|    Nov 16 Fri, 2018 7:23 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പുതിയ വഴികള്‍ കണ്ടെത്തിയേ തീരൂ

Published : 24th August 2016 | Posted By: SMR

ടി കെ ഹാരിസ്

ഇപ്പോള്‍ സൗദി കമ്പനിയില്‍ ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ട്. നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കാനും സൗദിയില്‍ തന്നെ മറ്റേതെങ്കിലും കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുമതിയും സൗദി സര്‍ക്കാര്‍ നല്‍കും. തൊഴിലാളികള്‍ക്കു കിട്ടാനുള്ള ശമ്പളക്കുടിശ്ശിക അവര്‍ക്കു ലഭ്യമാക്കാനുള്ള നടപടിയും കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുടിശ്ശിക ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ തൊഴിലാളികള്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോയാലും റിയാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം നേരിട്ടു നടത്തുകയും കുടിശ്ശിക അവര്‍ക്ക് നാട്ടിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം, ഇത്രയും കാര്യങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ കാര്യക്ഷമമായ ഇടപെടലുകളിലൂടെത്തന്നെ കഴിയേണ്ടതാണ് എന്നാണ്. എങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ക്കു കഴിഞ്ഞിട്ടുെണ്ടന്ന വസ്തുത നിഷേധിക്കുന്നില്ല.
കമ്പനികള്‍ പൂട്ടിപ്പോകുന്നതിന് എണ്ണവിലയിടിവു മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി ഇടയാക്കിയിട്ടുണ്ടാകാം. ഇതിനു പുറമെ സ്വദേശിവല്‍ക്കരണം മൂലം ഉളവായ തൊഴില്‍ അനിശ്ചിതത്വം ഗള്‍ഫ് നാടുകളില്‍ നിന്നൊട്ടാകെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തിരിച്ചുവരേണ്ടിവരുന്ന ദുരവസ്ഥ സൃഷ്ടിച്ചിട്ടുമുണ്ട്. സ്വന്തം നാട്ടില്‍ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കേണ്ടിവരുന്ന മലയാളിക്ക് എന്നും ഒരു സ്വപ്‌നമായിരുന്നു ഗള്‍ഫ്. അത് അവന്റെ പ്രതീക്ഷകള്‍ക്കു നിറം പകര്‍ന്നു.
1973നു ശേഷമാണ് വന്‍തോതില്‍ മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു കുടിയേറാന്‍ തുടങ്ങിയത്. കിടപ്പാടവും പൊന്നും പണ്ടവും വിറ്റുപെറുക്കി അവന്‍ അക്കരെ കടന്നു. നാട്ടില്‍ ജീവിതം വഴിമുട്ടുമ്പോള്‍ അവന്റെ ആശാകേന്ദ്രമായി ഗള്‍ഫ് മാറി. എങ്കിലും പിറന്ന മണ്ണില്‍ നിന്നു പറിച്ചുനടപ്പെട്ട പ്രവാസി അപരിചിതവും സങ്കീര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് ജീവിക്കുന്നതെന്ന കാര്യം പലരും അറിയുന്നില്ല. പ്രവാസജീവിതം ഒരു സുഖവാസജീവിതമല്ലതന്നെ.
കുറഞ്ഞ ജനസംഖ്യയും എണ്ണയില്‍ നിന്നുള്ള അതിരറ്റ ആദായവും ഗള്‍ഫ് രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകുറിച്ചു. ഇതാണ് വിദേശ തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കേണ്ടിവന്നത്. എഴുപതുകളില്‍ ക്ഷേമരാഷ്ട്രമായി ഉയര്‍ന്ന ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടു പതിറ്റാണ്ട് കഴിഞ്ഞതോടെ ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങള്‍ ഒന്നൊന്നായി കൈയൊഴിയുന്ന കാഴ്ചയാണ് കണ്ടത്. എണ്ണവില കുത്തനെ ഇടിഞ്ഞത് ഗള്‍ഫ് സഹകരണ സമിതി (ജിസിസി)യില്‍ അംഗങ്ങളായ ആറു രാജ്യങ്ങളെയും തങ്ങളുടെ ഉല്‍പാദനമേഖലകള്‍ വഴിതിരിച്ചുവിടാനും വൈവിധ്യവല്‍ക്കരിക്കാനും നിര്‍ബന്ധിതരാക്കിത്തീര്‍ത്തു. സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും നികുതിവര്‍ധനവും സാമൂഹിക സേവനതുറകളില്‍ പുതുതായി ഫീസ് ചുമത്തലും സബ്‌സിഡി വെട്ടിക്കുറയ്ക്കലും മറ്റുമായി പല കടുത്ത നടപടികള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ തുടക്കം കുറിച്ചിട്ട് വര്‍ഷങ്ങളായി.
അതോടൊപ്പം സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനും അന്താരാഷ്ട്ര നാണയനിധി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി. അതനുസരിച്ച് പദ്ധതിച്ചെലവുകളില്‍ ഗണ്യമായ കുറവു വരുത്തുകയും പുതിയ പദ്ധതികള്‍ പലതും ഉപേക്ഷിക്കുകയും ചെയ്തു. ഐഎംഎഫിന്റെ ഈ ആജ്ഞ അംഗീകരിച്ചതിന്റെ ഭവിഷ്യത്ത് അനേകായിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയതുമാണ്.
ഗള്‍ഫിലെ എണ്ണയുല്‍പാദക കയറ്റുമതി രാജ്യങ്ങള്‍ നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും തങ്ങളുടെ മക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രയാസപ്പെടുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശികളെ ഗണ്യമായി കുറയ്ക്കാനുള്ള പ്രായോഗിക നടപടികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. ഇതുവരെ മന്ദഗതിയിലായിരുന്ന തൊഴില്‍മേഖലയിലെ സ്വദേശിവല്‍ക്കരണം ഗള്‍ഫ് രാജ്യങ്ങളെല്ലാം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശീയരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടുവരാനും തദനുസൃതമായി വിദേശികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും സ്വകാര്യമേഖലാ സ്ഥാപനങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയില്‍ വരുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.
ഗള്‍ഫിലെ ആഭ്യന്തര മനുഷ്യവിഭവശേഷി പൂര്‍ണമായി ഉപയോഗിക്കുന്നതിന് ആവശ്യമായ തൊഴില്‍ പരിശീലന കേന്ദ്രങ്ങളും തൊഴിലധിഷ്ഠിത കോഴ്‌സുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം നേടിക്കൊടുക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് മിക്ക പരിശീലന കേന്ദ്രങ്ങളും.
ഒമാന്‍ നേരത്തെത്തന്നെ വിദേശികളായ  തൊഴിലാളികളെ ഒഴിവാക്കാനുള്ള നടപടികള്‍ എടുത്തിരുന്നു. സ്വകാര്യ കമ്പനികളില്‍ പേഴ്‌സനല്‍ മാനേജര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍ ഒമാനികളെ മാത്രമേ നിയമിക്കുന്നുള്ളൂ. ഇപ്പോള്‍ വിദേശികളായ നഴ്‌സുമാരെയും ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. നൂറോളം മലയാളികളായ നഴ്‌സുമാരെ ഇതിനകം ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.
സൗദിയില്‍ 69 മേഖലകളില്‍ കൂടി നിത്വാഖാത് എന്ന പേരില്‍ സ്വദേശിവല്‍ക്കരണം വരുന്നു. കാര്‍ വ്യാപാരരംഗം ഉള്‍പ്പെടെയുള്ള റീട്ടെയില്‍ വില്‍പനമേഖലയില്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരണം നടപ്പാക്കിത്തുടങ്ങി. മൊബൈല്‍ ഫോണ്‍ രംഗത്ത് നൂറു ശതമാനം സ്വദേശിവല്‍ക്കരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. കാര്‍ ഏജന്‍സി, കാര്‍ ഡീലര്‍ഷിപ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സ്വദേശിവല്‍ക്കരണം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക മലയാളികളെയാണ്.
തൊഴില്‍ തേടി പോകുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നു. കുടിയേറ്റത്തില്‍ നിന്നു കുടിയിറക്കത്തിന്റെ പാതയിലാണ് നാമിപ്പോള്‍. കൂട്ടംകൂട്ടമായ ഒരു തിരിച്ചുവരവ് ഇപ്പോഴോ സമീപഭാവിയിലോ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും. ഇപ്പോള്‍ നേരിയതോതില്‍ തിരിച്ചുവരുന്നവര്‍ തന്നെ കേരളത്തിന്റെ സമ്പദ്ഘടനയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഗള്‍ഫ് പണപ്രവാഹത്തിന്റെ ഒഴുക്ക് മന്ദഗതിയിലായാല്‍ കേരളത്തിന്റെ സമ്പദ്ഘടനയിലും സാമ്പത്തിക മേഖലകളിലും നിര്‍മാണരംഗത്തും ഗതാഗതം, സേവനം, കച്ചവടം തുടങ്ങിയ മേഖലകളിലും വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.
കൂടാതെ മതിയായ സമ്പാദ്യമൊന്നുമില്ലാതെ അവിചാരിതമായി മടങ്ങിവരുന്നവരില്‍ ഭൂരിപക്ഷവും കേരളത്തിലെ തൊഴിലില്ലായ്മാ പ്രശ്‌നം രൂക്ഷവും സങ്കീര്‍ണവുമാക്കും. ഗള്‍ഫില്‍ നിന്നു മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രായോഗികമായ ഒരു പദ്ധതിയും ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ഇതുവരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടില്ല. കേരളത്തിനു പേരിനെങ്കിലും ഒരു പ്രവാസികാര്യ വകുപ്പുണ്ട്. കേന്ദ്രത്തില്‍ ഇപ്പോള്‍ അതുപോലുമില്ല. 2004ല്‍ രൂപം കൊടുത്ത മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് (എംഒഐഎ) ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിര്‍ത്തലാക്കി. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നത് പ്രധാനമായ ഒരു കടമയായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ല എന്നര്‍ഥം.
ഓരോ വിദേശരാജ്യത്തും എത്ര വീതം ഇന്ത്യക്കാര്‍ ഉണ്ടെന്ന  കണക്കു പോലും കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ല. അതുപോലെ എത്ര മലയാളികള്‍ ഓരോ ഗള്‍ഫ് രാജ്യത്തും ജോലി ചെയ്യുന്നുണ്ടെന്ന കൃത്യമായ വിവരം കേരള സര്‍ക്കാരിന്റെ പക്കലുമില്ല. കേരളത്തില്‍ നിന്ന് എത്ര പേര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നുവെന്നോ എത്ര പേര്‍ ജോലി നഷ്ടപ്പെട്ടും അല്ലാതെയും മടങ്ങിവരുന്നുവെന്നോ കേരള സര്‍ക്കാരിന് അറിയില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളുമായും മറ്റു വിദഗ്ധരുമായും കൂടിയാലോചിച്ച് ഒരു ക്രിയാത്മകമായ പുനരധിവാസപദ്ധതി ആവിഷ്‌കരിക്കാന്‍ സമയം വൈകി. ഈ പ്രതിസന്ധിഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കണക്കിലെടുക്കണമെന്നാണ് പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നത്.

(അവസാനിച്ചു)
(കടപ്പാട്: ജനശക്തി, 2016 ആഗസ്ത് 16-31)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss