|    Apr 24 Tue, 2018 4:58 am
FLASH NEWS

പുതുപ്പാടിയില്‍ മാവോവാദികളെന്ന് : പോലിസ് തിരച്ചില്‍ നടത്തി

Published : 8th September 2017 | Posted By: fsq

 

താമരശ്ശേരി: പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ ആയുധ ധാരികളായ മാവോവാദികള്‍ എത്തിയതായ വിവരത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. മട്ടിക്കുന്ന പരപ്പന്‍പാറ ബിന്ദുവിന്റെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി ഭക്ഷണം കഴിച്ച് മടങ്ങിയത്. സംഘത്തിലെ മൂന്നുപേരുടെ ഫോട്ടോ ബിന്ദു തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം വീട്ടിലെത്തിയെന്നും പത്തുമണിവരെ വീട്ടില്‍ ചെലവഴിച്ചെന്നുമാണ് ബിന്ദു പറയുന്നത്. പച്ച യൂനിഫോമില്‍ എത്തിയ സംഘത്തിന്റെ കയ്യില്‍ വലിയ തോക്കുകളുണ്ടായിരുന്നു. ഒരു സ്ത്രീയും നാല് പുരുഷന്‍മാരും അടങ്ങുന്ന സംഘം ഭക്ഷണം ആവശ്യപ്പെടുകയും പാകം ചെയ്യുന്നതുവരെ കാത്തിരുന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്തു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഉച്ചഭക്ഷണം വനപ്രദേശത്തെത്തിക്കാന്‍ നിര്‍ദേശിച്ചതായും അവര്‍ വ്യക്തമാക്കി. ഇതു പ്രകാരം ബിന്ദു ഭക്ഷണവുമായി മലകയറി. നാലുപേര്‍ വന്ന് ഭക്ഷണം വാങ്ങി മടങ്ങിയെന്നും നൂറ് രൂപ നല്‍കിയെന്നും ഇവര്‍ പറയുന്നു. എല്ലാവരുടെയും കൈയില്‍  മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. ഇവ ബിന്ദുവിന്റെ വീട്ടില്‍ നിന്ന് ചാര്‍ജ് നിറച്ചു. ബിന്ദുവിന്റെ ഫോണിലെ ബാറ്റരി മാറ്റി മാവോയിസ്റ്റുകള്‍ അധികമായി കരുതിയിരുന്ന ബാറ്റരികളിലും ചാര്‍ജ് നിറച്ചു. ജീവിത സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞ മാവോയിസ്റ്റുകള്‍ വിവരം പുറത്ത് പറയരുതെന്നും ഉപദേശിച്ചാണ് മല കയറിയത്. സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നുപേരുടെ ഫോട്ടോബിന്ദു തിരിച്ചറിഞ്ഞു. നാലുപേര്‍ മലയാളമാണ് സംസാരിച്ചത്. അഞ്ചാമന്റെ ഭാഷ അവ്യക്തമാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് വിവരം അയല്‍വാസിയെ അറിയിച്ചത്. വിവരം അറിഞ്ഞ് താമരശ്ശേരി പോലിസും രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ണപ്പന്‍കുണ്ട് മേഖലയിലെ വനാതിര്‍ത്തികളില്‍ നേരത്തെയും മാവോവാദികളുടെ സാന്നിധ്യം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സംഘം നടത്തിയ പരിശോധനയില്‍ വനത്തിനുള്ളില്‍ അള്‍പെരുമാറ്റമുള്ളതായ സൂചനകള്‍ ലഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss