കൊണ്ട് ബസ്റ്റാന്റ് ഉദ്ഘാടനം ചെയ്യിപ്പിച്ചു. ബസ്റ്റാന്റില്‍ ടാറിങ് കൂടി നടത്താതെയാണ്  എല്‍ഡിഎഫ് അന്ന് ഉദ്ഘാടന മേള നടത്തിയത്. എന്നാല്‍  ഉദ്്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമാണ് സ്റ്റാന്റില്‍ ബസ്സുകള്‍ കയറിയത്. പിന്നീട് വര്‍ഷങ്ങള്‍ ബസ്റ്റാന്റ് ഒഴിഞ്ഞു കിടന്നെങ്കിലും പിന്നീട് വന്ന യുഡിഎഫ് ഭരണ സമിതി ടാറിങും മറ്റു അറ്റകുറ്റപണികളും നടത്തി രണ്ടാമതും സ്റ്റാന്റിന്റെ  ഉദ്ഘാടനം നടത്തി. രണ്ടാമത്തെ ഉദ്ഘാടനത്തിനു ശേഷവും ബസ്സുകള്‍ സ്റ്റാന്റിനോട് അയിത്തം കല്‍പ്പിച്ചതോടെ സ്റ്റാന്റ് വീണ്ടും  നോക്കുകുത്തിയാവുകയായിരുന്നു. ബസ്സുകള്‍ സ്റ്റാന്റില്‍ കയറ്റാനുള്ള  അധികൃതരുടെ ശ്രമങ്ങള്‍ വര്‍ഷങ്ങളോളം ഫലം കണ്ടില്ല. ഇതിനിടെ സ്ഥലം സംഭാവന നല്‍കിയ കോയക്കുട്ടി ഹാജിയുടെ കുടുംബം ഹൈകോടതിയെ സമീപ്പിക്കുക കൂടി ചെയ്തതോടെ വര്‍ഷങ്ങള്‍ പിന്നെയും നീളുകയായിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് ഭരണ സമിതി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് ബസ് സ്റ്റാന്റ്  മൂന്നാമതും തുറക്കുന്നത്. ടൗണില്‍ ദിനേന ഉണ്ടാവുന്ന രൂക്ഷമായ ഗതാഗത കുരുക്കിന്  ബസ് സ്റ്റാന്റ് തുറക്കുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന പരിപാടിയില്‍ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിക്കും . ജില്ലാ , ബ്ലോക്ക് ,  ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ , പോലിസ് , മോട്ടോര്‍ വകുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക