|    Nov 14 Wed, 2018 12:59 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പുതിയ വേതന സുരക്ഷാ നിയമം; നിര്‍മാണ കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപോര്‍ട്ട്

Published : 10th August 2016 | Posted By: SMR

ദോഹ: തൊഴിലാളികള്‍ക്ക് സമയത്ത് ശമ്പളം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടു വന്ന വേതന സുരക്ഷാ നിയമം നിരവധി കോണ്‍ട്രാക്ടിങ് കമ്പനികളെ പ്രതിസന്ധിയിലാക്കിയതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ഉപഭോക്താവ്(ക്ലയന്റ്) കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് സമയത്ത് പണം കൊടുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോണ്‍ട്രാക്ടറും ഉപഭോക്താവും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം പല പദ്ധതികളും നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കാറുണ്ട്. ഈയിടെയുണ്ടായ എണ്ണവിലയിടിവ് ഈ പ്രതിസന്ധി രൂക്ഷമാക്കി. ഇതുമൂലം പുതിയ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് നിശ്ചിത സമയത്ത് ബാങ്ക് വഴി ശമ്പളമെത്തിക്കാന്‍ കമ്പനികള്‍ പ്രയാസപ്പെടുകയാണ്.
കോണ്‍ട്രാക്ടറുടെ പേമെന്റ് വൈകുമ്പോള്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുകയല്ലാതെ വേറെ വഴിയുണ്ടാവില്ലെന്ന് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്റ്റംസ് ഇന്റഗ്രേറ്റര്‍ കമ്പനിയായ ടെക്‌നോ ക്യു മാനേജിങ് ഡയറക്ടര്‍ സിയാദ് അല്‍ജെയ്ദ ദോഹ ന്യൂസിനോട് പറഞ്ഞു.
കൈയില്‍ പണമില്ലെങ്കില്‍ ശമ്പളം കൊടുക്കാനാവില്ല. ബാങ്കില്‍ നിന്ന് കടമെടുക്കുന്നതിന് പരിധിയുണ്ട്. ഉപഭോക്താവില്‍ നിന്ന് പണം ലഭിക്കുന്നതിനനുസരിച്ചാണ് ഭൂരിഭാഗം കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ ഒപ്പിട്ട വേതന സംരക്ഷണ നിയമം അതേ വര്‍ഷം നവംബറിലാണ് നിലവില്‍ വന്നത്. 2016 ജൂണിലെ കണക്ക് പ്രകാരം 15 ലക്ഷം ഖത്തര്‍ പ്രവാസികളാണ് പുതിയ നിയമത്തിന് കീഴില്‍ വന്നതെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു. എന്നാല്‍, പല കമ്പനികളും പ്രായോഗിക തടസ്സങ്ങള്‍ കാരണം ഇനിയും പുതിയ സംവിധാനത്തിലേക്ക് മാറിയിട്ടില്ല.
കമ്പനികള്‍ വേതന സംരക്ഷണ നിയമം നടപ്പിലാക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ടെന്ന് ഖത്തരി കോണ്‍ട്രാക്ടിങ് കമ്പനിയായ അറേബ്യന്‍ എംഇപിയുടെ സിഇഒ വസന്ത് കുമാര്‍ പറഞ്ഞു.
ക്ലയന്റ് പേമെന്റ് വൈകുന്നതിന് പരിഹാരം കാണാതെ ധൃതിപിടിച്ചാണ് വേതന സുരക്ഷാ നിയമം നടപ്പില്‍ വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ലഭിച്ച കരാറുകള്‍ ക്ലയന്റ് വൈകിപ്പിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പണിയില്ലാതെ തന്നെ തൊഴിലാളികളെ നിലനിര്‍ത്തേണ്ടി വരുന്നത് മൂലം ഇത് അധികച്ചെലവ് സൃഷ്ടിക്കുന്നു. പേമെന്റ് വൈകുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും കുമാര്‍ പറഞ്ഞു.
ക്ലയന്റും നിര്‍മാണ കമ്പനിയും ഫിഡിക്(ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് കണ്‍സള്‍ട്ടിങ് എന്‍ജിനീയേഴ്‌സ്) കരാര്‍ ഫോമുകള്‍ ഉപയോഗപ്പെടുത്തുകയാണ് പ്രശ്‌നത്തിനുള്ള ഒരു പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ എന്‍ജിനീയര്‍ക്കോ ക്ലയന്റിന്റെ പ്രതിനിധിക്കോ പൂര്‍ത്തിയായ പണി സാക്ഷ്യപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തില്‍ സമയത്ത് പേമെന്റ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാനും സാധിക്കും.
എന്നാല്‍, പേമെന്റ് വൈകുന്നതിന് നിയമപരമായ പിഴ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് അല്‍ജെയ്ദ പറഞ്ഞു. ഖത്തരി നിയമത്തില്‍ ഇതിന് ന്യായമായ നഷ്ടപരിഹാര വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വളരെയധികം സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ വിഭാഗത്തില്‍പ്പെട്ട നിര്‍മാണങ്ങള്‍ക്ക് മിനിമം നിരക്ക് നിശ്ചയിക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ബിഡ് നല്‍കുന്നയാള്‍ക്ക് കരാര്‍ ലഭിക്കുന്ന അവസ്ഥയാണുള്ളത്. ഇത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരെ വലിയ നഷ്ടത്തിലാക്കുന്നുണ്ടെന്നും വേതന സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഇക്കാര്യം തടസ്സം സൃഷ്ടിക്കുമെന്നും കുമാര്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss