|    Jan 21 Sat, 2017 10:09 am
FLASH NEWS

പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ലയിലെ അരിവാള്‍ രോഗികള്‍

Published : 22nd July 2016 | Posted By: SMR

മാനന്തവാടി: പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുക്കരുതെന്ന പ്രാര്‍ഥനയുമായി പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ജില്ലയിലെ അരിവാള്‍ രോഗബാധിതര്‍. ജില്ലയിലെ വലിയൊരു വിഭാഗം ജനതയെ ബാധിച്ചിരിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് അരിവാള്‍ രോഗം.
ജില്ലയില്‍ ഏകദേശം 1,000ത്തോളം അരിവാള്‍ രോഗികളുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ്. ആദിവാസികളിലും ചെട്ടി വിഭാഗത്തിലുമാണ് രോഗബാധിതര്‍ കൂടുതല്‍. ആദിവാസി വിഭാഗത്തില്‍ 15 ശതമാനവും ചെട്ടിമാരില്‍ 25 ശതമാനവും രോഗബാധിതരോ വാഹകരോ ആണ്. എന്നാല്‍, മറ്റ് രോഗങ്ങള്‍ ബാധിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തിന് പ്രത്യേക ആനുകൂല്യങ്ങളോ പദ്ധതികളോ ഇല്ല.
ജനിതകരോഗമായതു കൊണ്ടുതന്നെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഒരു ജനതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു. പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും മെച്ചപ്പെട്ട ആരോഗ്യപരിപാലനവും പ്രാഥമിക ജീവിത സൗകര്യങ്ങളും രോഗികള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ രോഗത്തെ നിയന്ത്രിക്കാനും ഒരു പരിധിവരെ സാധാരണ ജീവിതം നയിക്കാനും രോഗികള്‍ക്ക് കഴിയും. എന്നാല്‍, തലമുറകളായി രോഗത്തിനടിപ്പെട്ട സിക്കിള്‍സെല്‍ രോഗികള്‍ മാനസികവും ശാരീരികമായും അവശരും സാമ്പത്തികമായി പരാധീനരുമാണ്. അംഗ പരിമിതരുടെ അവസ്ഥയിലാണ് രോഗികള്‍. സിക്കിള്‍സെല്‍ രോഗികള്‍ക്കായി മാനന്തവാടി ജില്ലാ ആശുപത്രിയിലും സുല്‍ത്താന്‍ ബത്തേരി താലുക്ക് ആശുപത്രിയിലും എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക വാര്‍ഡ് വര്‍ഷങ്ങള്‍ കഴിണ്ടിട്ടും ഈ രോഗികള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ല.
പെന്‍ഷന്‍ അനുവദിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് രോഗികളില്‍പ്പെട്ട ആദിവാസി വിഭാഗത്തിന് മാത്രം പെന്‍ഷന്‍ അനുവദിച്ചു. ഇതു പിന്നീട് ബിപിഎല്‍ വിഭാഗത്തിനു കൂടി അനുവദിച്ചു. അസോസിയേഷന്റെ നിരന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ജില്ലയിലെ എല്ലാ അരിവാള്‍ രോഗികള്‍ക്കും 2,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കി 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ജില്ലയില്‍ ആര്‍ക്കും തന്നെ ആനുകൂല്യം ലഭിച്ചിട്ടില്ല. നിലവില്‍ പെന്‍ഷന്‍ ആനുകൂല്യത്തിനായി മെഡിക്കല്‍ കോളജില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ഇതു ജില്ലയിലെ രോഗികളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണ്. അരിവാള്‍ രോഗികള്‍ക്ക് ജാതിമത പരിഗണനകളില്ലാതെ ചികില്‍സാ ആനുകൂല്യങ്ങള്‍ അനുവദിക്കാനും രോഗികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പദ്ധതികള്‍ തയ്യാറാക്കാനും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക