|    Dec 11 Mon, 2017 6:44 pm
FLASH NEWS

പുതുക്കിപ്പണിയാന്‍ പോകുന്ന പോലിസ് സ്‌റ്റേഷന്‍ ;ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ മുറിയും ചായംപൂശലും

Published : 14th July 2017 | Posted By: fsq

 

മുക്കം: പുതുക്കിപ്പണിയാന്‍ പോകുന്ന മുക്കം പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനോട് ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി പുതിയ മുറി നിര്‍മ്മിക്കുന്നത് വിവാദമാകുന്നു. അഞ്ച് കോടി രൂപ ചെലവഴിച്ച് പുതുക്കി പണിയാന്‍ പോകുന്ന സ്‌റ്റേഷനില്‍ മൂന്ന് ലക്ഷം രൂപ ചെലവിലാണ് പുതിയ വനിതാ വിശ്രമമുറി നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ടെന്‍ഡര്‍ പ്രകാരം പോലീസ് കൗണ്‍സില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന പുതിയ റൂമിന്റെ തറയുടെ പണി പൂര്‍ത്തിയായി കഴിഞ്ഞു. സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ റൂമിന്റെ പിറകുവശത്തായാണ് പുതിയ റൂം നിര്‍മ്മിക്കുന്നത്. 14 അടിയോളം നീളവും 10 അടി വീതിയുമുള്ള മുറിയുടെ തറയുടെ പ്രവൃത്തി കരിങ്കല്ല് ഉപയോഗിച്ച് പൂര്‍ത്തിയായി കഴിഞ്ഞു.  കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ ചെങ്കല്ലുകളും ഇവിടെ എത്തിച്ചിട്ടുണ്ട്. അതിനിടെ കല്ലുമായി വന്ന ലോറിയിടിച്ച് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിയുകയും ചെയ്തു.കെട്ടിടത്തിന്റെ ചുമരും കോണ്‍ക്രീറ്റ് മേല്‍ക്കൂരയും അടര്‍ന്ന് വീണു കൊണ്ടിരിക്കുന്ന മുക്കം പോലീസ് സ്‌റ്റേഷനിലാണ് 3 ലക്ഷം രൂപ ചെലവില്‍ വനിതകള്‍ക്ക് വിശ്രമമുറി നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസവും കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്നു വീണിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഫ്രണ്ട് ഓഫീസിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണപ്പോള്‍ പരാതി നല്‍കാന്‍ വന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനായ് സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ കെട്ടിടത്തിന്റെ പണി തുടങ്ങുമെന്നും ജോര്‍ജ് എം തോമസ് എംഎല്‍എ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പോലീസുകാരുടെ നേതൃത്വത്തില്‍ ജൂലായ് 5ന് നടത്തിയ പോലീസ് സ്‌റ്റേഷന്‍ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു എംഎല്‍എ യുടെ പ്രഖ്യാപനം. നിലവിലെ കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. അങ്ങനെ പൊളിച്ചു നീക്കുന്ന കെട്ടിടത്തിന് ഇപ്പോള്‍ മൂന്ന് ലക്ഷം രൂപ ചെലവില്‍ പുതിയ വിശ്രമമുറി നിര്‍മ്മിക്കുന്നതെന്തിനാണെന്നാണ് പോലീസുകാരുടേയും നാട്ടുകാരുടേയും ചോദ്യം. സ്‌റ്റേഷന്‍ കെട്ടിടം പെയിന്റടിക്കാനുള്ള നടപടിയും നടന്നു വരികയാണ്. അടുത്ത് തന്നെ പൊളിക്കാനിരിക്കുന്നതും തേപ്പും മേല്‍ക്കൂരയും അടര്‍ന്ന് വീണുകൊണ്ടിരിക്കുന്ന സ്‌റ്റേഷന്‍ കെട്ടിടം പെയിന്റ് അടിക്കാന്‍ തുക ചെലവഴിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക