|    Nov 19 Mon, 2018 11:36 pm
FLASH NEWS

പുതുപ്പാടിയിലെ കുടുംബശ്രീ അംഗങ്ങള്‍ നിര്‍മാണരംഗത്തു ചുവടുവയ്ക്കുന്നു

Published : 7th August 2018 | Posted By: kasim kzm

താമരശ്ശേരി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 10 വനിതകള്‍ കെട്ടിട നിര്‍മാണ രംഗത്ത് ചുവടുറപ്പിക്കുന്നു. ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിലെ ഇരുപതാം വാര്‍ഡ് പ്രിയം കുടുംബശ്രീ അംഗങ്ങളായ 10 പട്ടികവര്‍ഗ വനിതകളാണ് പുതിയ സംരംഭത്തിന് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കുടുംബശ്രീ നിര്‍മാണ യൂനിറ്റ് വിജയകരമായതിനെ തുടര്‍ന്നാണ് ജില്ലയിലും ഈ പദ്ധതി തുടങ്ങാന്‍ കുടുംബശ്രീ മിഷന്‍ തീരുമാനിച്ചത്. അതിനായി അപേക്ഷ വിളിച്ചപ്പോള്‍ തന്നെ ഒട്ടും മടികൂടാതെ കടന്നു വരികയായിരുന്നു ഈ പട്ടികവര്‍ഗ വനിതകള്‍.
53 ദിവസം നല്‍കുന്ന നിരന്തര പരിശീലനത്തിലൂടെയാണ് ഇവര്‍ ഈ തൊഴില്‍ രംഗത്തേക്ക് ചുവടുറപ്പിക്കുക. നിര്‍മാണ മേഖലയിലെ വിദഗ്ദനായ ഒരു മേസ്തിരിയുടെ കീഴിലാണ് പരിശീലനം. പരിശീലന ചെലവ് കുടുംബശ്രീ മിഷന്‍ വഹിക്കും. ആദ്യഘട്ടത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍ സ്വന്തം നിലയില്‍ വീട് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ആരും തുണയില്ലാത്ത ഗുണഭോക്താക്കളുടെ വീട് നിര്‍മാണം ഏറ്റെടുത്തു പൂര്‍ത്തികരിക്കുകയാണ് ചെയ്യുക. പിന്നീട് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ഏറ്റെടുത്തു നടത്തുന്ന വീടുകളും നിര്‍മിച്ച് നല്‍കും.
53 ദിവസത്തെ പരിശീലനത്തില്‍ ഒരു വീട് പണിയുടെ തറയുടെ പണി മുതല്‍ ബെല്‍റ്റ് വാര്‍ക്കല്‍, പടവ് പണി, കോണ്‍ക്രീറ്റ്, വയറിങ് തേപ്പ്, പെയിന്റിങ് തുടങ്ങി എല്ലാ മേഖലകളും ഉള്‍പ്പെടുന്നതാണ്. 200 രൂപ സ്റ്റൈപ്പന്റും ഭക്ഷണവും നല്‍കും.
പുതുപ്പാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താവ് എടുത്ത് വെച്ചകല്ല് ചുണ്ടത്തുംപൊയില്‍ വീട്ടില്‍ വിധവയായ മൈഥിലിയുടെ വീട് നിര്‍മിച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. മട്ടിക്കുന്ന് സ്വദേശി രതീഷ് ആണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. പരിശീലനം പൂര്‍ത്തിയാവുന്നതോടെ ഈ ഗ്രൂപ്പ് സര്‍ക്കാര്‍ അംഗീകാരമുള്ള നിര്‍മാണ ഏജന്‍സിയായി മാറും. സര്‍ക്കാരിന്റെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ പോലുമില്ലാതെ ഇവര്‍ക്ക് ചെയ്യാനും സാധിക്കും.
ഇരുപതാം വാര്‍ഡിലെ പയോണ പട്ടികവര്‍ഗ കോളനിയിലെ പ്രിയം അയല്‍ക്കൂട്ട അംഗങ്ങളായ സുനിത, ജാനു, ബിന്ദു, സീത, ചന്ദ്രിക, സൗമിനി, ലത, സുമതി, കല്യാണി, ചന്ദ്രിക എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. നിര്‍മാണ പരിശിലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എടുത്ത് വെച്ചകല്ലില്‍ നിര്‍വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss