|    Oct 15 Mon, 2018 2:32 pm
FLASH NEWS

പുതിയ റേഷന്‍കാര്‍ഡുകള്‍ : ജില്ലയില്‍ പരാതി പരിശോധന പൂര്‍ത്തിയായി

Published : 29th January 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയിലെ പുതിയ റേഷന്‍കാര്‍ഡുകളിലെ പരാതികളുടെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. അര്‍ഹതയുണ്ടായിട്ടും സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ 38,767 പരാതികളായിരുന്നു വെരിഫിക്കേഷന്‍ കമ്മിറ്റി മുമ്പാകെ എത്തിയത്. ഇതില്‍ 26,799 പരാതികള്‍ പരിഗണിക്കുകയും 11,868 പരാതികള്‍ നിരാകരിക്കുകയും ചെയ്തു. ജില്ലാ കലക്ടര്‍ മുമ്പാകെ എത്തിയ 940 അപ്പീലുകളില്‍ 718 പരാതികള്‍ സ്വീകരിക്കുകയും 222 എണ്ണം തള്ളുകയും ചെയ്തു. വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി രേഖകള്‍ സര്‍ക്കാരിന് കൈമാറി. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ റേഷന്‍കാര്‍ഡുകള്‍ തയ്യാറാക്കുന്നതില്‍ വന്ന അപാകതകള്‍ പരിഹരിക്കുന്നതിനായുള്ള ആദ്യഘട്ടമാണ് ഇതിനോടകം പൂര്‍ത്തിയായിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി 2016 ഒക്ടോബര്‍ 20 നായിരുന്നു മുന്‍ഗണനാ- മുന്‍ഗണേതര വിഭാഗങ്ങളുടെ പ്രഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ ആകെയുള്ള 1,96,184 റേഷന്‍കാര്‍ഡുകളില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്ന മുന്‍ഗണനാ ലിസ്റ്റില്‍ 50,654 പേരും അന്ത്യോദയാ അന്ന യോജന (എഎവൈ) ലിസ്റ്റില്‍ 46,690 പേരുമാണ് ഉള്‍പ്പെട്ടിരുന്നത്. മുന്‍ഗണേതര വിഭാഗത്തില്‍ 98,840 റേഷന്‍കാര്‍ഡുകളാണുള്ളത്. എന്നാല്‍, പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ നിരവധി പരാതികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നത്. ആദിവാസികളും നിര്‍ധനരുമായ നിരവധി പേര്‍ അര്‍ഹരുടെ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെട്ടപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ അനര്‍ഹരായ നിരവധിപേര്‍ ലിസ്റ്റില്‍ കയറിക്കൂടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വെരിഫിക്കേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പരാതികള്‍ സ്വീകരിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. വെരിഫിക്കേഷന്‍ കമ്മിറ്റി മുമ്പാകെയെത്തിയ 38,767 പരാതികള്‍ തീര്‍പ്പാക്കി ഡാറ്റാ എന്‍ട്രി നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി. വെരിഫിക്കേഷന്‍ കമ്മിറ്റി തള്ളിയ 940 പരാതികളാണ് ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ എത്തിയത്. എന്നാല്‍, പരാതിക്കാര്‍ നല്‍കിയ വിവരപ്രകാരം തയ്യാറാക്കിയ പട്ടകയില്‍ നിന്നും റാങ്കടിസ്ഥാനത്തില്‍ മുന്നിലെത്തുന്നവര്‍ക്കാണ് മുന്‍ഗണനാ പട്ടികയിലുള്‍പ്പെടാന്‍ കഴിയുകയുള്ളൂ. അനര്‍ഹരായ മുഴുവന്‍ പേരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇവരെ ഒഴിവാക്കുന്ന മുറയ്ക്ക് റാങ്കില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് പട്ടികയിലേക്ക് കയറാന്‍ സാധിക്കും. അനര്‍ഹരെ കണ്ടത്തി ഒഴിവാക്കുന്നതിനായി തദ്ദേശഭരണ സമിതികള്‍ വിശേഷാല്‍ യോഗം വിളിച്ചുകൂട്ടി നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശസ്വയംഭണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ റാങ്കിങ് പ്രകാരം മുന്‍ഗണനാ-മുന്‍ഗണനയിതര പട്ടിക തയ്യാറാക്കി പഞ്ചായത്തുകളുടെ അംഗീകാരം നേടിയശേഷമാണ് കേന്ദ്രത്തിലേക്ക് അവസാന പട്ടിക നല്‍കുക. എന്നാല്‍, ഈ പ്രക്രിയകള്‍ ഫെബ്രവരി പത്തിനകം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വരുന്നതോടെ വീണ്ടും റേഷനരി മുടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss