|    Jan 24 Tue, 2017 6:56 pm
FLASH NEWS

പുതുവര്‍ഷത്തില്‍ സംഭവിച്ചത്…

Published : 13th January 2016 | Posted By: SMR

slug-memoriesപുതുവല്‍സരദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്നതായിരുന്നു കഴിഞ്ഞ വര്‍ഷം എഴുതിയ അവസാന വാര്‍ത്ത. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്കു മുന്നില്‍ സവര്‍ണ ഫാഷിസത്തിനെതിരേ ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തക സംഘം സംഘടിപ്പിക്കുന്ന സമരത്തെ പരസ്യമായും കായികമായും നേരിടുമെന്നു പ്രഖ്യാപിച്ചു ഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സേന പോസ്റ്റര്‍ ഒട്ടിച്ചതാണ് അന്വേഷണത്തിനു വഴിവച്ചത്. നഗരത്തില്‍ മുമ്പു നടന്ന വിവിധ സമരങ്ങളെ കായികമായി അടിച്ചമര്‍ത്തിയവരാണ് ഹനുമാന്‍ സേനക്കാര്‍. എന്തു വില കൊടുത്തും പരിപാടി നടത്തുമെന്നു ഞാറ്റുവേല പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷസാധ്യത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും വിചാരിക്കാത്ത മേഖലകളിലേക്കു കൂടിയാണ് സംഘര്‍ഷം വ്യാപിച്ചത്.
ഒന്നാം തിയ്യതി രാവിലെ 9 മണിയോടെ പബ്ലിക് ലൈബ്രറിക്കു മുന്നിലെത്തി. കിഡ്‌സണ്‍ കോര്‍ണറില്‍ എസ് കെ പൊറ്റെക്കാട്ടിന്റെ പ്രതിമക്കു സമീപത്തെ വന്‍ പോലിസ് സന്നാഹം മറികടന്നാണ് സമരസ്ഥലത്തെത്തുന്നത്. സമരക്കാരായ ഞാറ്റുവേലക്കാര്‍ എത്തിയിട്ടില്ല. തടിയന്‍ വടികളില്‍ കൊടികള്‍ കെട്ടി 15ലധികം വരുന്ന ഹനുമാന്‍ സേനക്കാര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ‘എവിടെപ്പോയ് സമരക്കാര്‍’ എന്നൊക്കെയാണ് മുദ്രാവാക്യം.
ഇതിനിടയിലാണ് ഭിന്നശേഷിക്കാരനായ ഒരാളും സ്ത്രീകളും ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നത്. (ഞാറ്റുവേല നേതാവ് അജിത്താണ് അതെന്ന് പിന്നീടാണ് അറിയുന്നത്). സ്ത്രീകളുടെ സഹായത്തോടെ ഓട്ടോയില്‍ നിന്നിറങ്ങിയ അജിത്തിനെ ഹനുമാന്‍ സേനക്കാര്‍ വളഞ്ഞുവച്ചു. ആരാണ് നിങ്ങള്‍, എന്തിന് ഇവിടെ വന്നു എന്നൊക്കെയാണ് ചോദ്യങ്ങള്‍. അവര്‍ സ്ത്രീകളെ പിടിച്ചുവലിക്കുകയും അജിത്തിനെ പൊക്കിയെടുത്ത് നിലത്തേക്ക് എറിയുകയും ചെയ്തു. നിരവധി തവണ അവര്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തി.
പബ്ലിക് ലൈബ്രറിക്കു മുന്നിലെ മരത്തില്‍ അജിത്തിനെ ചാരിനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. കാഴ്ചക്കാരായി പോലിസുകാര്‍ അവിടെത്തന്നെയുണ്ട്. അജിത്തിനെ ഒരിക്കല്‍ നിലത്തേക്ക് എറിയുമ്പോള്‍ താങ്ങുന്നത് ഞാനാണ്. എന്റെ സാന്നിധ്യംമൂലം ഷൂട്ടിങ് തടസ്സപ്പെട്ട ഒരു കാമറാമാന്‍ ‘മാറിനില്‍ക്കൂ’ എന്നു പറയുന്നു. പോലിസ് നോക്കിനില്‍ക്കുമ്പോള്‍ ഹനുമാന്‍ സേനക്കാര്‍ അജിത്തിനെ തോളിലെടുത്തും വലിച്ചിഴച്ചുമെല്ലാം കിഡ്‌സണ്‍ കോര്‍ണര്‍ പ്രദേശത്തേക്കു കൊണ്ടുപോവുന്നു- പോലിസിന് ഒരു സഹായമെന്നപോലെ.
ഇതിനിടയിലാണ് ഞാറ്റുവേല പ്രവര്‍ത്തകരും അവര്‍ക്കൊപ്പം സമരത്തിനെത്തിയവരും ലൈബ്രറിക്കു പിറകില്‍ നിന്ന് ഓടിയെത്തുന്നത്. അജിത്തിനെ മര്‍ദ്ദിച്ച സംഭവം അറിഞ്ഞായിരുന്നു അത്. ഓടിയെത്തിയ സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍, ആഹ്ലാദത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന ഹനുമാന്‍ സേനക്കാരെ മറികടന്നു തിരിഞ്ഞുനില്‍ക്കുന്നതോടെയാണ് സംഘര്‍ഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഞാറ്റുവേലക്കാര്‍ ഹനുമാന്‍ സേനക്കാരെ നേരിട്ടു. സേനക്കാര്‍ പരിഭ്രാന്തരായി. അവര്‍ ചിതറിത്തെറിച്ചു. പ്ലക്കാര്‍ഡുകളുടെ വടികള്‍ കൊണ്ടായിരുന്നു ഞാറ്റുവേലക്കാരുടെ പ്രത്യാക്രമണമുണ്ടായത്. ഹനുമാന്‍ സേനക്കാര്‍ക്ക് അടി കൊള്ളാന്‍ തുടങ്ങിയപ്പോഴാണ് മഫ്തിയിലും അല്ലാതെയും പോലിസ് ഇടപെടുന്നത്. ഇതിനിടയിലാണ് ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
പോലിസ് ജീപ്പില്‍ കയറ്റുമ്പോഴും സ്‌റ്റേഷനിലേക്ക് പോകുമ്പോഴും എന്നെ മര്‍ദ്ദിച്ച പോലിസുകാര്‍ സ്‌റ്റേഷനില്‍ എത്തിയിട്ടും ആക്രമണം തുടര്‍ന്നു. വന്നവരും പോയവരുമെല്ലാം മര്‍ദ്ദിച്ചു. സ്‌റ്റേഷനില്‍ സിസിടിവി കാമറയില്ലാത്ത സ്ഥലത്തെ ബെഞ്ചിലാണ് ഇരുത്തിയത്. ഹനുമാന്‍ സേനക്കാരും ഏതാനും സമരക്കാരും അവിടെയുണ്ട്. ബെഞ്ചില്‍ നിന്ന് എണീറ്റുനിര്‍ത്തിയാണ് മര്‍ദ്ദനം. ഇടയ്ക്ക് ഇരിക്കുമ്പോള്‍ പുറത്തും മറ്റും മര്‍ദ്ദിച്ചു വലിച്ചിടും. പിന്നെ ചവിട്ടും.
ഇതു കണ്ട സമരക്കാരില്‍ ഒരാള്‍ മര്‍ദ്ദനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അയാളെ വായ മൂടിക്കെട്ടി ബാത്ത്‌റൂമിനു സമീപമിട്ട് മര്‍ദ്ദിക്കുകയാണ് പോലിസ് ചെയ്തത്. ഈ സമയത്തെല്ലാം ഹനുമാന്‍ സേനക്കാര്‍ കേരള പോലിസിനു ജയ് വിളിക്കുന്നുണ്ട്. എന്റെ ഫോണും പേഴ്‌സും വാഹനത്തിന്റെ താക്കോലും കൈവശപ്പെടുത്തിയ പോലിസ്, ഹനുമാന്‍ സേനക്കാരോട് സമാനമായ രീതിയിലല്ല ഇടപെട്ടത്. ‘നാണമില്ലേ ഓടിയൊളിക്കാന്‍’ എന്നൊക്കെ ചില പോലിസുകാര്‍ പരിഹസിക്കുന്നു. ‘അടുത്ത തവണ തയ്യാറെടുത്തു വരാം’ എന്നാണ് ഹനുമാന്‍ സേനക്കാരുടെ മറുപടി.
ചില സേനക്കാര്‍ എന്റെ ചിത്രം മൊബൈല്‍ ഫോണില്‍ എടുക്കുന്നു. ഒരാള്‍ എന്നെ സ്‌കെച്ച് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. മറ്റൊരാള്‍ എന്റെ ലിംഗം സുന്നത്ത് ചെയ്തതാണെന്നും ബാക്കിയും മുറിക്കുമെന്നും പറഞ്ഞു. അവരില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും തെറിയുടെ അകമ്പടിയോടെ അതു നിരസിക്കപ്പെട്ടു. ചായ ലഭിച്ചില്ലെന്നൊക്കെ പറഞ്ഞ് ഹനുമാന്‍ സേനക്കാര്‍ ഡിജിപിക്കു പരാതി നല്‍കുകയും ചെയ്യുന്നുണ്ട്.
ഇതിനൊക്കെ ഇടയിലാണ് എസിപി സ്റ്റേഷനില്‍ എത്തുന്നത്. ഒരു മുറിയിലേക്ക് എന്നെ വിളിപ്പിച്ച എസിപി എന്റെ കുടുംബം നശിപ്പിക്കുമെന്നു പറഞ്ഞു. എന്റെ ഫോണ്‍കോള്‍ ഡീൈറ്റല്‍ എടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ എസ്‌ഐക്ക് നിര്‍ദേശം നല്‍കിയ ശേഷം സ്റ്റേഷന്‍ വിട്ടു. ഒരു മുറിയില്‍ വച്ച് എന്റെ വിവിധ രീതിയിലുള്ള ചിത്രങ്ങള്‍ പോലിസ് എടുത്തു. ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. നിരോധിത രാഷ്ട്രീയപ്പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റിന്റെ കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവാണ് ഞാനെന്നും എന്റെ നിയന്ത്രണത്തിലാണ് കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ചില പോലിസുകാര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു.
കോഴിക്കോട് ബീച്ച് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയെങ്കിലും തിരക്കായതിനാല്‍ മടക്കിക്കൊണ്ടുവന്നു. ഈ സമയത്താണ് റിപോര്‍ട്ടര്‍ ചാനലിലെയും മീഡിയവണ്‍ ചാനലിലെയും റിപോര്‍ട്ടര്‍മാര്‍ മൈക്കുമായെത്തി ചോദ്യം ചോദിക്കുന്നത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന പോലിസുകാരന്‍ എസ്‌ഐയോട് മാധ്യമ ഇടപെടലിനെക്കുറിച്ച് പറയുന്നു. എന്നെ തല്ലിയത് പോലിസല്ലെന്നും നാട്ടുകാരാണെന്നുമാണ് എസ്‌ഐ പറഞ്ഞത്.
തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പരിശോധന പൂര്‍ണമായിരുന്നില്ലെന്നു ഞാന്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. പുനഃപരിശോധനക്കു മജിസ്‌ട്രേറ്റ് ഉത്തരവിട്ടെങ്കിലും ഡോക്ടര്‍മാര്‍ ഉത്തരവ് വേണ്ട രീതിയില്‍ പാലിച്ചില്ല. ഇതിനു ശേഷമാണ് ജില്ലാ ജയിലില്‍ അടയ്ക്കുന്നത്. അഞ്ചു രാത്രികള്‍ ജയിലിനകത്ത്.
ജയിലില്‍ ലഭിച്ച ചില പത്രറിപോര്‍ട്ടുകള്‍ ഞെട്ടിച്ചു. ഞാന്‍ പോലിസിനെ വടി കൊണ്ട് അടിച്ചുവെന്നാണ് മലയാള മനോരമ എഴുതിയത്. മാധ്യമപ്രവര്‍ത്തകരുടെ മാവോവാദ ബന്ധത്തെക്കുറിച്ച് ദീപികയിലും റിപോര്‍ട്ട് വന്നു. കോടതികളിലും സര്‍ക്കാര്‍-പോലിസ് സംവിധാനങ്ങളിലും മാവോവാദികള്‍ മാധ്യമപ്രവര്‍ത്തകരുടെ രൂപത്തില്‍ നുഴഞ്ഞുകയറി എന്നായിരുന്നു ദീപികയിലെ വാര്‍ത്ത.
എനിക്കെതിരേ 10 ഇന്റലിജന്‍സ് ബ്യൂറോ റിപോര്‍ട്ട് ഉണ്ടെന്നും 15ഓളം ക്രിമിനല്‍ കേസുകളുണ്ടെന്നും പോലിസിലെ ചിലര്‍ പ്രചരിപ്പിച്ചു. ഈ കേസില്‍ ഇടപെടേണ്ടെന്നും പിന്നീട് പ്രശ്‌നമാവുമെന്നുമാണ് പോലിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഞാന്‍ കസ്റ്റഡിയില്‍ ഇരിക്കെ പോലിസ് സ്‌റ്റേഷനില്‍ എത്തിയ ഒരു മാധ്യമപ്രവര്‍ത്തകനെ ഇക്കാര്യം പറഞ്ഞു പോലിസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹനുമാന്‍ സേനയ്‌ക്കെതിരേ നേരത്തേ മുതലേ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം പിരിക്കുക, തൊഴില്‍സമരങ്ങളെ തകര്‍ക്കുക തുടങ്ങിയ ആരോപണങ്ങള്‍ ഇവര്‍ക്കെതിരേയുണ്ട്. ഹനുമാന്‍ സേനയ്ക്ക് അനുകൂലമായാണ് സമരത്തില്‍ പോലിസ് നിലയുറപ്പിച്ചത്. ഹനുമാന്‍ സേനക്കാരെ ഞാറ്റുവേലക്കാര്‍ നേരിടുമ്പോള്‍ മാത്രമാണ് പോലിസ് രംഗത്തെത്തിയത്. സമരത്തെ കായികമായി തടയുമെന്നു പ്രഖ്യാപിച്ച ഹനുമാന്‍ സേനക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനു പകരം സംഘര്‍ഷത്തിനു വഴിതുറക്കുകയാണ് പോലിസ് ചെയ്തത്. ഭിന്നശേഷിക്കാരനായ അജിത്തിനെ മര്‍ദ്ദിച്ചിട്ടു പോലും ഹനുമാന്‍ സേനക്കാരെ പോലിസ് അഴിച്ചുവിട്ടു.
പോലിസ് അതിക്രമങ്ങളുടെ കാഠിന്യം നേരിട്ട് ബോധ്യപ്പെടാന്‍ ഈ സംഘര്‍ഷം സഹായിച്ചു. അതിക്രമങ്ങള്‍ക്കെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോവും. സാധ്യമായ എല്ലാ രീതികളിലും അതിക്രമങ്ങളെ എതിര്‍ക്കും. ജയിലുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ഇടപെടലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ജയില്‍വാസം സഹായിക്കുമെന്ന് ഉറപ്പാണ്. തീര്‍ച്ചയായും ഈ വര്‍ഷം സംഘര്‍ഷങ്ങളുടേതും തിരിച്ചറിവുകളുടേതും കൂടിയാണ്. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക