|    Jan 25 Wed, 2017 3:05 am
FLASH NEWS

പുതുതലമുറയ്ക്ക് പക്വത കുറയുന്നു: ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്

Published : 2nd October 2016 | Posted By: SMR

കണ്ണൂര്‍: പുതിയ തലമുറയ്ക്കു പക്വത കുറഞ്ഞുവരുന്നതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്. സ്‌കൂള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കായി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച സംവാദം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തലമുറയിലെ ചെറിയ കുട്ടികള്‍ പൊതുവിഷയങ്ങളില്‍ കാണിക്കുന്ന പക്വതയും പരിചയവും പുതുതലമുറയിലെ 20 കഴിഞ്ഞവരില്‍ പോലും കാണിക്കുന്നില്ല.
പാഠ്യവിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതിനാലാണ് സാമൂഹിക  അവബോധം കുറയുന്നത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ പോലും ജിവിതത്തിലെ ചെറിയ വെല്ലുവിളികള്‍ പോലും നേരിടാനാവാതെ ഒളിച്ചോടുകയാണ്. പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല ചുറ്റുവട്ടങ്ങളിലെ അനുഭവങ്ങളില്‍ നിന്നുകൂടിയാണ് വിദ്യാഭ്യാസം നേടേണ്ടത്. ആശുപത്രിയിലെ രോഗികളെയും തെരുവുകളില്‍ കഴിയുന്നവരെയും ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്തവരെയും തിരിച്ചറിയുന്ന കുട്ടിക്ക് മാത്രമേ സ്വന്തത്തെ തിരിച്ചറിയാനാവൂ. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അറിയുമ്പോഴാണ് രക്ഷിതാക്കളില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണത്തിന്റെ വിലയറിയുക.
നിയമവ്യവസ്ഥ നിലനിന്നാല്‍ മാത്രമേ കോടതിക്കും പോലിസിനും പ്രസക്തിയുള്ളൂ. ഓരോരുത്തരും നിയമം കൈയിലെടുക്കുന്ന അവസ്ഥ വന്നാല്‍ സമാധാനം തകരും. സ്വന്തം വീടുകളില്‍ നിന്നാണ് നിയമബോധത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ടത്.
വിദേശരാജ്യങ്ങളുടെ മാതൃകയില്‍ നമ്മുടെ ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ കുട്ടികളില്‍ നിയമാവബോധം സൃഷ്ടിക്കുന്ന ജുഡീഷ്യല്‍ പാര്‍ക്കുകളായി വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി അധ്യക്ഷത വഹിച്ചു. കമ്മീഷനംഗം അഡ്വ. കെ നസീര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ അഞ്ജു മോഹന്‍, കമ്മീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ വി പി പ്രമോദ് കുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക