|    Oct 24 Wed, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പുതുച്ചേരി: എംബിബിഎസ് പ്രവേശനം റദ്ദാക്കി

Published : 15th September 2017 | Posted By: fsq

 

പുതുച്ചേരി: മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലകളിലെയും ആദ്യവര്‍ഷ എംബിബിഎസ് പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുതുച്ചേരി ആരോഗ്യവിഭാഗം സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഏകീകൃത കൗണ്‍സിലിങ് നടപ്പാക്കാത്തതിനാലും അവസാന തിയ്യതിയായ 2016 സപ്തംബര്‍ 30ന് ശേഷവും പ്രവേശനം നടത്തിയതുമാണ് വിദ്യാര്‍ഥികളെ അയോഗ്യരാക്കാന്‍ കാരണം. സപ്തംബര്‍ ഏഴിനാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയത്. നാല് കല്‍പിത സര്‍വകലാശാലകളും മൂന്നു സ്വകാര്യ കോളജുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്രവേശനം നടത്തിയതെന്നാരോപിച്ച് രക്ഷിതാക്കളുടെ സംഘടന നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. പ്രവേശന നടപടികള്‍ നിരീക്ഷിക്കാന്‍ നിയമിച്ച കമ്മിറ്റിക്കാണ് ഇവര്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദി മെഡിക്കല്‍ കൗണ്‍സിലിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എത്ര വിദ്യാര്‍ഥികളെയാണ് അയോഗ്യരാക്കേണ്ടതെന്നു മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടില്ല. 770 വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ അവരുടെ സീറ്റിലേക്ക് ചട്ടം ലംഘിച്ച് പ്രവേശനം നടത്തിയതാണ് പ്രശ്‌നമെന്നും സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പ്രതികരിച്ചു. അതേസമയം, ചട്ടം ലംഘിച്ച സര്‍വകലാശാലകളിലും മെഡിക്കല്‍ കോളജുകളിലുമായി പ്രവേശനം നേടിയ 1050 വിദ്യാര്‍ഥികളില്‍ 283 പേര്‍ മാത്രമാണ് മാനദണ്ഡങ്ങള്‍ പാലിച്ചതെന്നും ബാക്കിയെല്ലാം അനധികൃത പ്രവേശനമാണെന്നും രക്ഷിതാക്കളുടെ സംഘടന ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss