|    Jan 20 Fri, 2017 9:22 am
FLASH NEWS

പുതുവല്‍സരാഘോഷത്തിനിടെ വ്യാപക സംഘര്‍ഷം

Published : 2nd January 2016 | Posted By: SMR

അമ്പലപ്പുഴ/മണ്ണഞ്ചേരി: പുതുവല്‍സരാഘോഷത്തിനിടെ വ്യാപക സംഘര്‍ഷം. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കു നേരെയും ആക്രമണം നടന്നു.
കരുമാടി പടഹാരം, പുന്നപ്ര പറവൂര്‍, തോട്ടപ്പള്ളി, ആനന്ദേശ്വരം എന്നിവിടങ്ങളിലാണ് സംഘര്‍ഷം നടന്നത്. പടഹാരത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്കേറ്റം ഒടുവില്‍ സിപിഎം- ബിജെപി സംഘര്‍ഷമായി മാറുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനായ കിനിക്കോട് പ്രദീപ്, കരിങ്ങാമഠം അജയകുമാര്‍, കനിക്കോട് വിഷ്ണു, അശോകന്‍ എന്നിവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്തെ പത്തോളം വീടുകള്‍ക്കുനേരെയും ആക്രമണം നടന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് ബിജെപിയുടെ പ്രകടനവും നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലിസ് സന്നാഹമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
പുതുവല്‍സരത്തലേന്ന് തോട്ടപ്പള്ളി ആനന്ദേശ്വരത്ത് നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കാരാത്ര കുട്ടന്‍പിള്ളയുടെ മതില്‍, കൊച്ചുപറമ്പില്‍ രാജീവന്റെ വീട് നിര്‍മാണത്തിന് കരുതിയിരുന്ന ഇഷ്ടിക എന്നിവ തകര്‍ത്തു. ഇവിടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സൈലോ വാന്‍, എയ്‌സ് എന്നീ വാഹനങ്ങളും തകര്‍ത്തു. പുന്നപ്ര പറവൂരില്‍ തിരുവിളക്കില്‍ ജയന്റെ വീടിന്റെ ജനാല, മതില്‍, മേല്‍ക്കൂര എന്നിവയും അയ്യങ്കര്‍ കുട്ടപ്പന്റെ വീടിന്റെ ജനലും പ്രവീണ്‍ ഭവനത്തില്‍ ലക്ഷ്മണന്റെ ഗേറ്റ്, വാഴ എന്നിവയും കൂട്ടാല പ്രിയന്റെ വീടിന്റെ സ്ലാബ് മതിലും തകര്‍ത്തു. സംഭവത്തില്‍ വീട്ടുടമസ്ഥരുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തു.
പുതുവര്‍ഷ ദിനാഘോഷത്തിന്റെ മറവില്‍ മണ്ണഞ്ചേരിയിലും മുഹമ്മയിലും സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും രണ്ടു ബസ്സുകളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മണ്ണഞ്ചേരി തമ്പകച്ചുവട് മദീനാ മന്‍സിലില്‍ നൗഫലിന്റെ ഓട്ടോറിക്ഷയാണ് തീയിട്ടത്. നൗഫലിന്റെ വീടിനു നേരെയും കല്ലേറുണ്ടായി. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ഒട്ടോ കത്തുന്നത് കണ്ടത്. ഉടനെ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും ഓട്ടോ ഭാഗകമായി കത്തിനശിച്ചു.
നൗഫലിന്റെ മകന്‍ ഷംനാദ് ഡ്രൈവറായി ജോലി നോക്കുന്ന നൈനാസ് ബസ്സിന്റെ പിന്‍ഭാഗത്തെ ഗ്ലാസാണ് അടിച്ചുതകര്‍ത്തത്. മണ്ണഞ്ചേരി പോസ്റ്റോഫിസിന് എതിര്‍ വശം റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ഇരു സംഭവങ്ങളും നടന്നത്.
മുഹമ്മ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസുകളും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ചേര്‍ത്തലയില്‍ നിന്നു രാത്രി 10.30ഓടെ പുറപ്പെടുന്ന ബസ് മുഹമ്മയിലാണ് നിര്‍ത്തിയിടാറുള്ളത്. വിവിധ ഭാഗങ്ങളിലേക്ക് തീവണ്ടി മാര്‍ഗം ജോലിയ്ക്ക് പോവുന്നവരുള്‍പ്പെടെ യാത്രക്കാര്‍ ഈ ബസ്സിനെ ആശ്രയിച്ചാണ് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്നലെ ബസ്സില്ലാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. കെഎസ്ആര്‍ടിസി ബസ്സിന് നേരെയുണ്ടായ അക്രമണത്തില്‍ മുഹമ്മ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ബേബി വട്ടച്ചിറ, സെക്രട്ടറി വി എന്‍ ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.
കായല്‍ തീരങ്ങളിലെ ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന വീടുകള്‍ക്ക് സമീപം മദ്യവും മയക്കുമരുന്നുമായി പുതുവര്‍ഷം ആഘോഷിച്ച യുവാക്കള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. റോഡരികിലും മറ്റും കൃഷി ചെയ്തിരുന്ന നിരവധി പേരുടെ കുലയ്ക്കാറായ നേന്ത്രവാഴകളടക്കം വെട്ടി നശിപ്പിച്ചു. കായിപ്പുറം ഭാഗത്ത് റിസോര്‍ട്ടിന്റെയും റെസ്റ്റോറന്റുകളുടെയും ബോര്‍ഡുകള്‍ കേടുവരുത്തി. മുഹമ്മയ്ക്കും പുത്തനങ്ങാടിക്കും മധ്യേ റോഡില്‍ സംഹാര താണ്ഡവമാടിയ യുവാക്കള്‍ നേരം പുലരാറായപ്പോഴാണ് സ്ഥലം കാലിയാക്കിയതെന്ന് പ്രദേശ വാസികള്‍ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മ പോലിസ് മുപ്പതും മണ്ണഞ്ചേരി പോലിസ് രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക