|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം : വിദഗ്ധ സമിതി റിപോര്‍ട്ട് അടുത്തമാസം അവസാനം

Published : 29th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അടുത്ത മാസാവസാനത്തോടെ റിപോര്‍ട്ട് സമര്‍പ്പിക്കും.  പ്ലാന്റിനെതിരേ നടന്ന ജനകീയ സമരങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ഇന്നലെ കൊച്ചിയിലെത്തിയ വിദഗ്ധ സമിതി അംഗങ്ങള്‍ പുതുവൈപ്പ് സമരസമിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍, ഐഒസി അധികൃതര്‍ തുടങ്ങിയവരില്‍നിന്നു വിശദാംശങ്ങള്‍ ശേഖരിച്ചു. എല്ലാവര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ വിശദമായി കേട്ടശേഷം സമിതിയംഗങ്ങള്‍ പുതുവൈപ്പിലെ ഐഒസി പ്ലാന്റിന്റെ നിര്‍മാണം നടന്നിരുന്ന പ്രദേശത്തെത്തി തെളിവെടുത്തു. നേരത്തേ തിരുവനന്തപുരത്തു സമിതി രണ്ടു യോഗങ്ങള്‍ ചേര്‍ന്ന് രേഖകള്‍ പരിശോധിച്ചിരുന്നു. പദ്ധതിയുടെ സാങ്കേതികവും സാമൂഹികവുമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ച അഭിപ്രായങ്ങളും പരിശോധിച്ചശേഷം ഒക്ടോബര്‍ അവസാനത്തോടെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും സമിതി ചെയര്‍മാന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍ പൂര്‍ണചന്ദ്രറാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിഷ്പക്ഷവും നീതിയുക്തവുമായ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഒസി അധികൃതര്‍ മുമ്പ് സമിതിക്കു റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ തേടിയ സമിതി വീണ്ടും റിപോര്‍ട്ട് നല്‍കാന്‍ ഇവരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും റിപോര്‍ട്ട് നല്‍കി. മൂന്നംഗ വിദഗ്ധ സമിതി ഇനിയും സിറ്റിങ് നടത്തിയായിരിക്കും റിപോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുക. മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, എന്‍സിഇഎസ്എസ് മുന്‍ ശാസ്ത്രജ്ഞന്‍ കെ വി തോമസ് എന്നിവരാണു സമിതിയംഗങ്ങള്‍. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല, അസിസ്റ്റന്റ് കലക്ടര്‍ ഇഷപ്രിയ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, ഡോ. കെ കെ രാമചന്ദ്രന്‍, ഡോ. പ്രകാശ്, ഡോ. രമേശന്‍, ജോണ്‍ മത്തായി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി സിറ്റിങില്‍ പങ്കെടുത്തു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി സമിതി അംഗങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചെന്നു പുതുവൈപ്പ് ജനകീയ സമരസമിതി ചെയര്‍മാന്‍ എം പി ജയഘോഷ് സിറ്റിങില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതുവൈപ്പിലെ ജനങ്ങള്‍ക്ക് അനുകൂലമായ റിപോര്‍ട്ടായിരിക്കും സമിതിയില്‍ നിന്നു വരുകയെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss