|    Nov 15 Thu, 2018 3:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുതുതലമുറ ലഹരിവസ്തുക്കള്‍ തിരിച്ചറിയാന്‍ സംവിധാനങ്ങളില്ല

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: പുതുതലമുറ ലഹരിവസ്തുക്കള്‍ തിരിച്ചറിയാന്‍ വേണ്ട സംവിധാനങ്ങളില്ലെന്ന് എക്‌സൈസ് വകുപ്പും ചീഫ് കെമിക്കല്‍ എക്‌സാമിനറും ഹൈക്കോടതിയില്‍. ഒരു കിലോഗ്രാമിലധികം ബ്രൗണ്‍ഷുഗറുമായി അറസ്റ്റിലായ ഇതരസംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതുത—ലമുറ ലഹരിമരുന്നുകളുടെ യഥാര്‍ഥ സാംപിളുകളില്ലാത്തതിനാല്‍ പരിശോധന നടത്താനാവുന്നില്ലെന്നും നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയോട് സാംപിള്‍ നിരന്തരം ചോദിച്ചിട്ടും ലഭിക്കുന്നില്ലെന്നും കേരള സംസ്ഥാന ഫോറന്‍സിക്ക് സയന്‍സ് ലാബോറട്ടറി ഡയറക്ടര്‍ കോടതിയെ അറിയിച്ചു. ഇതേ വാദം ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുമുണ്ട്. ഇത് ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. മയക്കുമരുന്നു കേസുകളിലെ പരിശോധനകള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ ആലോചിക്കാന്‍ ആഭ്യന്തരസെക്രട്ടറിയും ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി ഡയറക്ടറും ഡിജിപിയും എക്‌സൈസ് കമ്മീഷണറും കൂടിയാലോചന നടത്തണമെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ എക്‌സൈസ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും ലഹരി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വരവാണ് ഇതിന് പ്രധാന കാരണമെന്നും എക്‌സൈസ് കമ്മീഷണറും കോടതിയെ അറിയിച്ചു.
മയക്കുമരുന്നുകള്‍ പരിശോധിക്കാനുള്ള കിറ്റുകള്‍ വേണ്ടത്ര ലഭ്യമല്ല. പുതുതലമുറ ലഹരിവസ്തുക്കളെ ഈ കിറ്റുകള്‍ വഴിയും കണ്ടെത്താനാവില്ല. മാജിക് മഷ്‌റൂം പോലുള്ള ലഹരിവസ്തുക്കള്‍ അതിവേഗം പരിശോധിച്ചില്ലെങ്കില്‍ അവ ജീര്‍ണിച്ചില്ലാതാവും. ലാബ് പരിശോധനാ ഫലം വൈകുന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെങ്കില്‍ പിന്നീട് വിചാരണയ്ക്കു ലഭിക്കാന്‍ പ്രയാസമാണ്. ആകെ മൂന്നു ലാബുകള്‍ മാത്രമുള്ളതിനാല്‍ പരിശോധനാ ഫലങ്ങള്‍ സമയത്തിന് ലഭിക്കുന്നില്ല. ഓരോ ജില്ലകളിലും രാസപരിശോധനാ ലാബുകളും ഫോറന്‍സിക് സയന്‍സ് ലാബുകളും സ്ഥാപിക്കണം. പുത്തന്‍ തലമുറ മയക്കുമരുന്നുകളെ തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യവും വേണം. മൊബൈല്‍ ലാബുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്നും എക്‌സൈസ് ആവശ്യപ്പെടുന്നു. കൊച്ചിയിലെ പുതിയ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി രണ്ടു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേരള സംസ്ഥാന ഫോറന്‍സിക്ക് സയന്‍സ് ലാബോറട്ടറി ഡയറക്ടര്‍ കോടതിയെ അറിയിച്ചു. രാസപരിശോധന നടത്താനായി 820 കേസുകളിലെ സാംപിളുകളാണ് കെട്ടിക്കിടക്കുന്നതെന്നും സത്യവാങ്മൂലം പറയുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു ലാബുകളാണുള്ളതെന്ന് ചീഫ് കെമിക്കല്‍ എക്‌സാമിനറും വ്യക്തമാക്കി. എല്ലാ ലാബുകളിലുമായി അഞ്ചു പേരാണു പരിശോധന നടത്തുന്നത്. ഒരാള്‍ക്ക് 25 കേസു വച്ച് പ്രതിവര്‍ഷം 1,500 കേസ് മാത്രമാണ് നിര്‍ണയിക്കാനാവുക. 2017-18ല്‍ മാത്രം 5,238 കേസുകളാണ് പരിഗണനയ്ക്ക് വന്നിരിക്കുന്നത്. മറ്റ് ഡിവിഷനുകളില്‍ നിന്ന് നാലു പേരെ കൂടുതലായി കൊണ്ടുവന്നു. പക്ഷേ, അവര്‍ വന്ന, പോക്‌സോ, അബ്കാരി, സ്‌ഫോടകവസ്തു തുടങ്ങിയ മേഖലകളിലെ പരിശോധനകള്‍ ഇതോടെ പ്രതിസന്ധിയിലായി. 2018 ജനുവരി മുതല്‍ മേയ് വരെ 21246 മയക്കുമരുന്നുകളും പിടികൂടിയതായി എക്‌സൈസ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മതിയായ പിന്തുണ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. കേസ് ഓണാവധിക്കു ശേഷം വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss