|    Mar 26 Sun, 2017 11:14 am
FLASH NEWS

പുതുവല്‍സരാഘോഷം

Published : 3rd January 2016 | Posted By: TK
ഹൃദയതേജസ്/ ടി.കെ. ആറ്റക്കോയ

 

പ്രശസ്ത പഞ്ചാബി എഴുത്തുകാരി അജിത് കൗര്‍’പുതുവല്‍സരം എന്ന പേരില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. മന്ത്രിമാരെയും കുഞ്ചികസ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവരെയും സ്വാധീനിക്കാന്‍ സമ്മാനങ്ങള്‍ എന്ന വ്യാജേന കൈക്കൂലി കൊടുക്കാന്‍ തല്‍പ്പരകക്ഷികള്‍ പുതുവല്‍സരാഘോഷത്തെ അവസരമാക്കുന്നതിനെക്കുറിച്ചാണ് ആ കഥ. കൂടാതെ, ഉദ്യോഗസ്ഥന്മാര്‍ എങ്ങനെ പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വശംവദരാകുന്നു, പടിഞ്ഞാറന്‍ സംസ്‌കാരത്തെ അനുകരിച്ചുകൊണ്ടുള്ള ആചരണങ്ങള്‍ ഇന്ത്യയിലെ കാലാവസ്ഥയിലും സാഹചര്യത്തിലും എത്രമാത്രം അപ്രസക്തമാണ്, കൃത്രിമമായി കൊണ്ടാടപ്പെടുന്ന ആഘോഷങ്ങള്‍ കുടുംബസംഘര്‍ഷങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും പശ്ചാത്തലങ്ങളാവുന്നതെങ്ങനെ എന്നീ കാര്യങ്ങളും കഥ വിവരിക്കുന്നുണ്ട്.
കഥയിലെ പ്രധാന കഥാപാത്രം കപൂര്‍ ആണ്. അയാള്‍ ഒരു ടൈപ്പിസ്റ്റായിരുന്നു. മന്ത്രിയുടെ അസിസ്റ്റന്റായി ഉദ്യോഗക്കയറ്റം കിട്ടിയതു മുതല്‍ക്കുള്ള കപൂറിന്റെ അനുഭവങ്ങളാണ് കഥയിലുടനീളം പരാമര്‍ശിക്കുന്നത്. പുതിയ ഉദ്യോഗത്തിലായിരിക്കെ ഒരു ഡിസംബര്‍ 31 വന്നു. ഇതിനു മുമ്പൊന്നും അയാളുടെ ജീവിതത്തില്‍ ഡിസംബര്‍ 31നോ പുതുവല്‍സരത്തിനോ ഒരു പ്രാധാന്യവുമുണ്ടായിരുന്നില്ല. അയാളെ സംബന്ധിച്ചിടത്തോളം ഈ തിയ്യതികള്‍ മറ്റുള്ളവയെപ്പോലെ നിര്‍ഭാഗ്യകരങ്ങളായ ദിവസങ്ങളായിരുന്നു. ജനുവരി ഒന്നാം തിയ്യതി എല്ലാ ഒന്നാം തിയ്യതിയെയും പോലെ ആഹ്ലാദത്തോടെയെത്തും. അത് ശമ്പളദിവസമാണ്. കടങ്ങള്‍ വീട്ടുന്ന ദിവസം. മാറ്റിവയ്ക്കുന്ന മക്കളുടെ ആവശ്യങ്ങള്‍ സാധിക്കുന്ന ദിവസം.
പക്ഷേ, ഈ വര്‍ഷത്തെ ഡിസംബര്‍ 31 കപൂറിനെ സംബന്ധിച്ചിടത്തോളം അനിതരസാധാരണമായിരുന്നു. ഒരു വ്യവസായി മന്ത്രാലയത്തിലെത്തി കുറേ നോട്ടുകള്‍ അടക്കിവച്ച ഡയറി മന്ത്രിക്ക് സമ്മാനിക്കുന്നു. പിന്നീട് അയാള്‍ കപൂറിന് മദ്യക്കുപ്പികള്‍ സമ്മാനിച്ച് തിരിച്ചുപോകുന്നു. ഇതു കണ്ടുനിന്ന സഹപ്രവര്‍ത്തകര്‍ പുതുവല്‍സരം ഒന്നിച്ചാഘോഷിക്കാമെന്നു പറയുന്നു. ആ ആവശ്യം തള്ളിക്കളയാന്‍ കപൂറിനായില്ല. ഓഫിസില്‍നിന്നെത്തിയ കപൂര്‍ പുതുവല്‍സരം ആഘോഷിക്കാന്‍ കൂട്ടുകാര്‍ വീട്ടിലെത്തുന്ന വിവരം ഭാര്യയെ അറിയിക്കുന്നു. അവള്‍ ഇങ്ങനെ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു:’നശിച്ച മദ്യം ഈ വീട്ടില്‍ കുട്ടികളുടെ മുമ്പില്‍ വിളമ്പുകയോ? ഇതൊക്കെ പണക്കാരുടെ പരിപാടികളാണ്. വലിയ ഹോട്ടലില്‍ പോകുന്നവരുടെ ആഘോഷം. ഇവിടെ പച്ചക്കറിയോ ബിസ്‌ക്കറ്റോ മറ്റു സാധനങ്ങളോ ഇല്ല. ഇവിടെ മുപ്പത് ദിവസം തള്ളിവിടുന്നത് എനിക്കേ അറിയൂ.’
രാത്രിയായതോടെ കപൂറിന്റെ രണ്ടു സഹപ്രവര്‍ത്തകരെത്തി. മൂന്നു പേരും കുടിയാരംഭിച്ചു. അവരുടെ ഭാര്യമാര്‍ മറ്റൊരു മുറിയിലിരുന്നു ഉരുളക്കിഴങ്ങിന്റെ വിലയെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. കപൂറിന്റെ ഭാര്യയുടെ പ്രതിഷേധം മണത്തറിഞ്ഞ കൂട്ടുകാര്‍ അയാളെ ഇങ്ങനെ ഉപദേശിച്ചു:’താങ്കള്‍ ഭാര്യക്ക് കസേരയുടെ വലുപ്പം മനസ്സിലാക്കിക്കൊടുക്കണം. ഒടുവില്‍ ഇവിടത്തെ ചേച്ചിയും സദ്ഫലം അനുഭവിക്കും. വലിയ വേദനയുള്ള താങ്കളുടെ തല അവര്‍ തലോടും. ഭക്ഷണവും കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.
പിന്നെ, കപൂറിന്റെ ഭാര്യയുടെ രോഷപ്രകടനമായിരുന്നു.’ന്യൂ ഇയര്‍. കൊടും തണുപ്പില്‍ ഇതൊക്കെ സായിപ്പന്മാര്‍ക്ക് രസകരമായിരിക്കും. നമ്മുടെ രാജ്യത്തെ ആഘോഷങ്ങള്‍ ഹോളിയും ദീപാവലിയും നല്ല കാലാവസ്ഥയില്‍ വരുന്നവയാണ്. ഇവിടെ മഞ്ഞുരുകുന്ന ഈ രാത്രിയില്‍ പാത്രം മോറേണ്ടി വരുന്നു. ഈ ന്യൂ ഇയര്‍ പോയി തുലയട്ടെ.’അജിത് കൗര്‍ കഥ ഇങ്ങനെ അവസാനിപ്പിക്കുന്നു.
ഒടുവില്‍ നശിച്ച ന്യൂ ഇയര്‍ രാത്രി 12 മണിക്ക് ആരംഭിച്ചപ്പോള്‍ എല്ലാവരും ഗാഢനിദ്രയിലാണ്ടുകഴിഞ്ഞിരുന്നു.’
നാം ഒരു പുതുവല്‍സരദിനം കൂടി ആഘോഷിച്ചു കഴിഞ്ഞു. നമ്മളും സമ്മാനങ്ങള്‍ കൈമാറി. അവിഹിതമായ കാര്യങ്ങള്‍ക്കായി സ്വാധീനിക്കാനായിരുന്നുവോ നമ്മുടെ സമ്മാനദാനം? നാം ഉപഹാരങ്ങള്‍ സ്വീകരിച്ചപ്പോള്‍ വലയില്‍ വീഴുകയായിരുന്നോ? ലഹരിയാസക്തരായി മക്കളെ കാണാനിഷ്ടപ്പെടാത്ത എത്രയോ മാതാപിതാക്കളുടെ കണ്ണും കരളുമാണ് ഈ പുതുവല്‍സരാഘോഷം കലക്കിക്കളഞ്ഞിട്ടുണ്ടാവുക! പുതുവല്‍സരരാവിലെ കോപ്രായങ്ങള്‍ കണ്ടും കേട്ടും എത്രയോ വൃദ്ധമാതാക്കള്‍ ഇങ്ങനെ പിരാകിയിട്ടുണ്ടാവും, ഈ ന്യൂ ഇയര്‍ പോയി തുലയട്ടെ’എന്ന്.

 

 

(Visited 110 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക