|    Jun 22 Fri, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുതുവൈപ്പ് എല്‍പിജി പ്ലാന്റ് : നിയമസഭാ സമിതി തെളിവെടുത്തു

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോ ര്‍പറേഷന്റെ പുതുവൈപ്പിലെ എല്‍പിജി സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി വിവിധ വിഭാഗങ്ങളില്‍ നിന്നു തെളിവെടുപ്പ് നടത്തി. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായ സമിതി സമര സമിതി നേതാക്കളില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കമ്പനി പ്രതിനിധികളില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. മല്‍സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ഉപജീവനത്തെയും സുരക്ഷിത ജീവിതത്തേയും ബാധിക്കുമെന്ന് പ്ലാ ന്റിനെ എതിര്‍ക്കുന്നവര്‍ സമിതി മുമ്പാകെ പരാതിപ്പെട്ടു. അതേസമയം, സുരക്ഷ പൂര്‍ണമായും ഉറപ്പാക്കിയാണ് പ്ലാന്റ് നിര്‍മാണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വ്യക്തമാക്കി. ഈ പ്രദേശത്തിന് അനുയോജ്യമല്ലാത്ത പദ്ധതിയാണ് ഇതെന്ന് സമര സമിതി കണ്‍വീനര്‍ കെ എസ് മുരളി പറഞ്ഞു. തെറ്റായ പരസ്യങ്ങളും അവകാശ വാദങ്ങളും പ്രചരിപ്പിച്ച് നിരാലംബരായ മല്‍സ്യത്തൊഴിലാളികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, പ്ലാന്റ് പൂര്‍ത്തിയാവുന്നതോടെ റോഡ് വഴിയുള്ള എല്‍പിജി ടാങ്കര്‍ നീക്കത്തിലൂടെ സംഭവിക്കുന്ന അപകടങ്ങള്‍ വളരെയധികം കുറയ്ക്കാനാവുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സമിതിയെ അറിയിച്ചു.   കൂടാതെ പ്ലാന്റിന് പോര്‍ട്ട് ട്രസ്റ്റ്, കേരള സര്‍ക്കാരിന്റെ സൈറ്റ് അപ്രൈസല്‍ കമ്മിറ്റി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസ്സീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവയുടെ അനുമതി ലഭിച്ചിട്ടുള്ളതാണെന്നും കമ്പനി യോഗത്തില്‍ അറിയിച്ചു. എന്നാല്‍, എല്‍പിജി പ്ലാന്റുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂവെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. ഇത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പഠനം നടത്തുകയാണ്. പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ കൂടി പരിഗണിച്ചായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു. മല്‍സ്യബന്ധന മേഖലയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ജനസാന്ദ്രതയേറിയ മേഖലയില്‍ പദ്ധതി നടപ്പാക്കുന്നതിനക്കുറിച്ചും സമഗ്രമായ പഠനം നടന്നിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമിതിക്ക് സമര്‍പ്പിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി.  അതേസമയം, ജനപക്ഷത്തും വികസനപക്ഷത്തും നിന്ന് കാര്യങ്ങള്‍ പഠിച്ച ശേഷം പരിസ്ഥിതിസംബന്ധിച്ച പ്രശ്‌നങ്ങളും പരിഗണിച്ച് നിയമസഭയ്ക്കുമുമ്പില്‍ പുതുവൈപ്പ് എല്‍പിജി പ്ലാന്റ് സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറഞ്ഞു.  കലക്ടറേറ്റിലെ തെളിവെടുപ്പിനുശേഷം നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയിലെ മറ്റംഗങ്ങളോടൊപ്പം പുതുവൈപ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വശങ്ങളിലും പഠനം നടത്തി ഇവയെല്ലാം പരിശോധിച്ച് ആശയങ്ങള്‍ ശേഖരിച്ച ശേഷം നിയമസഭയ്ക്കു മുമ്പില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss