|    Sep 26 Tue, 2017 12:55 pm

പുതിയ സബ് കോടതി നാളെ മുതല്‍ ദേവികുളത്ത്

Published : 14th July 2017 | Posted By: fsq

 

തൊടുപുഴ: ദേവികുളത്ത് നാളെ സബ് കോടതി നിലവില്‍ വരും.കോടതി നിലവില്‍ വരുന്നതോടെ ഹൈറേഞ്ചിലെ നീതി ന്യായ വ്യവഹാരങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. ഹൈറേഞ്ചില്‍ കോടതിയില്ലാത്തതു മൂലം കേസുകളുമായി ബന്ധപ്പെട്ടവര്‍ക്ക് ദീര്‍ഘദൂരമാണ് യാത്ര ചെയ്യേണ്ടി വന്നിരുന്നത്. പുതിയ കോടതി നിലവില്‍ വരുന്നതോടെ സമയവും ചെലവും ഒഴിവാക്കാനാവും. വിസ്തൃതമായ ദേവികുളം താലൂക്കിലെ വ്യവഹാരങ്ങള്‍ക്ക് ഇവിടെ തന്നെ തീര്‍പ്പു കാണാമെന്നതാണ് പ്രത്യേകത.നിലവില്‍ സബ് കോടതി ഇല്ലാത്തതു മൂലം പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് തൊടുപുഴയിലോ കട്ടപ്പനയിലോ ആയിരുന്നു. അസിസ്റ്റന്റ് സെഷന്‍സ് കോടതിയായി ഉയര്‍ത്തപ്പെടുന്ന കോടതിയുടെ അധികാര പരിധി ദേവികുളം താലൂക്കിലെ പതിനൊന്ന് വില്ലേജുകളും ഉടുമ്പന്‍ചോല താലൂക്കിലെ 9 വില്ലേജുകളും ആണ്. ഈ വില്ലേജുകളില്‍ നിന്നുള്ള 10 ലക്ഷത്തിനു മുകളിലുള്ള സകല വ്യവഹാരങ്ങളും ഇവിടെ വിചാരണ ചെയ്യാനാവും. പൊതു ചാരിറ്റബിള്‍ ട്രസ്റ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഇവയുടെ വിധി നടത്തല്‍ ഹരജികള്‍, ദേവികുളം മുന്‍സിഫ് കോടതിയുടെ അധികാര പരിധിയില്‍ വരും. ഇത്തരത്തിലുള്ള കേസുകള്‍ തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലാണ്  ൈകകാര്യം ചെയ്തു വന്നിരുന്നത്. സിവില്‍ തര്‍ക്കങ്ങള്‍ കൂടാതെ ശാന്തന്‍പാറ, മറയൂര്‍, ദേവികുളം, മൂന്നാര്‍, അടിമാലി, രാജാക്കാട്, വെള്ളത്തൂവല്‍ എന്നീ പോലളസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ക്രിമിനല്‍ കേസുകളും പുതിയ കോടതിയില്‍ വിചാരണ നടത്തും. സബ് കോടതി വരുന്നതോടെ അദാലത്ത്, മീഡിയേഷന്‍ സെന്റര്‍ എന്നിവയിലൂടെ നിരവധി കേസുകളില്‍ തീര്‍പ്പു കാണാനാവും. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദേവികുളം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനും പുതിയ കോടതി നിലവില്‍ വരുന്നതോടെ സാധ്യമാവും. ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പുതിയ കോടതി വലിയ രീതിയിലുള്ള ആശ്വാസമാകും. ജോസ് എന്‍ സിറിലിനെയാണ് പുതിയ കോടതിയുടെ ജഡ്ജിയായി ഹൈക്കോടതി നിയമിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് തന്നെ കേസുകള്‍ പരിഗണിച്ചു തുടങ്ങും. ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി പി ഡി രാജന്‍ കോടതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ചടങ്ങില്‍ ജോയ്‌സ് ജോര്‍ജ് എം. പി അധ്യക്ഷത വഹിക്കും. എസ് രാജേന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ സെഷന്‍സ് ജഡ്ജ് വി ജി അനില്‍കുമാര്‍, ദേവികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഗോവിന്ദസാമി, ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തോമസ് പോള്‍, സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ പീറ്റര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക