|    Aug 19 Sun, 2018 11:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുതുവൈപ്പ് ഐഒസി പ്ലാന്റ് : ആശങ്ക ദൂരീകരിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Published : 23rd June 2017 | Posted By: fsq

 

കൊച്ചി: പുതുവൈപ്പില്‍ നിര്‍മിക്കുന്ന ഐഒസിയുടെ പാചകവാതക സംഭരണിയെക്കുറിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്ക ദൂരീകരിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യാന്‍ എറണാകുളം ഐഎംഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഐഒസി പ്ലാന്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.ടെര്‍മിനല്‍ സംബന്ധിച്ച പഠനത്തിനു വിദഗ്ധ സമിതിയെ നിയോഗിക്കും. ഐഒസി പദ്ധതിക്കായി ഗ്രീന്‍ ട്രൈബ്യൂണല്‍ അനുമതിയടക്കം എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യസംസ്‌കരണത്തിനു നാടാകെ ഒന്നിച്ചിറങ്ങണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 27, 28, 29 തിയ്യതികളില്‍ സംസ്ഥാനത്തൊട്ടാകെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒന്നിച്ചുചേര്‍ന്ന് അതതു പ്രദേശത്തിനു പ്രായോഗികമായ രീതിയിലുള്ള മാലിന്യ സംസ്‌കരണ നടപടികളാണ് സ്വീകരിക്കുക. ഉറവിട മാലിന്യ സംസ്‌കരണത്തിനു പുറമേ കേന്ദ്രീകൃതമായ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനവും സംസ്ഥാനത്ത് കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കും. മാലിന്യ നിര്‍മാര്‍ജനമാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊെന്നന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഹരിത കേരള മിഷന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പല പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും മാലിന്യമെന്ന വിപത്തിനു പൂര്‍ണമായി പരിഹാരം കാണാനാവാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഇടപെടല്‍ നടത്തുന്നത്.സംസ്ഥാനത്തെ പനിയും പകര്‍ച്ചവ്യാധികളും തടയാനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമുള്ള എല്ലാ നടപടികളുമെടുത്തിട്ടുണ്ട്.  പനി ബാധിച്ച് രോഗികള്‍ കൂടുതലായെത്തുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു പുറമെ മറ്റു ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സിഎച്ച്‌സികളിലും ഡോക്ടര്‍മാരുടെയും മറ്റ് മെഡിക്കല്‍ ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കും. ഹരിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നദികളുടെ ശുദ്ധീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രസഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ജലസ്രോതസ്സുകളെല്ലാം കുടിവെള്ള യോഗ്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കുമ്പോള്‍ വ്യാപാരിസമൂഹത്തിനുണ്ടാകുന്ന ആശങ്കകളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ ഒഴിപ്പിക്കല്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. വന്‍കിട കൈയേറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ല. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. എന്നാല്‍, കുടിയേറ്റക്കാരായ ചെറിയ ഭൂവുടമകളോട് അനുഭാവപൂര്‍ണമായ സമീപനമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഫ. എം കെ സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ജസ്റ്റിസ് നാരായണക്കുറുപ്പ്, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ഡോ. ബോണി ഫെര്‍ണാണ്ടസ്, അജിത്, അല്‍ഫോണ്‍സ് ജോസഫ്, ടി സി മാത്യു, എല്‍ദോ, ജോസ് ഡൊമിനിക്, ഡോ. മേരി അനിത, മേഴ്‌സി കുട്ടന്‍, ഡോ. ഷാജഹാന്‍ യൂസുഫ്, സെബാസ്റ്റ്യന്‍ പോ ള്‍, യൂസുഫ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖര്‍ യോഗത്തില്‍ പെങ്കടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss